Latest News

മര്‍ക്കസ് നോളജ് സിറ്റി സംസ്ഥാനത്തിന്റെ അഭിമാനം: മുഖ്യമന്ത്രി


താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റി സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നോളജ് സിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയിലെ പദ്ധതി അല്ലെങ്കില്‍ പോലും ഇതിന്റെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്കായതിനാല്‍ പദ്ധതിക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിന് അടിവാരം – കാരശ്ശേരി റോഡിന് മുഖ്യമന്ത്രി അനുമതി നല്‍കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ റോഡ് നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ നീക്കാന്‍ എം എല്‍ എമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് വയനാട്ടിലേക്കുള്ള റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവണ്‍മെന്റിന്റെ പല പദ്ധതികളും നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുറക്കം കുറിക്കുക എന്നത്. എന്നാല്‍ ഇത്രയും വലിയ ഒരു പദ്ധതിക്കാവശ്യമായ പണം സമയബന്ധിതമായി കണ്ടെത്തുകയും 125 ഏക്കര്‍ ഏറ്റെടുത്ത് നിശ്ചിത സമയത്ത് തന്നെ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു എന്നത് അത്ഭുതകരാമാണ്. ഇതിനേക്കാള്‍ വേഗത്തില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
മര്‍കസ് ഡയറക്ടര്‍ ഡോ. എം.എ.എച്ച്. അസ്ഹരി സ്വാഗതം പറഞ്ഞു. മര്‍കസുസ്സഖാഫത്തി സുന്നിയ ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സൈബോലാന്‍ഡിന്‍െറ ശിലാസ്ഥാപനം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. റസിഡന്‍ഷ്യല്‍ ഗാര്‍ഡന്‍െറ ശിലാസ്ഥാപനം മന്ത്രി ആര്യാടന്‍ മുഹമ്മദും സ്പെഷല്‍ സ്കൂളിന്‍െറ ശിലാസ്ഥാപനം മന്ത്രി എം.കെ. മുനീറും നിര്‍വഹിച്ചു.

യൂനാനി മെഡിക്കല്‍ കോളജിന്‍െറ ശിലാസ്ഥാപനം യു.എ.ഇ സര്‍ക്കാറിന്‍െറ പ്രതിനിധി ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ് നിര്‍വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍െറ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞും ഗ്ളോബല്‍ സ്കൂളിന്‍െറ ശിലാസ്ഥാപനം ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലിയും മെഡിക്കല്‍ കോളജ് സ്റ്റുഡന്‍റ്സ് ഹോസ്റ്റലിന്‍െറ ശിലാസ്ഥാപനം ഗള്‍ഫാര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദലിയും നിര്‍വഹിച്ചു. ബ്രോഷര്‍ പ്രകാശനം എം.ഐ. ഷാനവാസ് എം.പി നിര്‍വഹിച്ചു.

എം.കെ. രാഘവന്‍ എം.പി, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, പി.ടി.എ. റഹീം എം.എല്‍.എ, വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ, സി. മോയിന്‍കുട്ടി എം.എല്‍.എ, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി നീര്‍വേലി, വാര്‍ഡ് മെംബര്‍ അബ്ദുറഹ്മാന്‍കുട്ടി, അബ്ദുല്ല കുഞ്ഞി ഹാജി, ഡോ. ഷംസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.പി. അബ്ദുല്‍ കരീം ഹാജി നന്ദിപറഞ്ഞു.
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.