Latest News

സി.പി.എം നേതാവ് സി.എച്ച് അശോകന്‍ അന്തരിച്ചു

കോഴിക്കോട്: കേരള എന്‍.ജി.ഒ. യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.എം. ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച്. അശോകന്‍ (61) അന്തരിച്ചു. തിരുവന്തപുരത്ത് ആര്‍.സി.സി.യില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച രാത്രിപതിനൊന്നോടെയായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് കൊയിലാണ്ടി ചൂട്ടപ്പുറത്ത് പരേതരായ ആണ്ടിയുടെയും പാറുവിന്റെയും മകനാണ്.റവന്യൂ വകുപ്പില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. വാണിജ്യ വകുപ്പില്‍ കമേഴ്‌സ്യല്‍ ടാക്‌സ് ഇന്‍സ്‌പെക്ടറായിരിക്കെ 2007 ഏപ്രിലിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 

സോഷ്യലിസ്റ്റ് കുടുംബത്തില്‍ ജനിച്ച അശോകന്‍ ആദ്യകാലത്ത് സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഉടന്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായി. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പിലാണ് ഒഞ്ചിയം ഏരിയ സെക്രട്ടറിയാകുന്നത്.

ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസ്സില്‍ ഒമ്പതാം പ്രതിയായ അശോകന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു. ടി.പി. വധക്കേസിന്റെ വിചാരണയില്‍ അടുത്ത ദിവസം വരെ അശോകന്‍ കോടതി മുമ്പാകെ ഹാജരായിരുന്നു.

സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്മന്റ് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറിയുമായിരുന്നു.

ഭാര്യ: അനിത (പട്ടോളിക്കര യു.പി.എസ്. ഹെഡ്മിസ്ട്രസ്). മക്കള്‍: അനുപമ (കാനഡ), അരുണ്‍, (ബാംഗ്ലൂര്‍). മരുമകന്‍: വിവേക്. സഹോദരങ്ങള്‍: രാഘവന്‍, വിജയന്‍, അച്യുതന്‍, സുശീല, പരേതരായ ബാലന്‍, നാരായണി.

ശനിയാഴ്ച കോഴിക്കോട്ടെത്തിക്കുന്ന മൃതദേഹം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും വടകര നാദാപുരം റോഡിലെ ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസുകളിലും പൊതുദര്‍ശനത്തിന് വെയ്ക്കും.  മകള്‍ കാനഡയില്‍നിന്ന് എത്തിയശേഷമായിരിക്കും ശവസംസ്‌കാരം.

 

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.