Latest News

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥത കാണിക്കണം: ചെര്‍ക്കളം അബ്ദുള്ള


കാസര്‍കോട്: നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പച്ചപ്പിനെയും ഇല്ലാതായി കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെയും ഓര്‍മ്മിപ്പിച്ച് കൊണ്ട് പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥ കാണിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ആവശ്യപ്പെട്ടു. 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തളങ്കര ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്ത് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ആര്‍ത്തിപിടിച്ച ഇടപെടല്‍ മൂലം ഒട്ടനവധി ജീവജാലങ്ങള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ നാം ഒന്നിച്ച് നീങ്ങിയില്ലെങ്കില്‍ ഭൂമിയില്‍ നമുക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഭാവിയിലുണ്ടാകും. സര്‍വനാശത്തിന്റെ പ്രകമ്പനം മുഴങ്ങുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ഇവയുണ്ടാക്കുന്ന മനുഷ്യര്‍ തന്നെ ചിന്തിക്കണം. നാളെയുടെ ജീവിതത്തിലേക്ക് പലതും ലഭ്യമാക്കാനുള്ള ശ്രമം നടത്തേണ്ടിയിരിക്കുന്നു. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കാന്‍ തയ്യാറാവണം. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാനുള്ള ശ്രമം നടത്തണം. മണ്ണും വെള്ളവും സംരക്ഷിക്കാനുള്ള പ്രതിജ്ഞയെടുത്ത് മുന്നോട്ട് നീങ്ങണമന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.സുധീര്‍കുമാര്‍, ഹാഷിം അരിയില്‍ ക്ലാസെടുത്തു. ഹമീദലി ഷംനാട്, മുസ്‌ലിം ലീഗ് ജില്ല ഭാരവാഹികളായ എ.ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.ഇ.എ ബക്കര്‍, എം.അബ്ദുല്ല മുഗു, എ.ജി.സി ബഷീര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.