Latest News

ഫേസ്ബുക്ക് കാലത്തെ റമളാന്‍

വാര്‍ത്താവിതരണ രംഗത്ത് ലോകം ഏറെ മുന്നേറിയിട്ടുണ്ട്. മുമ്പ് ഒരു കാര്യമറിയണമെങ്കില്‍ ദിവസങ്ങളും മാസങ്ങളും വേണ്ടിവരുമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യയുടെ തന്നെ ഭാഗമായ ലക്ഷദ്വീപുകാര്‍ മൂന്നു മാസം കഴിഞ്ഞായിരുന്നു മനസ്സിലാക്കിയതത്രെ. മറ്റിടങ്ങളില്‍ സന്തോഷത്തിനു ചിറകുമുളച്ചതും കൊട്ടുംകുരവയുമായി ജനം ആടിത്തിമര്‍ത്തതുമൊന്നും അവര്‍ അറിഞ്ഞതേയില്ല. ഇന്നത്തെകാര്യമോ, തല്‍സമയം ലോകത്തെല്ലാം വാര്‍ത്തകളെത്തുന്നു. പ്രസംഗിക്കുമ്പോള്‍ കുഴഞ്ഞുവീണുമരിക്കുന്നതും വാഹനാപകടത്തില്‍ പെട്ട് പിടഞ്ഞു കൊണ്ടിരിക്കുന്നതും ഏതു കുന്നിലും മൂലയിലും ഇരുന്ന് കാണാനാവുന്നു. അല്ല ആസ്വദിക്കാന്‍ തന്നെയാകുന്നു.

