Latest News

കുട്ടികളെ ഉപയോഗിച്ചു വാഹനമോഷണം; ഉദുമ സ്വദേശികള്‍ പിടിയില്‍

വെള്ളരിക്കുണ്ട്: മോഷ്ടിച്ച ബൈക്കില്‍ മോഷണത്തിനു പോവുകയായിരുന്ന യുവാവും രണ്ടു കൗമാരക്കാരും പിടിയില്‍. അമ്പതിലേറെ ബൈക്കുകള്‍ മോഷ്ടിച്ച കുപ്രസിദ്ധ വാഹനമോഷ്ടാവ് ഫൗസിയ റഫീഖ് എന്ന പേരിലറിയപ്പെടുന്ന ഉദുമ പാലക്കുന്നിലെ അബ്ദുള്‍ റഫീഖി(35)നെയും സംഘത്തിലെ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയുമാണു വെള്ളരിക്കുണ്ട് സിഐ എം.വി. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എടത്തോട് വാഹനപരിശോധന നടത്തുകയായിരുന്ന സിഐയും സംഘവുമാണു നമ്പറില്ലാത്ത ബൈക്കില്‍ വരികെയായിരുന്ന അബ്ദുള്‍റഫീഖിനേയും സംഘത്തെയും പിടികൂടിയത്. ഇയാളോടൊപ്പം കവര്‍ച്ചയില്‍ പങ്കാളികളായ പ്രായപൂര്‍ത്തിയാവാത്ത ഉദുമ പാലക്കുന്നിലെ രണ്ടു പേരും പിടിയിലായിട്ടുണ്ട്. ഈ കുട്ടികളെ ഉപയോഗിച്ചാണ് അബ്ദുള്‍ റഫീഖ് മോഷണം നടത്തിയിരുന്നത്. മണല്‍ കടത്തുന്ന വാഹനങ്ങള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്നതിനാണു മോഷ്ടിച്ച ബൈക്കുകള്‍ ഉപയോഗിച്ചിരുന്നത്.

ബൈക്കുകള്‍ 5,000 മുതല്‍ 25,000 രൂപയ്ക്കാണു വില്പന നടത്തിയിരുന്നത്. ബൈക്കുകളുടെ രേഖകള്‍ പിന്നീടു നല്‍കാമെന്നു പറഞ്ഞാണു മോഷ്ടിച്ച ബൈക്കുകളേറെയും കൈമാറിയിരുന്നത്. തങ്ങള്‍ പണം കൊടുത്തു വാങ്ങിയതു മോഷ്ടിച്ച ബൈക്കുകളാണെന്നു പലരും അറിഞ്ഞിരുന്നില്ല. ഇരുപതോളം ബൈക്കുകള്‍ പ്രതി നല്‍കിയ വിവരത്തേത്തുടര്‍ന്നു പോലീസ് കസ്റ്റഡിയിലെടുത്തു.

അമ്പതിലേറെ ബൈക്കുകള്‍ സംഘം മോഷ്ടിച്ചതായി പോലീസ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നു മോഷ്ടിച്ച ബൈക്കുകള്‍ സംസ്ഥാനത്തിനു പുറത്തും വില്പന നടത്തിയതായി ചോദ്യം ചെയ്യലില്‍ അബ്ദുള്‍റഫീഖ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. 

കുട്ടികളാണു ബൈക്കുകള്‍ ഏറെയും മോഷ്ടിച്ചിരുന്നത്. ഓരോ ബൈക്കിനും തുച്ഛമായ പ്രതിഫലമാണ് ഇവര്‍ക്കു നല്കിയിരുന്നത്. കുട്ടികളെ ഉപയോഗിച്ചുള്ള മോഷണമായതിനാല്‍ അതീവ ഗൗരവത്തോടെയാണു പോലീസ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അബ്ദുള്‍ റഫീഖും സംഘവും മോഷ്ടിച്ചുവില്പന നടത്തിയ ബൈക്കുകള്‍ കണ്ടെടുക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ റഫീഖിനെ റിമാന്‍ഡ് ചെയ്തു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.