Latest News

മാധ്യമപ്രവര്‍ത്തകന് മര്‍ദനം; മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍


തിരുവനന്തപുരം: പൊലീസിന്‍െറ നടുറോഡിലെ ഗുണ്ടായിസം മൊബൈല്‍ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് മര്‍ദനം; ഗ്രേഡ് എസ്.ഐ ഉള്‍പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അന്വേഷിക്കും.സംസ്ഥാന മനുഷ്യാവകാശ കമീഷനും പൊലീസിനോട് വിശദീകരണംതേടി.

കേരള വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ കാട്ടാക്കട സ്വദേശി വിനീഷിനെയാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലും റോഡിലും പൊലീസുകാര്‍ മര്‍ദിച്ചത്. പൊലീസുകാര്‍ നടുറോഡില്‍ സ്വകാര്യബസ് ഡ്രൈവറെ മര്‍ദിക്കുന്നത് മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിന് പ്രതികാരമായായിരുന്നു മര്‍ദനം.
സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് അതിക്രമമുണ്ടായി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇനായത്ത് അലിഖാന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആനന്ദകുട്ടന്‍, ശ്രീകുമാര്‍ എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണറുടെ ചുമതല വഹിക്കുന്ന ഡി.സി.പി ഡോ. ശ്രീനിവാസ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് ഡി.സി.പി വിശദമായി അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി ഷെയ്ഖ് ദര്‍വേശ് സാഹിബ് ഉറപ്പുനല്‍കി. 

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനീഷിനെ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ കനകക്കുന്ന് കൊട്ടാരത്തിന് മുന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു വിനീഷ്. അതുവഴി വന്ന സ്വകാര്യബസ് തടഞ്ഞ് ബൈക്കിലും ജീപ്പിലുമായെത്തിയ പൊലീസുകാര്‍ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ വിനീഷ് പകര്‍ത്തി. മഫ്തിയിലായിരുന്നു പൊലീസുകാരിലേറെയും.
മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നത് കണ്ട് അസഭ്യവര്‍ഷവുമായി പൊലീസുകാര്‍ വിനീഷിന് നേരെ തിരിഞ്ഞു. ഫോണ്‍ തട്ടിപ്പറിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിഷയത്തില്‍ ഇടപെട്ടു. അവരെയെല്ലാം കായികമായി നേരിട്ട് പൊലീസുകാര്‍ നടുറോഡില്‍ വെച്ച് തന്നെ വിനീഷിനെ ക്രൂരമായി മര്‍ദിച്ച് ജീപ്പിലേക്കെറിഞ്ഞു. തുടര്‍ന്ന് കനകനഗറിലെ ഇടവഴിയിലൂടെ മ്യൂസിയം സ്റ്റേഷനിലെത്തിച്ചു. ജീപ്പിനുള്ളിലും സ്റ്റേഷനിലും ക്രൂരമര്‍ദനമാണ് വിനീഷിന് നേരിടേണ്ടിവന്നത്. സ്റ്റേഷനിലെത്തി മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
വിവരമറിഞ്ഞ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മ്യൂസിയം എസ്.ഐ ശിവകുമാര്‍ വിനീഷുമായി സ്റ്റേഷന് പുറത്തേക്ക് വന്നു. ഇതിനിടെ മഫ്തിയിലുണ്ടായിരുന്ന ചില പൊലീസുകാര്‍ വീണ്ടും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ വിനീഷിനെ ക്രൂരമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ചും പൊലീസുകാര്‍ മര്‍ദിച്ചു. തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. കന്‍േറാണ്‍മെന്‍റ് അസി. കമീഷണര്‍ ഹരിദാസ്, ഡി.സി.പി ശ്രീനിവാസ് എന്നിവരുമെത്തി. അവര്‍ക്ക് മുന്നില്‍ സ്റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ വിനീഷിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചുകൊടുത്തു.
ഇതിനുശേഷമാണ് വിനീഷിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍കോളജിലേക്ക് മാറ്റി. 

പൊലീസുകാരില്‍ ചിലര്‍ മദ്യപിച്ചിരുന്നെന്ന ആരോപണവുമുയര്‍ന്നു. സ്റ്റേഷനിലെ ഒമ്പത് പൊലീസുകാരെ ഡി.സി.പിയുടെ സാന്നിധ്യത്തില്‍ പരിശോധനക്കും വിധേയരാക്കി. എന്നാല്‍ ആരും മദ്യപിച്ചിരുന്നില്ലെന്നാണ് വ്യക്തമായത്. വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മഫ്തിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ മര്‍ദിച്ചെന്ന് വ്യക്തമാവുകയും അവരെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

ഇതിനിടെ ഐ.ജി ഷെയ്ഖ് ദര്‍ശേവ് സാഹിബുമെത്തി. അദ്ദേഹവുമായി മാധ്യമപ്രതിനിധികള്‍ ചര്‍ച്ച നടത്തി. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അക്കാര്യങ്ങളെല്ലാം ഡി.സി.പി അന്വേഷിക്കുമെന്നും എത്രയും പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതോടെയാണ് മണിക്കൂറോളം മ്യൂസിയം സ്റ്റേഷന് മുന്നിലെ സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്..


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.