Latest News

കുഞ്ഞാലിക്കുട്ടിയുടെ സെക്രട്ടറിയുടെ മരണം അന്വേഷിക്കണം: വി.എസ്

തിരുവനന്തപുരം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി പി.എസ് അബ്ബാസ് സേഠ് ദരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആയുധക്കടത്ത് ഇടപാടില്‍ പ്രതിയാകുമെന്ന ഘട്ടത്തിലായിരുന്നു സേഠിന്റെ മരണം. മുസ്‌ലിം ലീഗ് ഒരു സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ് ആരോപിച്ചു.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന എ. അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതും ദുരൂഹമാണ്. ഇപ്പോള്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം നടക്കുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പാസ്‌പോര്‍ട്ട് തിരുത്തല്‍ സംഭവങ്ങളില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയും കേന്ദ്രമന്ത്രി ഇ. അഹമ്മദും ഇടപെട്ടിട്ടുണ്ടെന്നും വി.എസ്. ആരോപിച്ചു.

ഇതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് മാത്രമായി പ്രത്യേക ഉത്തരവ് നല്‍കുകയായിരുന്നു. റദ്ദാക്കിയ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നായിരുന്നു ഉത്തരവ്. സാധാരണഗതിയില്‍ റദ്ദാക്കിയ പാസ്‌പോര്‍ട്ടിനുപകരം പുതിയ പാസ്‌പോര്‍ട്ടാണു നല്‍കാറ്. ഇന്ത്യന്‍ പൗരന്റെ ആധികാരിക രേഖയായ പാസ്‌പോര്‍ട്ട് റദ്ദാക്കിയത് തിരുത്തുന്നത് എന്തു മാനദണ്ഡം അനുസരിച്ചാണെന്ന് ഇ അഹമ്മദ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍നിന്നും പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ വിദേശത്തേക്ക് അയക്കുന്നവരാണ് ഇതിനു പിന്നിലുള്ളത്. പെണ്‍കടത്തിനു പുറമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളനോട്ട് കടത്തിനും ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചിരിക്കാം. റദ്ദാക്കിയ പാസ്‌പോര്‍ട്ട് തിരികെ നല്‍കുന്നത് രാജ്യദ്രോഹമാണ്. ഇതിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കും താന്‍ കത്തയക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.