Latest News

എം ആര്‍ മുരളി ഷൊറണൂര്‍ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെച്ചു

ഷൊറണൂര്‍ : സി.പി.എമ്മില്‍നിന്ന് പുറത്തുവന്ന് വിമതസംഘടന രൂപവത്കരിച്ച് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഷൊറണൂര്‍ നഗരസഭാ അധ്യക്ഷനായ ജനകീയ വികസനസമിതി ചെയര്‍മാന്‍ എം.ആര്‍. മുരളി അധ്യക്ഷസ്ഥാനം രാജിവെച്ചു. സി.പി.എമ്മിലേക്ക് മടങ്ങാന്‍ അദ്ദേഹം തയ്യാറെടുക്കുന്നെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് രാജി.

ജനകീയ വികസനസമിതിയുടെ (ജെ.വി.എസ്.) സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. പി.എം. ജയ, കെ. സരള എന്നിവരും രാജി സമര്‍പ്പിച്ചു. ജൂണ്‍ 13 ന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ നീക്കം നഗരസഭയിലെ നിലവിലെ രാഷ്ട്രീയസമവാക്യങ്ങള്‍ക്ക് മാറ്റം കുറിക്കും.

കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയതിനെ തുടര്‍ന്ന് ലഭിച്ച അധികാരപദവികളില്‍ തുടരേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജെ.വി.എസ്. നേതൃയോഗമാണ് തീരുമാനിച്ചത്. സി.പി.എമ്മുമായി യോജിക്കേണ്ട കാര്യങ്ങളില്‍ യോജിക്കും. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിനുശേഷം എട്ട് അംഗങ്ങള്‍ വീതമുള്ള ജെ.വി.എസ്സും കോണ്‍ഗ്രസ്സും ഒത്തുചേര്‍ന്നാണ് അധികാരത്തിലേറിയത്.

എന്നാല്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം കൈമാറണമെന്ന ധാരണ സമിതി തെറ്റിച്ചതില്‍ പ്രതിഷേധിച്ച് ഭരണസഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ മാസം പിന്മാറിയിരുന്നു. തുടര്‍ന്ന്, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവികളും കോണ്‍ഗ്രസ് രാജിവെച്ചു. ധാരണപ്രകാരം കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിച്ചില്ലെന്നായിരുന്നു ജെ.വി.എസ് നിലപാട്.

അതേസമയം, നഗരസഭയിലെ 33 അംഗ കൗണ്‍സിലില്‍ കൂടുതല്‍ അംഗബലമുള്ള പ്രതിപക്ഷനിരയിലെ സി.പി.എം അടുത്തിടെയായി മൃദുസമീപനമാണ് ജെ.വി.എസ്സിനോട് സ്വീകരിക്കുന്നത്. 12 അംഗങ്ങളുള്ള സി.പി.എം., മുരളിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തില്‍നിന്നു വരെ പിന്‍മാറ്റവും നടത്തി. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചശേഷം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും സി.പി.എം. നിലപാട് ജെ.വി.എസ്സിന് അനുകൂലമായിരുന്നു.

വ്യാഴാഴ്ച നടക്കുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും സമിതിയും സഹകരണനിലപാടാകും സ്വീകരിക്കുക. ഇതിന്റെ പ്രതിഫലനമാകും ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.