Latest News

പുണ്യമാസം അവസാന പത്തില്‍: ആയിരം മാസത്തിന്റെ പുണ്യം കാത്ത് വിശ്വാസികള്‍

കാസര്‍കോട് : പുണ്യങ്ങള്‍ക്ക് പൂക്കാലമൊരുക്കിയും ആത്മശുദ്ധീകരണത്തിന് വഴിയൊരുക്കിയും സമാഗതമായ വിശുദ്ധ റംസാന്‍ മൂന്നാംപത്തിലേക്ക് പ്രവേശിച്ചു. അനുഗ്രഹത്തിന്റെ ഒന്നാം പത്തും പാപമോചനത്തിന്റെ രണ്ടാം പത്തും കടന്നാണ് നരകമോചനത്തിന്റെയും പ്രാര്‍ഥനാ ഫലപ്രാപ്തിയുടെയും മൂന്നാംപത്തിലേക്ക് റംസാന്‍ പ്രവേശിച്ചത്.

നോമ്പുകാരനെ സംബന്ധിച്ചിടത്തോളം പിന്നിട്ട ഒന്നും രണ്ടും പത്തിനേക്കാള്‍ പ്രബലതയും ശ്രേഷ്ഠതയുമാണ് മൂന്നാംപത്ത് പകര്‍ന്നു നല്‍കുന്നത്. തുടര്‍ന്നുവരുന്ന ഭക്തി നിര്‍ഭരമായ ദിനരാത്രങ്ങളില്‍ ആരാധനയെ പെരുപ്പിച്ചും പള്ളികളില്‍ ഇഅ്്ത്തിക്കാഫ് (ഭജന) ഇരുന്നുമാണ് വിശ്വാസികള്‍ പ്രപഞ്ചനാഥനായ അല്ലാഹുവിന് സര്‍വസ്വവും സമര്‍പ്പണം ചെയ്യുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ-അ) മദീന പള്ളിയില്‍ ഇഅ്ത്തിക്കാഫ് ഇരുന്നതിനെ അനുസ്മരിച്ചാണ് ആരാധനയും അധികരിക്കപ്പെടുന്നത്.

മുസല്‍മാന്റെ ജീവിതത്തിലെ അനുഗ്രഹീത രാത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈലത്തുല്‍ ഖദ്്‌റിനെയാണ് റംസാന്‍ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. ആയിരം മാസങ്ങളിലെ കര്‍മങ്ങളേക്കാള്‍ നന്മയും പുണ്യവും അനുഗ്രഹവും ഒരു രാത്രികൊണ്ട് പ്രദാനം ചെയ്യുന്ന ലൈലത്തുല്‍ ഖദ്‌റിനെ ഏറിയ പങ്കും പ്രതീക്ഷിക്കുന്നത് റംസാന്‍ ഇരുപത്തേഴാം രാവിലാണ്.

ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ അവതരണം നടന്നത് ഇരുപത്തേഴാം രാവിലായതിനാല്‍ അധികരിച്ച ഖുര്‍ആന്‍ പാരായണവും തസ്ബീഹ് നമസ്‌കാരവും പള്ളികളില്‍ നടക്കും. വിശുദ്ധ ഖുര്‍ആനിന്റെ പ്രസക്തി കണക്കിലെടുത്ത് മഹല്ല് കമ്മിറ്റികളുടെയും സംഘടനകളുടേയും നേതൃത്വത്തില്‍ ഖുര്‍ആന്‍ പ്രഭാഷണ സദസുകളും ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ തങ്ങളാലാവും വിധം സഹായിക്കുക എന്ന ഇസ്്‌ലാമിക ലക്ഷ്യബോധം പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് ഇരുപത്തേഴാം രാവിലെ അധികരിച്ച ധാനധര്‍മങ്ങള്‍ (സക്കാത്ത്) നടക്കുന്നത്.

വ്രതാനുഷ്ഠാനങ്ങളിലൂടെ പുതിയ ജീവിത ക്രമീകരണങ്ങളെ സ്വായത്തമാക്കുവാന്‍ ആഹ്വാനമരുളുന്ന റംസാനിലെ വിടവാങ്ങലിനു മുന്നേയുള്ള അവസാനത്തെ വെള്ളിയാഴ്ച പള്ളികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ് നടക്കുക. ജുമുആ നമസ്‌കാരത്തിനുശേഷം പള്ളികളില്‍ ഖത്തീബുമാരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പ്രഭാഷണങ്ങളുമുണ്ടായിരിക്കും. റംസാന്‍ മൂന്നാംപത്ത് ആരംഭിച്ചതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മതസൗഹാര്‍ദ സമ്മേളനങ്ങളും ഇഫ്താര്‍ വിരുന്നുകളും അധികരിക്കാന്‍ തുടങ്ങി. മഹല്ല് കമ്മിറ്റികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ റംസാന്‍ ആശ്വാസ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ramzan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.