Latest News

മൊബൈല്‍ ഫോണിനായി കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ വിമുക്ത ഭടനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിമുക്ത ഭടന്‍ കോഴിക്കോട് ചേവരമ്പലം സ്വദേശി കിഴക്കേ ചാക്കാറ്റ് വീട്ടില്‍ ശ്രീകുമാര്‍ (48) ഒരു വര്‍ഷം മുമ്പ് തലക്ക് പരിക്കേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ചേവരമ്പലത്തിനടുത്ത് കോട്ടൂളി സ്വദേശികളായ നമ്പിപറമ്പത്ത് ജിതിന്‍ബാബു (22), കോടഞ്ചേരി വീട്ടില്‍ പ്രവീണ്‍ സൈമണ്‍ എന്ന അപ്പു (22) എന്നിവരെയാണ് മെഡിക്കല്‍ കോളജ് സി.ഐ കെ. ഉല്ലാസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

തൊണ്ടയാട്-മലാപ്പറമ്പ് ബൈപാസില്‍ കുടില്‍തോടിന് സമീപം റോഡില്‍ 2012 മേയ് 13ന് പുലര്‍ച്ചെ അബോധാവസ്ഥയില്‍ കാണപ്പെട്ട ശ്രീകുമാര്‍ മൂന്നു ദിവസത്തിനുശേഷം മെഡി. കോളജ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. നടന്നുപോകുമ്പോള്‍ ഏതോ വാഹനമിടിച്ചതാവുമെന്ന നിഗമനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ശ്രീകുമാറിന്‍െറ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഭാര്യ ഒരു മാസം മുമ്പ് നല്‍കിയ പരാതിയില്‍ മെഡി. കോളജ് സി.ഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ശ്രീകുമാറിന്‍െറ നഷ്ടപ്പെട്ട ഫോണ്‍ ജിതിന്‍ബാബുവില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

ഫുട്ബാള്‍ കളിക്കാരനായ ജിതിന്‍ബാബു, 2012 മേയ് 12ന് സാമൂതിരി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനുശേഷം രാത്രി വൈകി പ്രവീണുമൊത്ത് ബൈക്കില്‍ വീട്ടിലേക്ക് പോകവെ മാവൂര്‍ റോഡില്‍വെച്ച് മുന്‍പരിചയമുള്ള ശ്രീകുമാറിനെ കാണുകയും നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റുകയുമായിരുന്നു.
മാവൂര്‍റോഡിലെ ബാറില്‍നിന്ന് ഇറങ്ങിവന്ന ശ്രീകുമാറിന്‍െറ കൈയില്‍ കണ്ട വിലകൂടിയ നോകിയ c-6 മൊബൈല്‍ഫോണ്‍ കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ബൈപാസില്‍നിന്ന് കുടില്‍തോടിലേക്ക് തിരിയുന്ന ഭാഗത്ത് ശ്രീകുമാറിനെ ഇറക്കി മൊബൈല്‍ ഫോണില്‍ പിടുത്തമിട്ടു. പിടിവലിക്കിടയില്‍ റോഡരികിലെ മൈല്‍കുറ്റിയില്‍ തലയടിച്ച് അബോധാവസ്ഥയിലായ ശ്രീകുമാറിനെ ഉപേക്ഷിച്ച് പ്രതികള്‍ മൊബൈല്‍ ഫോണുമായി കടന്നു.
പിറ്റേന്ന് രാവിലെ സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് ഫ്ളയിങ് സ്ക്വാഡാണ് ശ്രീകുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ഇടക്ക് ബോധം തെളിഞ്ഞപ്പോള്‍ ‘മൊബൈല്‍ ഫോണ്‍ അവര്‍ തട്ടിപ്പറിച്ചെന്ന്’ ഭാര്യയോട് പറഞ്ഞിരുന്നു. ഇക്കാര്യം മെഡി. കോളജ് പൊലീസിനെ അറിയിച്ചെങ്കിലും കാര്യമായെടുത്തില്ല. സ്ഥിരം മദ്യപിക്കുന്ന ശ്രീകുമാര്‍ നടന്നുപോകുമ്പോള്‍ അജ്ഞാതവാഹനം തട്ടി വീഴ്ത്തിയതാവുമെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. 

ഭര്‍ത്താവ് ഫോണിനെക്കുറിച്ച് നല്‍കിയ സൂചന വിവരിച്ച് ഒരുമാസം മുമ്പ് ഭാര്യ മെഡി. കോളജ് സി.ഐക്ക് നേരില്‍ പരാതി നല്‍കി. ഫോണിന്‍െറ ഐ.എം.ഇ.ഐ നമ്പറും ഹാജരാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതേ ഫോണ്‍ ചേവരമ്പലം ഭാഗത്ത് ഉപയോഗിക്കുന്നതായി  കണ്ടെത്തി  സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് ജിതിന്‍ ബാബുവിനെ പിടികൂടിയത്. ഇയാള്‍ നല്‍കിയ മൊഴിയനുസരിച്ച് പ്രവീണിനെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൂടുതല്‍ അന്വേഷണം നടത്തേണ്ടതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറും ഡെപ്യൂട്ടി കമീഷണര്‍ കെ.ബി. വേണുഗോപാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നോര്‍ത് അസി. കമീഷണര്‍ പ്രിന്‍സ് എബ്രഹാമിന്‍െറ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച അന്വേഷണ സംഘത്തില്‍ മെഡി. കോളജ് സി.ഐക്ക് പുറമെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോജ്, രഘുനാഥന്‍, സദാനന്ദന്‍, സജീവന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നഭ്യര്‍ഥിച്ച് അടുത്ത ദിവസം കോടതിയില്‍ ഹരജി നല്‍കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.