Latest News

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കെട്ടിയിട്ട ശേഷംഒന്നരക്കിലോ സ്വര്‍ണവും 5,78,000 രൂപയും കവര്‍ന്നു


ആറ്റിങ്ങല്‍: ജീവനക്കാരെ കെട്ടിയിട്ട് സ്വകാര്യ പണമിടപാട് സ്ഥാപനം കൊള്ളയടിച്ചു. ആറ്റിങ്ങല്‍ സബ്ട്രഷറിയുടെ എതിര്‍വശം പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫൈനാന്‍സിന്റെ ശാഖയിലാണ്‌കൊള്ള നടന്നത്. ഒന്നരക്കിലോ സ്വര്‍ണവും 5,78,000 രൂപയും നഷ്ടപ്പെട്ടു. ജീവനക്കാരുടെ ആഭരണവും പണവും കൊള്ളക്കാര്‍ പിടിച്ചുപറിച്ചുകൊണ്ടുപോയി. തിരക്ക് പിടിച്ച റോഡിനരികിലെ സ്ഥാപനത്തില്‍ പകല്‍ നേരത്ത് നടന്ന കൊള്ള നഗരത്തെ ഞെട്ടിച്ചു.

ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. രാവിലെ 9 മണിയായപ്പോള്‍ അറ്റന്‍ഡര്‍ ആറ്റിങ്ങല്‍ സ്വദേശി ഓമന (41) യെത്തി സ്ഥാപനം തുറന്നു. ഓഫീസ് തുടച്ചുകൊണ്ടിരിക്കുമ്പോള്‍ കറുത്ത് ഉയരമുള്ള ഒരാളെത്തി എപ്പോഴാണ് എല്ലാവരുമെത്തുന്നതെന്നന്വേഷിച്ചു. ഇവര്‍ മറുപടി പറയാന്‍ ശ്രമിക്കുന്നതിനിടെ വന്നയാള്‍ ഇവരുടെയടുത്തേക്ക് ചെന്നു. റോഡിനഭിമുഖമായുള്ള ഷട്ടര്‍ ഈ സമയത്ത് തുറന്നിരുന്നില്ല. ഓമന ഒച്ചയുണ്ടാക്കാന്‍ ശ്രമിച്ചപ്പോഴേക്കും വന്നയാള്‍ ഇവരുടെ വായ്മൂടി. അപ്പോഴേക്കും മറ്റ് രണ്ട് പേരുകൂടി അകത്തെത്തി. ഇവരുടെ കൈയും കാലും കെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് ഒരു മൂലയ്ക്ക് കൊണ്ടുപോയി ഇട്ടു. ഇവരുടെ മൂന്ന് പവന്റെ മാലയും ഒരു പവന്റെ വളയും പിടിച്ചുപറിച്ചു. പിന്നാലെയെത്തിയ മാനേജര്‍ കൊല്ലം സ്വദേശി സാജനെ (60) പിടികൂടി കൈയും കാലും കെട്ടി കൗണ്ടറിനുള്ളില്‍ നിലത്തിട്ടു. ഇതിനിടെ ക്യാഷ് കൗണ്ടറിന്റെ സമീപത്ത് സ്ഥാപിച്ചിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ഒരാള്‍ മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവച്ചു.

അക്കൗണ്ടന്റായ ആറ്റിങ്ങല്‍ സ്വദേശി മായ (33) എത്തിയപ്പോള്‍ വായ് പൊത്തിപ്പിടിച്ച് അകത്തേക്ക് വലിച്ചിഴച്ചു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അടിച്ചു. കാല്‍ കെട്ടുന്നതിനിടെ ഇവരുടെ മൂന്ന് പവന്റെ കൊലുസ് പൊട്ടിച്ചെടുത്തു. കാഷ്യറായ ആറ്റിങ്ങല്‍ സ്വദേശി ദിവ്യ (33) യാണ് ഒടുവിലെത്തിയത്. ഇവരെ പിടിച്ച് കൈകാലുകള്‍ കെട്ടി മാനേജരുടെ ക്യാബിനുള്ളിലിട്ടു. മായയുടെയും ദിവ്യയുടെയും കൈയിലായിരുന്ന ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയ സംഘം ലോക്കര്‍ തുറക്കുന്ന വിധം മായയോട് തിരക്കി. മായ പറയാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ കഠാരയെടുത്ത് വയറ്റില്‍ ചേര്‍ത്തുവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജീവന് 
ഭീഷണിയായതോടെ തുറക്കുന്ന വിധം കാട്ടിക്കൊടുക്കാന്‍ മായയോട് മാനേജര്‍ ആംഗ്യം കാട്ടി. പറഞ്ഞുകൊടുക്കുമ്പോള്‍ വീണ്ടും ഇവരെ തല്ലി. തുടര്‍ന്ന് ലോക്കര്‍ തുറന്ന് പണവും ആഭരണങ്ങളും എടുത്ത് കൊള്ളക്കാര്‍ ബാഗില്‍ നിറച്ചു. മായയുടെ മാലയും മോതിരവും പിടിച്ചുപറിക്കാന്‍ തുടങ്ങിയപ്പോള്‍ താലിമാലയാണെന്ന് പറഞ്ഞ് കരഞ്ഞതിനാല്‍ വിട്ടു. ഇവരുടെ ബാഗിലുണ്ടായിരുന്ന 2500 രൂപയും ദിവ്യയുടെ ബാഗിലുണ്ടായിരുന്ന 250 രൂപയും കൊള്ളക്കാര്‍ കൊണ്ടുപോയി.

സ്ഥാപനത്തില്‍ 2 കിലോ സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു. ഇതില്‍ 450 ഗ്രാം സ്വര്‍ണം ഉപേക്ഷിച്ചിട്ടാണ് കൊള്ളക്കാര്‍ പോയത്. സുഡാന്‍ എന്ന് ഇംഗ്ലീഷിലെഴുതിയ കറുത്ത ബാഗുമായാണ് ഇവരെത്തിയത്. ബാഗില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചരട് കൊണ്ടാണ് ജീവനക്കാരെ കെട്ടിയിട്ടത്. ആദ്യമെത്തിയ ഒരാള്‍ മാത്രമാണ് മുഖംമൂടി ധരിക്കാതെ കടന്നുവന്നത്. മറ്റുള്ളവര്‍ മുഖംമൂടിയും കൈയുറയും ധരിച്ചിരുന്നു. 9.30 ഓടെ കൊള്ളക്കാര്‍ പോയി.


കവര്‍ച്ചക്കാര്‍ പോയശേഷം മാനേജര്‍ നിരങ്ങിച്ചെന്ന് ഓഫീസിലുണ്ടായിരുന്ന കത്തികൊണ്ട് മായയുടെ കൈകളിലെ കെട്ടറുത്ത് ജീവനക്കാര്‍ പുറത്തെത്തി പറയുമ്പോഴാണ് പുറത്തുള്ളവര്‍ വിവരമറിയുന്നത്. സ്ഥാപനത്തിലെ ക്യാമറയില്‍ കൊള്ളക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

റൂറല്‍ എസ്.പി. തോമസ്‌കുട്ടി, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍. പ്രതാപന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വിരലടയാള വിദഗ്ധര്‍ തെളിവെടുത്തു. സ്ഥാപനത്തില്‍ നിന്ന് മണം പിടിച്ച് ഇറങ്ങി ഓടിയ പോലീസ് നായ ബി.ടി.എസ് റോഡിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിനടുത്തുവരെ പോയി മടങ്ങി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.