Latest News

പിഴുതെറിഞ്ഞിട്ടും വിട്ടു പോവാതെ അര്‍ബുദം അഷ്ഹദ്നെയും കൊണ്ടുപോയി

കാസര്‍കോട്: ജീവനെടുക്കാന്‍ വന്ന രോഗത്തെ പിഴുതെറിഞ്ഞെന്ന സന്തോഷം അഷ്ഹദ് റഹ്മാന്റെ മുഖത്ത് കണ്ടിരുന്നു. പുതു ജീവിതത്തിന്റെ പ്രഭാ കിരണങ്ങളും ആ മുഖത്ത് തെളിഞ്ഞിരുന്നു.
പക്ഷെ... അര്‍ബുദ രോഗം വീണ്ടും ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് പടര്‍ന്നു കയറിയപ്പോള്‍ അവന്‍ തളര്‍ന്നുപോയി. എല്ലുകളെ തുളയ്ക്കുന്ന വേദനയോട് മല്ലടിച്ച് അഷ്ഹദ് റഹ്മാന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ചെട്ടുംകുഴിയില്‍ താമസക്കാരനായ തളങ്കര ജദീദ് റോഡ് സ്വദേശി അഷ്ഹദ് റഹ്മാന്‍ ഒരു നാടിന്റെയാകെ ഹൃദയത്തെ പൊള്ളിച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരണത്തത്തിന് കീഴടങ്ങിയത്.
സുമുഖനും പഠനത്തില്‍ തല്‍പരനുമായിരുന്നു ജദീദ് റോഡിലെ പള്ളക്കന്‍ അബ്ദുല്ലകുഞ്ഞിയുടെയും ഫരീദയുടേയും മൂന്ന് മക്കളില്‍ മൂത്തവനായ അഷ്ഹദ് റഹ്മാന്‍.
ചെമനാട് ജമാഅത്ത് ഹൈസ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുമ്പോഴാണ് വലതുകാല്‍ മുട്ടില്‍ വേദന അനുഭവപ്പെട്ടുതുടങ്ങിയത്. നേര്‍ത്ത വേദന പിന്നീട് കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ പറ്റാത്ത തരത്തില്‍ വളരുകയായിരുന്നു.

കാസര്‍കോട്ടെ ഒരു ഡോക്ടറെ ചെന്നുകണ്ടപ്പോള്‍ മംഗലാപുരത്ത് കാണിക്കാനായിരുന്നു ഉപദേശം. അപ്പോഴേക്കും അഷ്ഹദ് റഹ്മാന്‍ തുളയ്ക്കുന്ന വേദനയോട് പൊരുതി എസ്.എസ്.എല്‍.സി പരീക്ഷ എഴുതി വിജയിച്ചിരുന്നു. പ്ലസ് വണ്ണിന് ഇന്ദിരനഗര്‍ കൊര്‍ദോവ കോളേജില്‍ ചേര്‍ന്നു. കൂട്ടുകാര്‍ കാമ്പസ് ജീവിതത്തിന്റെ മധുരം നുകരുമ്പോള്‍ കാല്‍ മുട്ടിനെ വിടാതെ പിടികൂടിയ വേദനയോട് പൊരുതി അഷ്ഹദ് റഹ്മാന്‍ ക്ലാസ് മുറികളില്‍ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു.

വേദന അസഹ്യമായപ്പോഴാണ് മംഗലാപുരത്തെ ഡോക്ടറെ കണ്ടത്. മരണക്കൂട്ടാളിയായ കാന്‍സറിന്റെ സൂചികള്‍ വലതുകാല്‍ മുട്ടില്‍ തറച്ചു കിടപ്പുണ്ടെന്ന സത്യമറിഞ്ഞ് പിതാവ് അബ്ദുല്ല കുഞ്ഞി തളര്‍ന്നു. പക്ഷെ മകനോട് ഇക്കാര്യം പറഞ്ഞില്ല.
അവന്‍ കോളേജ് കാമ്പസിന്റെ നിറങ്ങളിലേക്കോടി. നാള്‍ക്കുനാള്‍ വേദന കൂടിക്കൂടി വന്നു. സഹിക്കാനാവാതെ അവന്‍ നിലവിളിക്കാന്‍ തുടങ്ങി. ഉടന്‍ ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.

