Latest News

പി.കെ. അഹമ്മദലി മദനി അന്തരിച്ചു

തിരൂരങ്ങാടി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.കെ. അഹമ്മദലി മദനി (78) അന്തരിച്ചു. അറബിഭാഷാ പ്രചാരണത്തിന് ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച ഇദ്ദേഹം മതപ്രബോധന മേഖലയിലും തിളങ്ങി. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷററാണ്. 

1969 മുതല്‍ പത്ത് വര്‍ഷം കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് 1990വരെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അല്‍മനാര്‍, അല്‍ബുഷ്‌റ, സൗത്തുല്‍ ഇത്തിഹാദ് എന്നീ മാഗസിനുകളുടെ പത്രാധിപരായിരുന്നു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡന്റ്, ജാമിഅ സലഫിയ്യ സെക്രട്ടറി, കെ.എന്‍.എം. വിദ്യാഭ്യാസ ബോര്‍ഡ് അംഗം, തിരൂരങ്ങാടി താലൂക്ക് ലൈബ്രറി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. കോഴിക്കോട് ലിവാ ഉല്‍ ഇസ്‌ലാം മസ്ജിദ്, ചെമ്മാട് സലഫി മസ്ജിദ് തുടങ്ങി വിവിധ പള്ളികളില്‍ ഖത്തീബായി സേവനം നടത്തിയിരുന്നു. 

1935 ജൂണ്‍ 16ന് വേങ്ങര വലിയോറ പി.കെ. മുഹമ്മദ് അധികാരിയുടെയും കളപ്പാടന്‍ ബിയ്യക്കുട്ടിയുടെയും മകനായാണ് അഹമ്മദലി മദനി ജനിച്ചത്. അറബി ഭാഷയ്ക്ക് അര്‍ഹമായ പരിഗണന നേടിക്കൊടുക്കാനുള്ള ശ്രമങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു.

മുസ്‌ലിം നവോത്ഥാന നേതാക്കളില്‍ ഒരാളായിരുന്ന എന്‍.വി. അബ്ദുസലാം മൗലവിയുടെ മകള്‍ സൈനബയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് സുഹൈല്‍ (ജിദ്ദ), സുഫ്‌യാന്‍ അബ്ദുള്‍സലാം (റിയാദ്), സലീം അംലാസ് (അധ്യാപകന്‍ മര്‍ക്കസ് ട്രെയിനിങ്ങ് കോളേജ്, ആതവനാട്), ആയിശ, സനിയ്യ, സലീല മറിയം, സമിയ്യ, സല്‍വ, സാജിന. മരുമക്കള്‍ : താപ്പി ഉമ്മര്‍ (ചെമ്മാട്), ഹംസ സുല്ലമി (കാരക്കുന്ന്), ബഷീര്‍ (പുളിക്കല്‍), ആസിഫ, റൈഹാനത്ത്, ഫൗസിയ, പരേതരായ അബ്ദുള്‍ഹമീദ് (പുളിക്കല്‍), അബൂബക്കര്‍ മാളിയേക്കല്‍ (അച്ചനമ്പലം).

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടി, എം.എല്‍.എ.മാരായ എം. ഉമ്മര്‍, എം.പി. അബ്ദുസമദ് സമദാനി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ഖാദര്‍ മൗലവി എന്നിവര്‍ ചെമ്മാട്ടെ വസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വേങ്ങര വലിയോറ മസ്ജിദുല്‍ മുജാഹിദീനില്‍ ഖബറടക്കം നടന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.