Latest News

ലോക കിക്ക് ബോക്‌സര്‍; മലയാളക്കരയ്ക്ക് പുതിയ താരോദയം

കല്‍പ്പറ്റ: മലയാളക്കരയ്ക്ക് അഭിമാനിക്കാന്‍ കായികലോകത്ത് ഒരു താരോദയം. വയനാട് ചുണേ്ടല്‍ പുത്തന്‍വീട്ടില്‍ മിഥുന്‍ജിത് ആണ് കേരളത്തിലേക്ക് ആദ്യമായി കിക്ക് ബോക്‌സിങില്‍ ലോകമെഡലുകള്‍ കൊണ്ടുവന്ന് ശ്രദ്ധേയനാവുന്നത്. 

ക്രൊയേഷ്യയില്‍ നടന്ന കിക്ക് ബോക്‌സിങ് വേള്‍ഡ് കപ്പ് ചാംപ്യന്‍ഷിപ്പില്‍ മിഥുന്‍ജിത് ഇടിച്ചു നേടിയത് ഇരട്ട മെഡലുകളാണ്. ഈ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍നിന്ന് അഞ്ചുപേരാണ് പങ്കെടുത്തത്. രണ്ടിനങ്ങളിലായി വെള്ളിയും വെങ്കലവുമാണ് മിഥുന്‍ നേടിയത്. ഒറ്റ രാത്രികൊണ്ടാണ് ഈ രണ്ടു നേട്ടവും സ്വന്തമാക്കിയതെന്ന പ്രത്യേകതയും ഉണ്ട്. 

ബാല്യം മുതല്‍ കരാത്തെ പരിശീലനം നേടുകയും ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത മിഥുന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കരാത്തെയില്‍നിന്നു കിക്ക് ബോക്‌സിങിലേക്കു വഴിമാറിയ മിഥുനെ ഇന്നു ലോകമറിയുന്നത് ലോക കിക്ക് ബോക്‌സിങ് മല്‍സരത്തില്‍ രണ്ടു മെഡലുകള്‍ സ്വന്തമാക്കിയ വേള്‍ഡ് ചാംപ്യന്‍ എന്ന നിലയിലാണ്. ഈ മെഡലുകള്‍ രാജ്യത്തിനു നേടിക്കൊടുത്ത ആദ്യത്തെ മലയാളി. മിഥുന്‍ മറൈന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. എറണാകുളം യൂറോ ടെക് മറൈന്‍ അക്കാദമിയിലായിരുന്നു പഠനം. കുറച്ചു വര്‍ഷമായി മിഥുനും കുടുംബവും കൊച്ചിയിലെ പാലാരിവട്ടത്താണു താമസം.

12ാമത്തെ വയസ്സില്‍ കരാത്തെ ബ്ലാക്ക്‌ബെല്‍റ്റ് നേടിയ മിഥുന് കരാത്തെ വെറുമൊരു ആയോധന കലയല്ലായിരുന്നു. കരാത്തെയില്‍ ഒരു മിനിറ്റുകൊണ്ട് 310 കിക്കെടുത്തു ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്റര്‍നാഷനല്‍ മല്‍സരങ്ങളിലും വിജയിച്ച മിഥുന്റെ കരാത്തെ സ്‌റ്റൈല്‍ കണ്ട് തായ്‌ലന്‍ഡിലെ ഗോള്‍ഡന്‍ ഗ്ലോറി പരിശീലനം നല്‍കിയിരുന്നു. അന്താരാഷ്ട്ര ട്രെയിനേഴ്‌സായ ബാസ്ബൂണ്‍, കോര്‍ഹര്‍മാസ്, മൈക്ക് തുടങ്ങിയവരുടെ കീഴിലാണ് ഗോള്‍ഡന്‍ ഗ്ലോറി അക്കാദമിയില്‍ പരിശീലനം നേടിയത്. വയനാട്ടിലെ കെനോറിയൊ സ്‌കൂളിലാണ് മിഥുന്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.

കോ-ട്രെയിനറും സുഹൃത്തുമായ ജോഫിന്‍ ലാലിന്റെ കോട്ടയത്തെ പ്രമുഖ ജിമ്മായ ഫോര്‍ തേര്‍ട്ടീന്‍ എം.എം.എയിലാണ് മിഥുന്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പിനായി പരിശീലിച്ചത്. കിക്ക് ബോക്‌സിങ് കരാത്തെയുടെ വികസിത രൂപമാണ്. പ്രതിരോധത്തില്‍ ഊന്നിയുള്ള ഈ കളി ശരീരത്തിന്റെ ശാരീരികശേഷി വികസനത്തിനും സഹായിക്കുന്നു. ഏറെ അപകടസാധ്യതയുള്ള ഈ കളിയിലേക്ക് ആകര്‍ഷിക്കപ്പെട്ട് എത്തിയത് കരാത്തെയോടുള്ള അദമ്യമായ ആഭിമുഖ്യം കൊണ്ടാണെന്നു മിഥുന്‍ വ്യക്തമാക്കി.

യു.എസ്. പൗരനായ റോള്‍ മേസയുടെ 281 കിക്കെന്ന വേള്‍ഡ് റെക്കോഡ് തകര്‍ത്താണ് 2011ല്‍ മിഥുന്‍ ഗിന്നസ്ബുക്കില്‍ കയറിയത്. മൂന്നു മിനിറ്റുകൊണ്ട് 608 എന്ന പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, മിഥുന്‍ ജൂഡോ, റെസ്‌ലിങ് തുടങ്ങിയ വിവിധ കളികളില്‍ പരിശീലനം നേടിയിട്ടുണ്ട്.

തായമ്പക വിദഗ്ധനുമാണ് മിഥുന്‍ജിത്. ഗുരു ഗിരീഷ് പെരുന്തട്ടയുടെ സമര്‍പ്പണവും മാധ്യമപ്രവര്‍ത്തകയായ അമ്മ മേരി ലില്ലിയുടെയും മര്‍ച്ചന്റ് നേവിയില്‍ തേര്‍ഡ് ഓഫിസറായ സഹോദരന്‍ നിതിന്റെയും പ്രോല്‍സാഹനവുമാണ് എല്ലാ വിജയങ്ങളുടെയും പിന്നിലെന്ന് മിഥുന്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.