കുമളി: ശാരീരികപീഡനത്തെ തുടര്‍ന്ന് അത്യാസന്നനിലയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരന്റെ പിതാവിനെയും രണ്ടാനമ്മയെയും പോലിസ് അറസ്റ്റ് ചെയ്തു. കുമളി ചെങ്കര സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെ മകന്‍ ഷെഫീഖ് (5) ആണ് മരണത്തോടു മല്ലിട്ട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. കുട്ടിയുടെ പിതാവ് ഷെരീഫ് (27), രണ്ടാംഭാര്യ അനീഷ (26) എന്നിവരെയാണു കുമളി പോലിസ് അറസ്റ്റ് ചെയ്തത്.
രണ്ടാനമ്മയുടെ പീഡനം; അഞ്ചു വയസ്സുകാരന്‍ അതീവഗുരുതരാവസ്ഥയില്‍
കുട്ടിയെ കൊല്ലണമെന്ന ലക്ഷ്യത്തോടെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണു കേസെടുത്തിരിക്കുന്നത്. വീണുപരിക്കേറ്റെന്നു പറഞ്ഞ് ഒരാഴ്ച മുമ്പ് ഇവര്‍ ഷെഫീഖുമായി കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയിരുന്നു. കഴിഞ്ഞദിവസം കുട്ടിയെ അബോധാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി വീണു പരിക്കേറ്റിരുന്നുവെന്നാണ് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. പരിശോധനയില്‍ കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റതിന്റെയും മര്‍ദ്ദനമേറ്റതിന്റെയും പാടുകള്‍ കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ വിവരം ജില്ലാ ശിശുക്ഷേമ സമിതിയെ അറിയിച്ചു.
മുമ്പ് വിവാഹമോചനം നേടിയ ഷെരീഫ്, ഷെഫിന്‍, ഷെഫീഖ് എന്നീ കൈക്കുഞ്ഞുങ്ങളുമായാണ് നാലുവര്‍ഷം മുമ്പ് ചെങ്കരയിലെത്തുന്നത്. ഇവിടെ താമസിച്ച് ജോലിചെയ്തുവരുന്നതിനിടെയാണ് ബന്ധുക്കള്‍, ആദ്യവിവാഹത്തില്‍ പെണ്‍കുട്ടിയുള്ള അനീഷയുമായി വിവാഹം നടത്തുന്നത്. കുട്ടികള്‍ തമ്മിലുള്ള കുസൃതികളുടെയും വഴക്കിന്റെയും പേരില്‍ കുടുംബകലഹം പതിവായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ഇരുവരും ആദ്യബന്ധത്തിലുള്ള കുട്ടികളെ മര്‍ദ്ദിക്കുക പതിവായിരുന്നെന്നും ഇവര്‍ പറയുന്നു.
പലപ്പോഴും ചെങ്കര ജമാഅത്ത് കമ്മിറ്റി ഇടപെട്ടു പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നു. കുട്ടികളുടെ പേരിലുള്ള കുടുംബകലഹം ഇല്ലാതാക്കുന്നതിനായി ജമാഅത്ത് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഇരുവരുടെയും ആദ്യബന്ധത്തിലുള്ള മൂന്നു കുട്ടികളേയും മൂവാറ്റുപുഴയിലെ അനാഥാലയത്തിലാക്കാന്‍ തീരുമാനിച്ചു. ഒന്നരമാസം മുമ്പ് മൂന്നു കുട്ടികളെയും മൂവാറ്റുപുഴയില്‍ എത്തിച്ചെങ്കിലും അഞ്ചുവയസ്സുകാരന്‍ ഷെഫീഖിനെ തിരികെ കൊണ്ടുവരുകയായിരുന്നെന്നും ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. ഇതിനുശേഷം ഇവര്‍ കുമളിക്കു സമീപം ഒന്നാംമൈലില്‍ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 അനുസരിച്ചും ഐ.പി.സി. 307 അനുസരിച്ച് കൊലപാതകശ്രമത്തിനുമാണ് കേസെടുത്തിട്ടുള്ളതെന്ന് കുമളി എസ്.ഐ. പയസ് കെ തോമസ് പറഞ്ഞു.
സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ റിപോര്‍ട്ട് പരിശോധിച്ചു തീരുമാനമെടുക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment