Latest News

രക്ഷിതാക്കളില്‍നിന്ന് കുഞ്ഞിനെ നിയമപരമായി സ്വീകരിച്ചതാണെന്ന് ദമ്പതിമാര്‍

കൃഷ്ണയ്യ 
മംഗലാപുരം: മക്കളെ വിറ്റ കേസില്‍ കാസര്‍കോട്ട് ദമ്പതിമാര്‍ അറസ്റ്റിലായ സംഭവത്തിന് മറ്റൊരു വഴിത്തിരിവ്. കുഞ്ഞിനെ പണം കൊടുത്തു വാങ്ങിയതല്ലെന്നും നിയമപരമായി സ്വീകരിച്ചതാണെന്നും അവകാശപ്പെട്ട് കുന്ദാപുരത്തെ ദമ്പതിമാര്‍ രംഗത്തെത്തി. 

ബേലൂരിലെ ചാംതാടി സ്വദേശി കൃഷ്ണയ്യ ആചാരിയും ഭാര്യ ശാന്തയുമാണ് കുഞ്ഞിനെ അച്ഛനമ്മമാരില്‍നിന്ന് നിയമപരമായി സ്വീകരിച്ചതാണെന്നും പണം കൊടുത്തിട്ടില്ലെന്നുമുള്ള വാദവുമായെത്തിയത്. നേരത്തേ കുഞ്ഞിനെ 60,000 രൂപയ്ക്ക് മേല്‍പറഞ്ഞ ദമ്പതിമാര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
കാസര്‍കോട് നെല്ലിക്കുന്ന് സുനാമി ക്വാര്‍ട്ടേഴ്‌സിലെ ആര്‍.രതീഷിനെയും ഭാര്യ പ്രേമയെയുമാണ് രണ്ടു കുഞ്ഞുങ്ങളെ വിറ്റതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നരക്കൊല്ലം മുമ്പ് ഒരു കുഞ്ഞിനെയും ആറുമാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനെയും വിറ്റുവെന്നാണ് കേസ്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞയാഴ്ച തിരിച്ചുലഭിച്ചിരുന്നു. ഒന്നരക്കൊല്ലം മുമ്പ് വിറ്റ കുഞ്ഞിനെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം. രതീഷ് ഇപ്പോള്‍ കാസര്‍കോട് ജയിലിലും ഭാര്യ പ്രേമയും കുഞ്ഞും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമാണുള്ളത്.

മാധ്യമങ്ങളില്‍നിന്നാണ് കുഞ്ഞിനെ വിറ്റതാണെന്ന വാര്‍ത്ത പരന്നതും അത് വിവാദമായതും അറിയുന്നതെന്ന് കൃഷ്ണയ്യ പറയുന്നു. 'കുഞ്ഞിനെ ഞങ്ങള്‍ നിയമപരമായി ദത്തെടുത്തതാണ്.
രതീഷ് 
മംഗലാപുരത്തെ അഡ്വ. ആശാലത വൈ.കമ്മത്ത് മുഖാന്തരമായിരുന്നു നടപടികള്‍. 2013 ഏപ്രില്‍ 27നായിരുന്നു രജിസ്‌ട്രേഷന്‍. സബ് രജിസ്ട്രാര്‍ ഓഫീസില്‍ അതിന്റെ രേഖകളുണ്ട്'- കൃഷ്ണയ്യ പറഞ്ഞു. 'കുഞ്ഞിനെ വിറ്റതാണെന്ന വാര്‍ത്ത കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. 

അങ്കതക്കട്ട സ്വദേശികളായ ഗണേശ് ആചാരിയുടെയും ഉദയ ആചാരിയുടെയും സാന്നിധ്യത്തിലാണ് രജിസ്‌ട്രേഷന്‍ നടന്നത്. അച്ഛനമ്മമാരായ രതീഷും പ്രേമയും രജിസ്റ്ററില്‍ ഒപ്പുവെച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസായ 410 രൂപ മാത്രമാണ് ഞങ്ങള്‍ നല്‍കിയത്'- കൃഷ്ണയ്യ പറഞ്ഞു.

കുഞ്ഞിന്റെ പ്രശ്‌നം വിവാദമായതോടെ കൃഷ്ണയ്യ ആചാരിയും ഭാര്യ ശാന്തയും കഴിഞ്ഞദിവസം
കുന്താപുരം പോലീസ് സ്റ്റേഷനിലെത്തി സഹായമഭ്യര്‍ഥിച്ചു. കുഞ്ഞിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട രേഖകളും അവര്‍ സമര്‍പ്പിച്ചു. എല്ലാ നിയമതടസ്സങ്ങളും പരിഹരിച്ച് സ്വീകരിച്ച കുഞ്ഞാണിതെന്നും ഇപ്പോള്‍ അവന്‍ തങ്ങളുടെ കുഞ്ഞാണെന്നുമായിരുന്നു അവരുടെ വാദം. എട്ടുമാസമാവുമ്പോഴാണ് ദത്തെടുക്കുന്നത്. ഇപ്പോള്‍ കുഞ്ഞിന് രണ്ടുവയസ്സായി. ചേതന്‍ എന്ന് പേരുമിട്ടു.

40 കാരനായ കൃഷ്ണയ്യ വര്‍ഷങ്ങളായി ഹങ്കരക്കട്ടയില്‍ ലോറിയുടെ മരക്കവചങ്ങള്‍ നിര്‍മിച്ചാണ് ജീവിക്കുന്നത്. ഭാര്യക്ക് ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ കുട്ടികളുണ്ടാവില്ലെന്നതിനാലാണ് ദത്തെടുക്കുന്നതിനെപ്പറ്റി ചിന്തിച്ചത്.



Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.