Latest News

പള്ളിയിലേക്ക് പ്രകടനമായി എത്തിയവരെ മുസ്ലിംങ്ങള്‍ ചായകൊടുത്ത് സ്വീകരിച്ചു

യോര്‍ക്ക്: മതസൌഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും ഇസ്ലാമില്‍ ഇടമുണ്ടെന്ന് തെളിയിച്ചു കൊണ്ട് ബ്രിട്ടനിലെ മുസ്ലിംങ്ങള്‍ പ്രഖ്യാപിത ‘ശത്രുക്കളുടെ’ സ്നേഹം പിടിച്ചുപറ്റി. യോര്‍ക്ക് പട്ടണത്തിലെ മുസ്ലിം പള്ളിയിലേക്ക് പ്രതിഷേധവുമായി എത്തിയ തീവ്രവലതുപക്ഷക്കാരെയാണ് പള്ളിയിലുള്ളവര്‍ ചായയും ബിസ്ക്കറ്റും കൊടുത്ത് സ്വീകരിച്ചത്.

ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന മുസ്ലിംവിരുദ്ധ തീവ്ര വലതുപക്ഷ സംഘടനയാണ് യോര്‍ക്കിലെ മുസ്ലിംപള്ളിയിലേക്ക് മാര്‍ച്ച് നയിച്ചത്. കഴിഞ്ഞയാഴ്ച വൂള്‍വിച്ചില്‍ പട്ടാളക്കാരനെ മുസ്ലിംതീവ്രവാദികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

മുസ്ലിംവിരുദ്ധയായി ഖ്യാതിനേടിയ ലീന്നെ സ്റ്റാവന്‍ നയിച്ച ജാഥ പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ അവിടെയൊരു സെന്റ് ജോര്‍ജ് കൊടി കുത്തുകയും ചെയ്തു.

മുദ്രാവാക്യം മുഴക്കലും പ്രസംഗവും കഴിഞ്ഞ ശേഷമാണ് പള്ളിക്കകത്തുനിന്ന് മുസ്ലിംങ്ങള്‍ ഇറങ്ങിവന്ന് പ്രതിഷേധക്കാരെ ചായകുടിക്കാന്‍ ക്ഷണിച്ചത്. ചായയും ബിസ്ക്കറ്റും കഴിച്ച ശേഷം ഇരുകൂട്ടരം സംവാദത്തില്‍ ഏര്‍പ്പെട്ടു. അതുകഴിഞ്ഞ് അല്‍പ നേരം ഫുട്ബാള്‍ കളിച്ചു. എന്നിട്ടാണ് പ്രതിഷേധക്കാരെ മുസ്ലിംങ്ങള്‍ യാത്രയാക്കിയത്.

കുഴപ്പമുണ്ടാക്കാനായല്ല, മറിച്ച് ഭീകരതക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ വേണ്ടിയാണ് പള്ളിയില്‍ എത്തിയതെന്നു് ലീന്നെ മാധ്യമങ്ങളോടു പറഞ്ഞു. ഏതു വിശ്വാസത്തില്‍ പെട്ടവരാണെങ്കിലും ബ്രിട്ടീഷുകാര്‍ ഭീകരവാദത്തെ എതിര്‍ക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് തെളിഞ്ഞതായും അവര്‍ വ്യക്തമാക്കി.

സംവാദത്തിന് ഒരുപാട് സാധ്യതകളുണ്ടെന്ന് യോര്‍ക്ക് യൂണിവാഴ്സിറ്റിയിലെ അദ്ധ്യാപകനായ മുഹമ്മദ് അല്‍ ഗൊമാത്തി പറഞ്ഞു. പ്രതിഷേധക്കാര്‍ മുസ്ലിംങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് വന്നത് എങ്കിലും ഭീകരതയെ കുറിച്ച് രണ്ടുകൂട്ടരും ഒരേ നിലപാടാണ് വെച്ച് പുലര്‍ത്തുന്നതെന്ന് പരസ്പരം സംസാരിച്ചപ്പോള്‍ ഇരുകൂട്ടര്‍ക്കും മനസ്സിലായതായി അദ്ദേഹം പറഞ്ഞു.

ഇസ്ലാം എന്ന തലക്കെട്ടിനു കീഴില്‍ വിവധ കാഴ്ചപ്പാടുകള്‍ക്ക് ഇടമുണ്ടെന്ന് പള്ളിയുടെ പ്രസിഡന്റ് ഇസ്മായില്‍ മിയ വിശദീകരിച്ചു. അവിടെ ജനാധിപത്യ രാഷ്ട്രീയക്കാരുണ്ട്, തീവ്ര വലതുപക്ഷക്കാരുണ്ട്, ഇടതുപക്ഷക്കാരുണ്ട്, മധ്യ നിലപാടുകാരുണ്ട്, എല്ലാവരുമുണ്ട്. രണ്ടാളുകള്‍ ചെയ്ത കുറ്റത്തിന് ഒരു സമുദായത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല- മിയ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.