സമൂഹത്തെ ഏറെ സ്വാധീനിച്ച ഒരു പുരോഗതിയാണ് ഇമീഡിയ. ചെറിയ കാല്‍വെപ്പുകളില്‍ തുടങ്ങി നിമിഷാര്‍ധം കൊണ്ട് സന്ദേശം കൈമാറാനുള്ള സംവിധാനമായിരുന്നു ഇമെയില്‍. അവിടെ നിന്ന് ചിത്രങ്ങളും വീഡിയോകളും കൈമാറാമെന്നായപ്പോള്‍ സമൂഹം ഓര്‍ക്കൂട്ടില്‍ കൂടുകൂട്ടി. രംഗംപിന്നെയും മുന്നേറി ഇപ്പോള്‍ ഫേസ്ബുക്കും ട്വിറ്ററുമൊക്കെ ചെറുപ്പക്കാരുടെ ഹൃദയങ്ങള്‍ വാണരുളുന്നു. ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്താ ഉപാധിയായി ഇവ മാറിയത് വളരെ പെട്ടെന്നാണ്. അറേബ്യന്‍ നാടുകളില്‍ നടന്ന മുല്ലപ്പൂ കലാപങ്ങള്‍ക്കും മോഡിയുടെ മോടികൂട്ടിയ പര്‍വ്വതീകരണങ്ങള്‍ക്കുമൊക്കെയും വഴിതെളിച്ചത് ഈ മേഖലകളായിരുന്നു.
ഏതു പുരോഗതിക്കും ഗുണവശം മാത്രമല്ല, തപ്തമായ ഒരു മറുവശം കൂടിയുണ്ടാവും. ആരെയും അപകീര്‍ത്തിപ്പെടുത്തുക, മോര്‍ഫിംഗ് വഴി തലവെട്ടിയും വക്രീകരിച്ചും പീഡിപ്പിക്കുക, ഭീഷണികള്‍ ഇറക്കി പണവും മാനവും തട്ടുക തുടങ്ങിയ നിരവധിപരാക്രമങ്ങളാണ് സൈബര്‍ ലോകത്ത് അരങ്ങേറുന്നത്. അനുബന്ധമായി ചാട്ടവും ഓട്ടവും അവിഹിതഗര്‍ഭവും തകൃതി. എല്ലാം കൂടി ഗുണത്തെ കാതങ്ങള്‍ പിന്‍ വലിക്കുന്ന ധര്‍മച്യുതികള്‍. ഇത് കൊണ്ടാണല്ലോ ഓരോ പോലീസ് സ്റ്റേഷനിലും ഇത്യാതി കുറ്റ കൃത്യങ്ങള്‍ക്കുവേണ്ടിമാത്രം പ്രത്യേക സെല്ലുകള്‍ ഏര്‍പ്പെടുത്തുന്നത്.
യുവതയുടെ ഹരമായിമാറിയ ഫേസ്ബുക്ക് തന്നെയെടുക്കുക. വലിയ സമയനഷ്ടമാണ് ഇതിന്റെ ഒന്നാമത്തെ ഗുണം. ഇതേകുറിച്ച് ബോധമുള്ളവര്‍തന്നെ അതിവേഗം അവസാനിപ്പിക്കാമെന്ന നിശ്ചയത്തോടെയാണ് ആരംഭിക്കുകയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞുമാത്രമാണ് തീരുമാനം പ്രായോഗികമാവുക. അതുവരെയും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ലൈക്കിയും കമന്‍റിയും ചാറ്റിയും പോസ്റ്റിയും മുന്നേറുക തന്നെ! ജീവിതത്തിന്റെ നല്ലൊരു ഭാഗം പെരും കുഴിയിലായത് മിച്ചം.
സിനിമാതാരങ്ങളുടെ തിളങ്ങുന്ന ചിത്രങ്ങള്‍ ആസ്വദിക്കുക, സെക്സ് വീഡിയോകള്‍ കാണുക, പരിഹസിക്കുക, അസത്യങ്ങള്‍ക്ക് പിന്തുണയേകുക, കോമഡികള്‍ക്ക് സമയം കൊല്ലുക, ഗുണരഹിതമല്ലാത്ത സംവാദങ്ങള്‍ ഇതൊക്കെയാണ് ഫേസ്ബുക്ക് വിദഗ്ധരുടെ സ്ഥിരം പരിപാടികളില്‍ പ്രധാനം. ഒന്നുപോലും ഇസ്ലാമികമല്ലാത്തത്; ശരിക്കും ശിക്ഷ ലഭിക്കാവുന്നത്. ഇതിനുവേണ്ടി കന്പ്യൂട്ടറിനുമുമ്പില്‍ ചടഞ്ഞിരിക്കുന്ന, ആരോഗ്യവും സാമൂഹികബന്ധങ്ങളുമില്ലാത്ത തലമുറയായി യുവത പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ നശിപ്പിച്ചുകളയാനുള്ളതാണോ മനുഷ്യജന്‍മം?
ഇത് റമളാന്‍. ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ പാടില്ലാത്ത ശ്രേഷ്ഠമാസം. സമയം ഹനിക്കുന്നതിനപ്പുറം നിരവധി നിഷിദ്ധങ്ങളുടെ കൂട്ടിമുട്ടല്‍ നടക്കുന്ന ഇത്തരം ഉപാധികളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നവനാണു ബുദ്ധിമാന്‍. ഓഫീസ് കന്പ്യൂട്ടര്‍ ഉപയോഗിച്ച് നിരവധിതവണ ഖുര്‍ആന്‍ പാരായണം ചെയ്ത് റമളാന്‍ നേടിയ ഒരാളെ അറിയാം. മൊബൈല്‍ ഉപയോഗിച്ച് യാത്രകളില്‍ പോലും ഖുര്‍ആന്‍ ഓതുന്നവരുണ്ട്ഭാഗ്യവാന്മാര്‍. ശാസ്ത്ര പുരോഗതി ഗുണപ്രദമാക്കുന്നതിനു ഉദാഹരണം. നാം ആരുടെ പക്ഷത്തു നില്‍ക്കണമെന്ന് ആലോചിക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്.

(കടപ്പാട്: സുന്നി വോയ്‌സ്)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.