Latest News

ലോകത്തെ മുഴുവന്‍ ഇന്‍റര്‍നെറ്റ് വലയത്തിലാക്കാന്‍ ഗൂഗിള്‍ ബലൂണ്‍


ക്രൈസ്റ്റ് ചര്‍ച്ച്: ഭൂമിയില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഒരിടവും ഇനിയുണ്ടാവില്ല. ഇന്റര്‍നെറ്റ് അതികായകന്‍മാരായ ഗൂഗിളാണ് ഇതിനായി ‘ലൂണ്‍’ എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ജെല്ലിഫിഷിനോട് സദൃശ്യമുള്ള ബലൂണുകള്‍ ആകാശത്തേക്ക് വിക്ഷേപിച്ചാണ് ലോകം മുഴുവന്‍ ഓണ്‍ലൈനാക്കാനുള്ള ഗൂഗിളിന്റെ ശ്രമം.പരീക്ഷണമെന്ന നിലയില്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു മുകളില്‍ 20 കിലോമീറ്റര്‍ ഉയരത്തിലാണ് ഗൂഗിള്‍ ബലൂണുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഭൂമിയില്‍ സ്ഥാപിച്ച ആന്റിനകള്‍ വഴിയാണ് ബലൂണിലേക്ക് സിഗ്നല്‍ നല്‍കുക.

18 മാസത്തെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഈ ബലൂണുകള്‍ ഗൂഗിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാറുകള്‍, ഗൂഗിള്‍ ഗ്ലാസ് എന്നീവ നിര്‍മ്മിച്ച ഗൂഗിള്‍ എക്‌സ് ലാബ് തന്നെയാണ് പ്രൊജക്റ്റ് ലൂണിന് പിന്നില്‍.

ഭൂമിയിലെ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാത്ത 4.8 ബില്യണ്‍ ജനങ്ങളും ഇന്റര്‍നെറ്റ് സൗകര്യം ലഭിച്ച 2.2 ബില്യണ്‍ ജനങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനും പ്രകൃതിദുരന്തങ്ങളെക്കുറിച്ച് അറിയാനും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പ്രോജക്ട്‌ലൂണ്‍ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.
നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ പറ്റാത്തത്ര ഉയരത്തിലായിരിക്കും ഈ ബലൂണുകള്‍. ന്യൂയോര്‍ക്ക് നഗരത്തിന്റെ രണ്ടിരട്ടി വരുന്ന പ്രദേശത്ത് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ഓരോ ബലൂണിനും സാധിക്കും. ബലൂണുകള്‍ക്ക് വേണ്ട ഊര്‍ജ്ജം ലഭ്യമാക്കുക അതിന് കീഴെ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലായിരിക്കും. ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം നാല് മണിക്കൂറിനുള്ളില്‍ ലഭ്യമാകും.

പ്രൊജക്റ്റ് ലൂണ്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. നിലവില്‍ ചെലവേറിയ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ ഉപയോഗിച്ചാണ് ലോകമെങ്ങും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. ഗൂഗിളിന്റെ പുതിയ പദ്ധതി വിജയിച്ചാല്‍ ഫൈബര്‍ ഒപ്റ്റിക് കേബിളിന് വേണ്ടി ചെലവഴിക്കുന്ന തുക ഒഴിവാക്കാം. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത ആഫ്രിക്കയിലേയും തെക്ക് കിഴക്കന്‍ ഏഷ്യയിലേയും പ്രദേശങ്ങളിലെ ജനങ്ങളേയും ഓണ്‍ലൈന്‍ ലോകത്തേക്ക് എത്തിക്കാമെന്ന് ഗൂഗിള്‍ പറയുന്നു.

ഗൂഗിള്‍ ബലൂണ്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കണമെങ്കില്‍ യൂസേഴ്‌സിന്റെ കമ്പ്യൂട്ടറുകളില്‍ പ്രത്യേക റിസീവര്‍ ഘടിപ്പിക്കണം. എന്നാല്‍ പുതിയ സൗകര്യത്തിനായി ഉപയോക്താവ് എത്ര തുക മുടക്കണം എന്നത് വ്യക്തമാക്കുന്നില്ലെങ്കിലും ഫൈബര്‍ ഒപ്റ്റിക് കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റിനേക്കാള്‍ ചെലവ് കുറയുമെന്ന ഉറപ്പ് നല്‍കുന്നു.

VIDEO



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.