Latest News

ജയിലനുഭവങ്ങളുമായി മഅദനിയുടെ പുസ്തകം പുറത്തിറങ്ങി

മലപ്പുറം: അന്ധത ഉള്‍പ്പെടെ ശരീരത്തെ ഗ്രസിക്കുന്ന രോഗങ്ങള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കാനും ശിഷ്ട ജീവിതം ദരിദ്രര്‍ക്കും പീഡിതര്‍ക്കും ഉപകരിക്കുന്ന രീതിയിലുള്ള സാമൂഹിക സേവനത്തിനു മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടും നിരപരാധിത്വം തെളിഞ്ഞു ഒരു ജയില്‍ മോചനവം ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നതായി മഅദനി. ജയിലിലെ റംസാന്‍ അനുഭവങ്ങള്‍ പങ്കുവെച്ച് മഅദനി എഴുതിയ 'തടവറയില്‍ നിന്ന് ഒരു റമളാന്‍ എന്ന സന്ദേശം' എന്ന പുതിയ പുസ്തകത്തിലാണു കാര്യങ്ങള്‍ പറയുന്നത്.

പരപ്പന അഗ്രഹാര ജയിലില്‍ റമദാന്‍ മാസത്തിലും ഏല്‍ക്കേണ്ടിവന്ന കൊടും പീഡനങ്ങള്‍ മഅദനി പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. റമദാനിലെ ജയില്‍ വാസം അതുല്യമായ അനുഗ്രഹമായിട്ടാണു ഞാന്‍ കരുതുന്നത്. എന്റെ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ ഹൈക്കോടതിയുടെ പരിഗണനയിലുണെ്ടങ്കിലും അനുഗ്രഹത്തിന്റെ വസന്തമായ റംസാനില്‍ ജയിലില്‍ തന്നെ ആയിരിക്കണമെന്നാണു മനസ്സിന്റെ ആഗ്രഹമെന്നും മഅദനി പറയുന്നു.

'ഇതിനകം 13 വര്‍ഷമാണു ജയിലില്‍ കഴിഞ്ഞത്. ജയിലിലെ തിക്താനുഭവങ്ങള്‍ ഏല്‍ക്കാനുള്ള ഇഛാശക്തി എനിക്കുണ്ട്. എന്റെ ഏതെങ്കിലും പ്രവൃത്തിയോ മൊഴിയോ കാരണം ഒരാളും ഇന്നേവരെ ജയിലില്‍ കിടന്നിട്ടില്ല' മഅദനി പറയുന്നു. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ ഒരു കുപ്പി മിനറല്‍ വാട്ടര്‍ പോലിസുകാര്‍ വാങ്ങിച്ചുതന്നു. അതായിരുന്നു എന്റെ നോമ്പ്തുറ. ആദ്യ ദിവസങ്ങളില്‍ ജയിലില്‍ എനിക്ക് സഹായി ഉണ്ടായിരുന്നില്ല. ഒത്തിരി ആവശ്യപ്പെട്ടപ്പോള്‍ ശേഖര്‍ എന്ന തമിഴനെ സഹായി ആയി നിയമിച്ചു. ഏഴ് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞിട്ടും 3000 രൂപ പിഴ അടക്കാന്‍ കഴിയാത്തതിനാല്‍ വീണ്ടും ജയിലില്‍ തന്നെ കഴിയുകയായിരുന്നു അയാള്‍. ഒടുവില്‍ ഞാനയാളുടെ പിഴ അടക്കുകയും അാള്‍ മോചിതനാവുകയും ചെയ്തു. പിന്നീട് സഹായി ആയി വന്നത് മംഗലാപുരം സ്വദേശിയായ ഇബ്രാഹിമിനെയായിരുന്നു. 25000 രൂപ ഫൈന്‍ അടക്കാന്‍ കഴിയാത്തതിനാലാണു ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും അയാള്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. അയാള്‍ക്കും പിഴ അടക്കാനുള്ള പണം ഞാന്‍ എത്തിച്ചു കൊടുത്തു. അയാള്‍ മോചിതനായി. ഇപ്പോള്‍ എനിക്ക് സഹായികളായി ഉള്ളത് എന്നെ കുടുക്കിയ അതേ കേസ് തന്നെ ചുമത്തിയ നിരപരാധികളായ കണ്ണൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷറഫുദ്ദീനും സഹോദരന്‍ മനാഫുമാണ്- പുസ്തകത്തില്‍ മഅദനി പറയുന്നു.

ജീവകാരുണ്യം മനുഷ്യാവകാശം തുടങ്ങിയ ലക്ഷ്യങ്ങള്‍വെച്ച് കഴിഞ്ഞ മെയ് മാസത്തില്‍ രൂപീകൃതമായ അല്‍-അന്‍വാര്‍ ജസ്റ്റിസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ)യാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൗജന്യമായാണു പുസ്തകത്തിന്റെ വിതരണം. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ യാചകനായ അപ്പുവും ഭാര്യ സരോജിനിയും ഒരു ദിവസത്തെ വരുമാന നാണയത്തുട്ടുകള്‍ മഅദനിക്ക് അയച്ചു നല്‍കിയതും കണ്ണീരോടെ അതു സ്വീകരിച്ച മഅദനി ആ യാചകര്‍ക്ക് നാണയത്തുട്ടുകളും കൂടെ ആയിരം രൂപയും നല്‍കിയതും പുസ്‌കത്തില്‍ പറയുന്നുണ്ട്.

നിരവധി പ്രഭാഷണങ്ങളും ജനമുന്നേറ്റങ്ങളും നടത്തിയ മഅദനിയെ പറ്റി 'നേരിന്റെ നേര്‍ക്കാഴ്ച', 'എന്തുകൊണ്ട് മഅദനി' തുടങ്ങിയ പല പുസ്തകങ്ങളും പുറത്ത് വന്നിട്ടുണെ്ടങ്കിലും മഅദനി എഴുതുന്ന ഒരു പുസ്തകം ആദ്യമായാണു പുറത്ത് വരുന്നത്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.