Latest News

മഅദനിയുടെ മോചനം ലോക്‌സഭ തെരഞ്ഞെടുപ്പു വരെ വൈകിക്കാന്‍ നീക്കം

ബംഗലരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് കോണ്‍ഗ്രസ് നേതൃത്വം ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെ വൈകിക്കുന്നു. പരിശുദ്ധ റംസാനില്‍ മുസ്‌ലിം സമൂഹം നോമ്പ് ആചരിക്കുമ്പോള്‍ മഅദനിക്കും മോചനമാകുമെന്നായിരുന്നു പ്രതീക്ഷ.

ബി.ജെ.പി ഭരണം അട്ടിമറിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റത് മഅദനിയുടെ മോചനം വേഗത്തിലാക്കുമെന്നും പ്രതീക്ഷ നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഅദനിയുടെ മോചനം ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തും നല്‍കി. മുസ്‌ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും പാണക്കാട് കുടുംബാംഗവുമായ സാദിഖലി ശിഹാബ്തങ്ങളും ഇ.ടി മുഹമ്മദ്ബഷീര്‍ എം.പിയും ജയിലിലെത്തി മഅദനിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെ മഅദനിയുടെ മോചനം ഉടനുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ മഅദനിയെ ഇപ്പോള്‍ പുറത്തുവിടുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചരണായുധമാക്കുമെന്ന ഭയം മൂലം കര്‍ണ്ണാടക സര്‍ക്കാര്‍ പിന്നോട്ടുപോവുകയാണെന്നാണ് ബംഗലരുവില്‍ നിന്നും ലഭിക്കുന്ന സൂചന. 

യദിയൂരപ്പയുമായി ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി തയ്യാറായാല്‍ പ്രതിരോധത്തിലാകുമെന്ന സാഹചര്യം മുന്നില്‍ കണ്ട് വിവാദ വിഷയങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെയും പി.സി.സിയുടെയും തീരുമാനം. ഇക്കാര്യം നേത്യത്വം രഹസ്യമായി കേരളത്തിലെ നേതാക്കളെ അറിയിച്ചതായും പറയപ്പെടുന്നുണ്ട്. 

മഅദനിക്ക് ജാമ്യം നല്‍കിയാല്‍ അത് കേരളത്തിലും കോണ്‍ഗ്രസിനെതിരെ എന്‍.എസ്.എസും ബി.ജെ.പിയും ആയുധമാക്കുമെന്ന ആശങ്ക ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ക്കുമുണ്ടത്രേ. ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ അത് ഇടതുമുന്നണിയെ സഹായിക്കുമെന്നും കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാക്കുമെന്ന ഭീതിയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുമുണ്ടെന്നാണ് അറിയുന്നത്. 

ഇതോടെയാണ് മഅദനിയുടെ മോചന നീക്കം മന്ദഗതിയിലാക്കിയത്. നിലവില്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നാല്‍ മൂന്നു വര്‍ഷമായി വിചാരണത്തടവുകാരനായ വികലാംഗനായ മഅദനിക്ക് ജാമ്യം ലഭിക്കും. പ്രമേഹം മൂര്‍ഛിച്ച മഅദനിക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. വിദഗ്ദ ചികിത്സ ലഭിച്ചില്ലെങ്കില്‍ പൂര്‍ണമായും കാഴ്ച നഷ്ടമാകുമെന്ന മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅദനിയെ ഒമ്പതു വര്‍ഷത്തെ വിചാരണ തടവിനു ശേഷം 2007 ആഗസ്റ്റ് ഒന്നിനാണ് നിരപരാധിയെന്നു കണ്ടു വെറുതെവിട്ടത്. ജയില്‍ മോചിതനായ മഅദനിയെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ 2008ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടക്കുകയായിരുന്നു. 2010 ആഗസ്റ്റ് 17നാണ് മഅദനിയെ അറസ്റ്റു ചെയ്ത് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലടച്ചത്. മഅദനിക്കെതിരെ ദുര്‍ബലമായ സാക്ഷിമൊഴികള്‍ മാത്രമാണുണ്ടായിരുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
ഇത് കര്‍ണാടക പോലീസ് കെട്ടിച്ചമച്ച മൊഴിയാണെന്ന് തെഹല്‍ക്ക ലേഖിക ഷാഹിന റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ഷാഹിനക്കെതിരെ തെളിവുനശിപ്പിക്കലിന് കേസെടുത്ത് പീഢിപ്പിക്കുകയായിരുന്നു കര്‍ണാടക പോലീസ്. മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിനും കര്‍ണാടകയിലെ ഭരണമാറ്റത്തോടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണിപ്പോള്‍ ഇരു സര്‍ക്കാരുകളുടെയും രാഷ്ട്രീയകളിയില്‍ മങ്ങുന്നത്.


Expresskerala
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.