Latest News

ലാളിത്യത്തിന്റെ പ്രതീകമായ ബാവ മുസ്‌ലിയാര്‍

 

പാണ്ഡിത്യത്തിന്റെ ഗാംഭീര്യവും ലാളിത്യത്തിന്റെ പ്രതീകവുമായി ദീനീ പ്രബോധന മേഖലയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന ഉസ്താദ് ടി.കെ.എം ബാവ മുസ്‌ല്യാരും നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്. കേരളക്കരയിലെ ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭ ദശയോട് ചേര്‍ന്നു നില്‍ക്കുന്ന കാസര്‍കോടിന്റെ ഖാസി സ്ഥാനത്ത് മുപ്പത് വര്‍ഷം ജ്വലിച്ചു നിന്ന ബാവ മുസ്‌ല്യാരുടെ വിയോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വലിയ നഷ്ടമാണ്. ഞങ്ങളുടെ വന്ദ്യപിതാവ് പൂക്കോയ തങ്ങളുമായും ശേഷം സഹോദരന്‍ ശിഹാബ് തങ്ങളുമായും ബാവ മുസ്‌ല്യാര്‍ക്കുള്ള അടുപ്പം കാരണം ഞങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിനും ഏറെ പഴക്കമുണ്ട്. ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിലൂടെയും അല്ലാതെയുമായി നിരന്തരം ആ ബന്ധം ഇപ്പോഴും തുടരുന്നു. കാസര്‍കോട് മാലിക് ദീനാര്‍ ഉറൂസ് പരിപാടിക്ക് എല്ലാ വര്‍ഷവും പങ്കെടുക്കാന്‍ അവസരമുണ്ടാവുക വഴി ആ ബന്ധം കൂടുതലായി.

സ്‌നേഹവും വലിയ ബഹുമാനവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അനുഭവിച്ചവരാണ് നേതാക്കളും അനുയായികളും. ഏതു ചെറിയ പ്രവര്‍ത്തകനോടും വാത്സല്യത്തോടെ മാത്രം പെരുമാറുന്ന ബാവ മുസ്‌ല്യാര്‍ മികച്ച സംഘാടകനും ഉത്തമ പണ്ഡിതനുമായിരുന്നു. ശൈഖുനാ കോട്ടുമല ഉസ്താദിന്റെ പരപ്പനങ്ങാടി ദര്‍സിലെ പ്രമുഖ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു.
1955 കാലഘട്ടത്തില്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ ഉപരിപഠനം നടത്തുന്ന കാലത്ത് ബാവ മുസ്‌ല്യാരും ഉസ്താദ് കെ.കെ. അബ്ദുല്ല മുസ്‌ല്യാര്‍, സി.എച്ച്. ഐദ്രൂസ് മുസ്‌ല്യാര്‍, പി. അബ്ദുല്ല മുസ്‌ല്യാര്‍ മേല്‍മുറി തുടങ്ങി പ്രമുഖ വ്യക്തികളും ചേര്‍ന്ന് രൂപപ്പെട്ട കൂട്ടായ്മ പില്‍ക്കാലത്ത് പ്രാസ്ഥാനിക രംഗത്ത് ഏറെ ഉപകാരപ്രദമായിട്ടുണ്ട്. 1976ല്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തിരൂരങ്ങാടി പ്രദേശത്തുള്ള മഹല്ലുകളുടെ സംയുക്ത സംഗമത്തില്‍ വെച്ച് രൂപീകരിച്ച സുന്നി മഹല്ല് ഫെഡറേഷന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുത്തത് ബാവ മുസ്‌ല്യാരെയായിരുന്നു. പ്രസ്തുത സംഗമം ശൈഖുനാ ശംസുല്‍ ഉലമയാണ് ഉദ്ഘാടനം ചെയ്തത്. എസ്.എം.എഫ് പ്രവര്‍ത്തനം ഇന്നു മഹല്ലു തലങ്ങളിലും പഞ്ചായത്ത് മേഖലാ, ജില്ലാ കമ്മിറ്റി തലത്തിലും സമസ്ത ജനറല്‍ സെക്രട്ടറി പ്രസിഡന്റും ഈ ലേഖകന്‍ ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന തലത്തിലും ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ തുടക്ക കാലത്ത് പ്രഥമ പ്രസിഡന്റ് പദവി അലങ്കരിച്ച ബാവ മുസ്‌ല്യാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല.

ഈയിടെ പുതിയ വീട് നിര്‍മിച്ച സമയത്ത് പ്രത്യേകം വരണമെന്ന് പറഞ്ഞ് എന്നെ ക്ഷണിച്ചിരുന്നു. കാസര്‍കോട് തളങ്കരയിലെ മാലിക് ദീനാര്‍ ഉറൂസിലും വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലും കാസര്‍കോട് ഭാഗത്ത് നടക്കുന്ന പല പരിപാടികളിലുമൊക്കെ ഈയടുത്ത് കൂടുതല്‍ തവണ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു.

സമസ്തയെയും പോഷകഘടകങ്ങളെയും വളരെയധികം ശക്തിപ്പെടുത്താന്‍ ആരോഗ്യം മോശമായ സമയത്തുപോലും അദ്ദേഹം കഠിനാധ്വാനം ചെയ്തു. സമസ്ത നേതാക്കളില്‍ ഏറെ പഴക്കവും പ്രായവുമുള്ള അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്.
2014ല്‍ കാസര്‍കോട് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തെ വലിയ താല്‍പര്യപൂര്‍വമായിരുന്നു അദ്ദേഹം കണ്ടിരുന്നത്. സമ്മേളനത്തിന് മുമ്പു തന്നെ അല്ലാഹു അദ്ദേഹത്തെ തിരിച്ചു വിളിച്ചു. പരലോകത്ത് അദ്ദേഹത്തിന് ഉന്നത പദവി നല്‍കട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍










കടപ്പാട്: ചന്ദ്രിക 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.