Latest News

വാഹനാപകടമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെയും മക്കളെയും കൊല: ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

മലപ്പുറം: അരീക്കോട് ആലുക്കലില്‍ വാഹനാപകടത്തെ തുടര്‍ന്നു യുവതിയും പിഞ്ചുകുട്ടികളും മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഭര്‍ത്താവ് ഷരീഫ് കുറ്റം സമ്മതിച്ചിട്ടുണ്ട്. വാവൂര്‍ സ്വദേശി കെ കെ ഷരീഫിന്റെ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (5), ഹൈഫ (രണ്ട്) എന്നിവരാണ് ഷരീഫ് ഓടിച്ച ഇരുചക്ര വാഹനത്തോടൊപ്പം വെള്ളക്കെട്ടില്‍ വീണു മരിച്ചത്. ഇവരെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നു ഷരീഫിനെ ചോദ്യംചെയ്തപ്പോള്‍ വ്യക്തമായി.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അപകടത്തില്‍ ദുരൂഹതയുണ്ടെന്നു സാബിറയുടെ കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന് ഷരീഫിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അപകടത്തില്‍ ഷരീഫിന് നിസ്സാരമായ പരിക്കേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു നിയന്ത്രണംവിട്ടു വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നുവെന്നാണു ഷരീഫ് പോലിസിനോട് പറഞ്ഞത്. എന്നാല്‍, ടയറിലെ കാറ്റ് ഒഴിച്ചുവിടുകയായിരുന്നുവെന്നും കണ്ടെത്തി. മണല്‍ത്തൊഴിലാളിയായ ഷരീഫിനു നീന്തലറിയാം. വീട്ടില്‍ കാറുള്ളയാളാണ്. എന്നിട്ടും ബൈക്കുമായി രാത്രി യാത്രയ്ക്കു പോയതില്‍ സംശയമുയര്‍ന്നിരുന്നു. കുടുംബം ഞായറാഴ്ച വൈകീട്ട് ആറിന് വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്നാണു വിവരം. കോഴിക്കോട്ട ്‌നിന്നു വസ്ത്രങ്ങള്‍ വാങ്ങി തിരിച്ചുവരുകയായിരുന്നു. മുക്കം വഴിയാണു വന്നത്. എന്നാല്‍ ഈ വഴി വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. മലപ്പുറം ഡിവൈ.എസ്.പി. പി അഭിലാഷിന്റെ നേതൃത്വത്തിലാണ് ഷരീഫിനെ ചോദ്യംചെയ്തത്.

ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്താന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നതായി പ്രതി സമ്മതിച്ചു. മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. വിവാഹമോചനം നേടിയാല്‍ സ്ത്രീധനമായി ലഭിച്ച 75 പവനും ഒരു ലക്ഷം രൂപയും തിരിച്ചുനല്‍കേണ്ടിവരുമായിരുന്നു.

എടവണ്ണപ്പാറ-അരീക്കോട് റോഡില്‍ പൂങ്കുടി പാലത്തിനു സമീപം ആലുക്കലിലെ മണ്‍കുഴിയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ മുഹമ്മദ് ഷരീഫ് മകള്‍ ഹൈഫയുടെ മൃതദേഹവുമായി അര കിലോമീറ്റര്‍ ദൂരെ ഗഫൂറിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നു മണ്‍കുഴിയില്‍ നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സാബിറയുടെ വീടായ പുളിക്കല്‍ ഒളവത്തൂര്‍ മായക്കര തടത്തില്‍ വീട്ടില്‍ കൊണ്ടുവന്നു. തടത്തില്‍ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകളാണ് സാബിറ. മകള്‍ ഫാത്തിമ ഫിദ വാവൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. മൃതദേഹങ്ങള്‍ മായക്കര ജുമാഅത്ത് പള്ളിയില്‍ ഖബറടക്കി.

സ്കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അമ്മയും രണ്ട് കുട്ടികളും മരിച്ചു 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.