Latest News

ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

കോഴിക്കോട്: മുസ്‌ലിം ലീഗുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സി.കെ ഗോവിന്ദന്‍നായരുടെ പഴയ പ്രസ്താവന ഓര്‍ത്തെടുത്തുകൊണ്ടാണ് ചെന്നിത്തല ലീഗിനെതിരെ ആഞ്ഞടിച്ചത്.

ലീഗ് ഭാവിയില്‍ കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് പി.സി.സി അധ്യക്ഷനായിരിക്കെ സി.കെ ഗോവിന്ദന്‍നായര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമായി. ലീഗിന്റെ അനാവശ്യവാദഗതികള്‍ കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞതാണ്. ലീഗുമായി കൂട്ടുകെട്ടുണ്ടാക്കിയവേളയില്‍ മലബാറില്‍ അവര്‍ക്ക് രണ്ടോ മൂന്നോ സീറ്റ് കോടുത്തപ്പോള്‍ തന്നെ സി.കെ.ജി എതിര്‍ത്തിരുന്നു. ഭാവിയില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുമെന്നും പറഞ്ഞു. സി.കെ.ജിയുടെ വാക്കുകളെല്ലാം ഇപ്പോള്‍ അനുഭവപാഠമാകുകയാണ്. കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച സി.കെ ഗോവിന്ദന്‍ നായര്‍ അനുസ്മരണ യോഗത്തിലാണ് ലീഗിനെതിരെ ചെന്നിത്തല രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.

വര്‍ഗീയ ശക്തികളും സാമുദായിക സംഘടനകളുമായുള്ള ബന്ധത്തില്‍ ഒരു ലക്ഷ്മണരേഖ വേണം. അത് ലംഘിച്ചപ്പോഴെല്ലാം കോണ്‍ഗ്രസിന് പ്രശ്‌നമുണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പ്രസംഗത്തില്‍ പറഞ്ഞു.

രമേശ് ചെന്നിത്തല ഇന്നാണ് യഥാര്‍ഥ കെ.പി.സി.സി പ്രസിഡന്റായതെന്ന് തുടര്‍ന്ന് സംസാരിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇന്നത്തെ പ്രസ്താവനയോടെയാണ് രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായതെന്ന് ഞാന്‍ പറയുമെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ആര്യാടന്‍ പറഞ്ഞു. ലീഗുമായി വേദി പങ്കിടരുതെന്ന് കോണ്‍ഗ്രസില്‍ നേരത്തെ തന്നെ നിര്‍ദേശമുണ്ട്. അതിപ്പോള്‍ പാലിക്കുന്നത് താന്‍ മാത്രമാണെന്ന് ആര്യാടന്‍ പറഞ്ഞു.

രമേശിനും ആര്യാടനും പിന്നാലെ യോഗത്തില്‍ സംസാരിച്ച കെ.മുരളീധരനും ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായുള്ള വിലപേശല്‍ ചിലര്‍ തുടങ്ങിക്കഴിഞ്ഞു. ചില ഘടകകക്ഷികള്‍ മുന്നണി വിട്ടുപോകുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. ഇവര്‍ വിട്ടുപോയാല്‍ ചെന്നുകയറാന്‍ വേറെ മുന്നണിയില്ല-മുരളീധരന്‍ പരിഹസിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.