Latest News

ടോള്‍ പിരിവ് വിരുദ്ധ സമരത്തിനിടെ പരപ്പനങ്ങാടിയില്‍ ലാത്തിച്ചാര്‍ജ്; 14 പേര്‍ക്ക് പരിക്ക്


മലപ്പുറം: ശനിയാഴ്ച പരപ്പനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത റെയില്‍വേ മേല്‍പാലത്തിന് ടോള്‍ പിരിച്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍െറ നടപടിയെ ചെറുക്കാനെത്തിയ സമരസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ആറ് പൊലീസുകാരുള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് റാഫി, പ്രവര്‍ത്തകരായ വിനീഷ്, എം. അനില്‍കുമാര്‍, നജീബ്, ലാലു, ഹനീഷ്, കരീം എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും സാരമായി പരിക്കേറ്റ വില്ലേജ് പ്രസിഡന്‍റ് പ്രദീപ്, ബൈജു എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കല്ലേറില്‍ കണ്ണിന് പരിക്കേറ്റ ദിലീപിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
ജനകീയകര്‍മസമിതി ചെയര്‍മാനും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായ പ്രഫ. ഇ.പി. മുഹമ്മദലിക്ക് സമരം ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പ് ലാത്തിയടിയേറ്റ് തലക്ക് മുറിവേറ്റു. ഇദ്ദേഹത്തെ ഉദ്ഘാടന ശേഷം അഞ്ചപ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പനങ്ങാടി എസ്.ഐ ശശിധരന്‍ കോഡൂര്‍, എസ്.ഐ സണ്ണി ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനില്‍രാജ്, പൊലീസ് ക്യാമ്പിലെ ശ്രീജിത്ത്ലാല്‍, സുധീഷ്, അനൂപ് എന്നീ പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു.
ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ, ജനകീയകര്‍മസമിതി പ്രവര്‍ത്തകര്‍ വെവ്വേറെ ടോള്‍ബൂത്ത് പോയന്‍റിലേക്ക് മാര്‍ച്ച് നടത്തി റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ടോള്‍ബൂത്ത് പന്തലിലെ കസേരകള്‍ വലിച്ചെറിഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്. ഇതോടെ കല്ലേറും ലാത്തിച്ചാര്‍ജും ആരംഭിച്ചു.
പൊലീസും സമരസമിതി നേതാക്കളും ഇടപെട്ട് കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകുന്നത് തടഞ്ഞു. 

വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം ടോള്‍ പിരിവ് താല്‍കാലികമായി നിര്‍ത്തിവെച്ചതായി ഡിവൈ.എസ്.പി അറിയിച്ചു. ഇതോടെ സമരക്കാര്‍ സമരം നിര്‍ത്തിവെച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രകടനമായി പിരിഞ്ഞുപോയി. 

12 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും സമരക്കാര്‍ക്കെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.