Latest News

അഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കാസര്‍കോട്ടുകാരും

ഉദുമ: തുര്‍ക്കിയില്‍നിന്ന് മധ്യ ആഫ്രിക്കയിലെ ഗാബണിലുള്ള പോര്‍ട്ട് ജെന്‍റില്‍ തുറമുഖത്തേക്ക് പോവുകയായിരുന്ന ഓയില്‍ കെമിക്കല്‍ ടാങ്കറായ 'എം.ടി. കോട്ടണ്‍' കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി.
രണ്ട് കാസര്‍കോട്ടുകാരടക്കം 24 ഇന്ത്യക്കാരാണ് ഈ കപ്പലിലുള്ളത്. നൈജീരിയന്‍ കടല്‍ക്കൊള്ളക്കാരാണ് റാഞ്ചിയതെന്നാണ് സംശയിക്കുന്നത്. കപ്പല്‍ എവിടേക്കാണ് കൊണ്ടുപോയതെന്നറിയില്ല. റാഞ്ചികള്‍ ഇതുവരെ കപ്പല്‍ ഉടമകളുമായോ മറ്റ് അധികാരികളുമായോ ബന്ധപ്പെട്ടിട്ടില്ല.

പോര്‍ട്ട് ജന്‍റലില്‍നിന്ന് 15 മൈല്‍ അകലെയായി ഗനിയ കടലിടുക്കില്‍ നങ്കൂരമിടാന്‍ കാത്തുനില്ക്കുമ്പോഴാണ് കൊള്ളക്കാര്‍ കപ്പലില്‍ കയറി ജീവനക്കാരെ ബന്ദികളാക്കിയത്. തുര്‍ക്കി കമ്പനിയുടേതാണ് കപ്പല്‍. ജൂലായ് 15നുതന്നെ കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് ഇത് റാഞ്ചിയ വിവരം സ്ഥിരീകരിച്ചത്.

ഇതേത്തുടര്‍ന്ന് കപ്പലിലേക്ക് ജീവനക്കാരെ നല്കിയ മുംബൈയിലെ കമ്പനി അവരുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചു. കാസര്‍കോട് മേല്പറമ്പ് നടക്കാല്‍ തോട്ടത്തില്‍ വീട്ടില്‍ വസന്തകുമാര്‍ (36), ഉദുമ പാലക്കുന്നിലെ കെ.വി. നിലയത്തിലെ പരേതനായ കെ.വി കണ്ണന്റെ മകന്‍ വി.കെ. ബാബു (34) എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇവര്‍ സീമെന്‍ തസ്തികയിലാണ് ജോലിചെയ്യുന്നത്.

''കപ്പല്‍ തട്ടിയെടുത്ത വിവരം കപ്പലുടമകളുമായും അവിടത്തെ നാവിക സേനയുമായും എംബസികളുമായും സംസാരിച്ചിട്ടുണ്ട്. ജീവനക്കാരുടെ ബന്ധുക്കളുമായും ബന്ധപ്പെട്ടു. മോചനപ്പണവുമായി ബന്ധപ്പെട്ട് റാഞ്ചികള്‍ ഇതുവരെ ആരെയും വിളിച്ചിട്ടില്ല'' -വി ഷിപ്പ് ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് വക്താവ് ബസന്ത് പറഞ്ഞു.

ബംഗാള്‍ സ്വദേശിയായ ശിശിര്‍ വഹിയാണ് കപ്പലിന്റെ ക്യാപ്റ്റന്‍. ജൂലായ് 11നാണ് അദ്ദേഹം കപ്പലില്‍ കയറിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി ശിശിര്‍ വീട്ടിലേക്ക് വിളിച്ചതെന്ന് മകള്‍ റിച്ചു പറഞ്ഞു.

ജീവനക്കാരെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഗാബണില്‍ ഇന്ത്യന്‍ എംബസിയില്ലെന്നും അതിനാല്‍ നൈജീരിയന്‍, കോംഗോ എംബസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുകയാണെന്നുമാണ് വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി. കടല്‍ക്കൊള്ളക്കാര്‍ ഏജന്‍റുമാര്‍ വഴിയാണ് കപ്പലുടമകളെ ബന്ധപ്പെടാറെന്നും അതിന് പലപ്പോഴും ഒരാഴ്ചയോളമെടുക്കാറുണ്ടെന്നും പറയപ്പെടുന്നു.

തുര്‍ക്കി സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് നൈജീരിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുമായി സംയോജിത തിരച്ചില്‍ ആരംഭിച്ചതായി വിവരമുണ്ട്.

ഗാബോണില്‍നിന്ന് എണ്ണ ശേഖരിക്കാനെത്തിയതായിരുന്നു കപ്പല്‍ എന്നാണ് വിവരം. ജെന്‍റില്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലുമായുള്ള വാര്‍ത്താവിനിമയ ബന്ധം 24 കിലോമീറ്ററിനുശേഷം വിച്ഛേദിക്കപ്പെട്ടതായി കപ്പല്‍ ഉടമസ്ഥരായ 'ഗെഡന്‍ ലൈന്‍സ്' അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച ആദ്യം ലഭിച്ച സാറ്റലൈറ്റ് വിവരമനുസരിച്ച് നൈജീരിയന്‍ ഭാഗത്തേക്കാണ് കപ്പല്‍ പോയിരുന്നത്. എന്നാല്‍, അവസാനം കിട്ടിയ വിവരമനുസരിച്ച് കപ്പല്‍ ഗതിമാറി ഐവറി കോസ്റ്റ് ഭാഗത്തേക്ക് പോകുന്നതായാണ് സൂചന. ഗയാന തീരത്ത് അടുപ്പിക്കാനിരിക്കെയാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിശേകാര്യമന്ത്രിക്കും പി.കരുണാകരന്‍ എം.പി. ഫാക്‌സ് സന്ദേശമയച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.