മുംബൈയില്‍ ഏറെക്കാലം ജോലിചെയ്ത അബ്ദുല്ലകുഞ്ഞി മംഗലാപുരത്തേക്കാള്‍ മികച്ച ചികില്‍സ മുംബൈയില്‍ കിട്ടുമെന്ന ചിന്തയിലായിരുന്നു. അവിടെ സുഹൃത്ത് ഖാസിലേന്‍ സ്വദേശി മുജീബ് സഹായിയായി എത്തി. മകനേയുമെടുത്ത് അബ്ദുല്ലകുഞ്ഞി മുംബൈയിലെ ഹിന്ദുജ ആസ്പത്രിയിലെത്തി. നിരന്തരമായ പരിശോധനകള്‍. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ. കാല്‍ മുട്ടിന്റെ ഒരു ഭാഗം തന്നെ തുടച്ചുമാറ്റി. കാല് നേര്‍ത്തുനേര്‍ത്തുവരുന്നത് കണ്ട് ഭയന്നുവെങ്കിലും ഡോക്ടര്‍മാര്‍ ധൈര്യം പകര്‍ന്നു. ലക്ഷങ്ങള്‍ ചെലവുള്ള ചികില്‍സ. മകനെ ചികിത്സിക്കാന്‍ വീടുവിറ്റു. മൂന്നുമാസത്തോളം ചികില്‍സ. 20 ലക്ഷം രൂപയോളം ചികില്‍സയ്ക്ക് ചെലവായി.

അസുഖം ഭേദമായി, അവന്‍ പതുക്കെ എണീക്കാന്‍ തുടങ്ങി. ആദ്യം കുറേ നാള്‍ സ്‌ട്രെച്ചറില്‍. പിന്നീട് നടക്കാനും ഓടാനും തുടങ്ങി. അവന്‍ കൂട്ടുകാര്‍ക്കിടയിലേക്ക് മധുരം വിളമ്പുന്ന പുഞ്ചിരിയുമായി എത്തി. മുടങ്ങിപ്പോയ വിദ്യാഭ്യാസ തുടരാന്‍ തീരുമാനിച്ചു.
പക്ഷെ....
തോല്‍പ്പിക്കാനാവില്ലെന്ന ഭാവത്തില്‍ കറുത്തമുഖമണിഞ്ഞ് അര്‍ബുദം വീണ്ടും അഷ്ഹദിനരികിലേക്കെത്തി. ഇത്തവണ അഷ്ഹദിന്റെ നടുവിനാണ് രോഗ ലക്ഷണം കണ്ടത്. മകനെയുമെടുത്ത് അബ്ദുല്ലകുഞ്ഞി വീണ്ടും ആസ്പത്രിയിലേക്കോടി. കീമോതെറാപ്പി അടക്കമുള്ള നീണ്ട ചികില്‍സയുമായിവീണ്ടും കുറേ നാളുകള്‍. വേദന അപ്പോള്‍ അഷ്ഹദിന്റെ സന്തത സഹചാരിയായി മാറിയിരുന്നു. ശരീരത്തില്‍ എല്ലു തുളയ്ക്കുന്ന വേദന പടരുമ്പോഴും അവന്‍ എല്ലാം സഹിച്ച് കണ്ണടച്ചുകിടന്നു. ഇനി ചികില്‍സയൊന്നും വേണ്ടെന്ന് അവന്‍ വാപ്പയോട് കെഞ്ചി.
'എല്ലാവരോടും പറയണം ആരും എന്നെ കാണാന്‍ വരരുതെന്ന്. ഈ വേദന ഞാനൊറ്റയ്ക്ക് സഹിച്ചോളാം.. എന്തിന് എന്നെകണ്ട് മറ്റുള്ളവരും വേദനിക്കണം...'
അഷ്ഹദ് റഹ്മാന്‍ സ്വയം സന്ദര്‍ശകരെ വിലക്കി.

വേനയോട് മല്ലടിച്ച് അവന്‍ തളര്‍ന്നിരുന്നു. വേദന ഇല്ലാത്ത ലോകത്തേക്കുള്ള അവന്റെ കാത്തിരിപ്പ് തിങ്കളാഴ്ച പൂവണിഞ്ഞു. തളങ്കര മാലിക്ദീനാര്‍ പള്ളിയില്‍ ഉച്ചയ്ക്ക് അഷ്ഹദ് റഹ്മാന്റെ മയ്യത്ത് ഖബറടക്കുമ്പോള്‍ ഉറ്റവരും കൂട്ടുകാരുമടക്കം നിരവധി പേര്‍ കണ്ണ് തുടക്കുന്നുണ്ടായിരുന്നു.
(കടപ്പാട്: ഉത്തരദേശം)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, chettumkuzhi, Obituary,Ashad Rahman Firos, Cordova college, Operation, Manglore, Student

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.