Latest News

ശ്രീഹരിയുടെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം തേടി നാട്ടുകാര്‍

കാഞ്ഞങ്ങാട്: ദുരിതങ്ങളുടെയും വേദനകളുടെയും ലോകത്ത് പിറന്ന് അര്‍ബുദമെന്ന മാരക രോഗത്തിന്റെ കരാള ഹസ്തത്തിലമര്‍ന്ന മാവുങ്കാല്‍ വാഴക്കോട്ടെ മരുതിത്തിങ്കാല്‍ സാവിത്രിയുടെ ഇരട്ട മക്കളില്‍ ഒരാളായ ശ്രീഹരിയുടെ ചികിത്സക്ക് വേണ്ടി നാട്ടുകാര്‍ രംഗത്തിറങ്ങി.

പിറവി കൊണ്ടതുമുതല്‍ ശ്രീഹരി രോഗ പീഡയുടെ ദുരിതക്കിടക്കയില്‍ തന്നെയായിരുന്നു. കുറച്ച് ദിവസം മുമ്പ് ശ്രീഹരിക്ക് കഴുത്തിന് ചെറിയൊരു വേദന അനുഭവപ്പെടുകയും തൊട്ടടുത്ത ദിവസം ഈ ഭാഗത്ത് ചെറിയൊരു മുഴയും പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പരിശോധനയില്‍ ശ്രീഹരിയെ അര്‍ബുദമെന്ന മഹാരോഗം കാര്‍ന്നു തിന്നു തുടങ്ങിയതായി തെളിഞ്ഞു.
അരവയര്‍ നിറക്കാന്‍ പാടുപെടുന്ന കുടുംബത്തിന് മുന്നില്‍ ശ്രീഹരി ഒരു ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു. ചികിത്സിക്കാന്‍ എവിടെ നിന്ന് എങ്ങിനെ പണം കണ്ടെത്താനാകുമെന്ന് ആ കുടുംബത്തിന് യാതൊരു ഊഹവുമില്ല. ഇതിനിടയിലാണ് ഈ കുടുംബത്തിന്റെ ദൈന്യത പുറംലോകം അറിഞ്ഞത്.
ശ്രീഹരിയുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് എല്ലാം മറന്ന് നാട്ടുകാര്‍ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം അവര്‍ കോട്ടപ്പാറ എല്‍ പി സ്‌കൂള്‍ വരാന്തയില്‍ ഒത്തു ചേര്‍ന്ന് ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കി.
നാടിന്റെ നാനാഭാഗത്ത് നിന്നും ഊര്‍ജ്ജ സ്വലരായ നൂറോളം ചെറുപ്പക്കാര്‍ യോഗത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീഹരിയെ ചുരുങ്ങിയത് മൂന്നുവര്‍ഷത്തേക്കെങ്കിലും ചികിത്സക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. മജ്ജ മാറ്റി വെക്കുന്നതുള്‍പ്പെടെയുള്ള ചികിത്സക്ക് ഒരു പക്ഷെ ശ്രീഹരിയെ വിധേയമാക്കേണ്ടി വരും. ലക്ഷക്കണക്കിന് രൂപ ചിലവ് വരുമെന്നാണ് കണക്ക്. 

വാര്‍ഡ് മെമ്പര്‍ കെ ശോഭന (ചെയര്‍പേഴ്‌സണ്‍), ശങ്കരന്‍ വാഴക്കോട്(വര്‍ക്കിംങ് ചെയര്‍മാന്‍), ഭാസ്‌കരന്‍ ഏച്ചിക്കാനം, കെ മോഹനന്‍, ടി ചന്ദ്രന്‍(വൈസ് ചെയര്‍മാന്മാര്‍), പി വി കുഞ്ഞിക്കണ്ണന്‍(ജനറല്‍ കണ്‍വീനര്‍), പി അശോകന്‍, സി ബി തമ്പാന്‍, എം ബാബു(കണ്‍വീനര്‍മാര്‍), പി വി കൃഷ്ണന്‍(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി നിലവില്‍ വന്നു. 

ശ്രീഹരിയുടെ സഹോദരന്‍ ശ്രീനാഥും ഭീഷണിയിലാണ്. ശ്രീനാഥിന്റെ രക്തം കഴിഞ്ഞ ദിവസം തലശ്ശേരി റീജിണല്‍ ക്യാന്‍സര്‍ ആശുപത്രിയിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. 

ശ്രീഹരിയുടെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് നാട്ടുകാര്‍.
ചികിത്സാ സഹായസമിതി വിജയാ ബാങ്ക് കോട്ടപ്പാറ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി
അക്കൗണ്ട് നമ്പര്‍ 208601011000552  
ചികിത്സാ സഹായ സമിതിയുമായി 94474 66842, 9496239256 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.