Latest News

മാനവികതയുടെ തകര്‍ച്ചക്ക് കാരണം മൂല്യനിരാസം: അബ്ദുസ്സമദ് സമദാനി


ദുബൈ: ആഗോളതലത്തില്‍ മാനവിക മൂല്യങ്ങള്‍ നേരിടുന്ന കനത്ത ഇടിവാണ് ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളിയെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. ലോകവും മനുഷ്യരും അത്ഭുതകരമായ പുരോഗതിയും വികാസവും കൈവരിക്കുമ്പോഴും മൂല്യനിരാസത്തിന്റെ അതിപ്രസരം കൂടിവരികയാണ്. ഭൗതികതയുടെ കടന്നുകയറ്റം ആധുനിക ജീവിതത്തിന്റെ മുഖമുദ്രയായതോടെ മനുഷ്യന്‍ സമ്പത്തിന്റെ ഇരയും ഉപാധിയും ഉപകരണവുമായിത്തീര്‍ന്നു. സ്ത്രീകളും കുട്ടികളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും അനുഭവിക്കുന്ന ക്രൂരതകളും ചൂഷണങ്ങളും വര്‍ധിക്കുന്നത് ഈ മൂല്യനിരാസത്തിന്റെ ഫലമാണെന്നും സമദാനി കൂട്ടിച്ചേര്‍ത്തു. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രഭാഷണ പരമ്പരയില്‍ 'മാനവികതയുടെ പ്രവാചകന്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സമദാനി.

വിശുദ്ധ പ്രവാചകന്‍ (സ) മാനവരാശിക്ക് നല്‍കിയ സന്ദേശത്തിലും മാതൃകയിലും ഏറ്റവും പ്രകടമായിട്ടുള്ള മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ അനുധാവനം ചെയ്യേണ്ടതുണ്ട്. പവിത്രമായ മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബത്തെയും സമൂഹത്തെയും ലോകത്തെ തന്നെയും സ്വാസ്ഥ്യത്തിലും സമാധാനത്തിലും നിലനിര്‍ത്താന്‍ ആവശ്യമായ മൂല്യബോധമാണ് പ്രവാചക പുംഗരന്‍ പ്രദാനം ചെയ്തത്. ജീവനെ ആദരിക്കാനും മനുഷ്യനെ സ്‌നേഹിക്കാനും പഠിപ്പിച്ച മഹാന്‍ വംശവെറിയും വര്‍ഗീയ ചേരിതിരിവുകളും ഇല്ലാതാക്കി. ആത്മീയവും ഭൗതികവുമായ എല്ലാ തീവ്ര, ഭീകരവാദങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ മനുഷ്യരുടെ ഏകത്വവും സമത്വവും ഇനിയും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ട്. അതിനായി എല്ലാ മത, സമുദായ വിഭാഗങ്ങളില്‍പെട്ടവരും വിവിധ സംസ്‌കാരങ്ങള്‍ ഉള്‍കൊള്ളുന്ന ജനതകളും കൂട്ടായ്മയുടെ വേദി പടുത്തുയര്‍ത്തേണ്ടതുണ്ട്.മനുഷ്യന്റെ അറ്റമില്ലാത്ത ആര്‍ത്തി അവന്‍ പാര്‍ക്കുന്ന പരിസരത്തെ പോലും വിഷലിപ്തമാക്കികഴിഞ്ഞു.

പരിസ്ഥിതി നിലനിര്‍ത്തേണ്ടതാണെന്നുള്ള ബോധം തീരെ ഇല്ലാതായിരിക്കുന്നു. സര്‍വ്വശക്തന്‍ കനിഞ്ഞരുളിയ സന്തുലിതമായ ചുറ്റുപാടിനെ നമ്മള്‍ അസന്തുലിതമായി നശിപ്പിക്കുന്നു. അതോടൊപ്പം ദാരിദ്ര്യവും രോഗവും കൊണ്ട് വലിയൊരു വിഭാഗം കഷ്ടപ്പടുമ്പോഴും ചില സമ്പന്നരുടെ ആര്‍ഭാടത്തിന് ഒരു കുറവും ഇല്ല. കുറ്റകരമായ ഈ ആര്‍ഭാട നിര്‍ഭരതയും അന്യായമായ ദുര്‍വ്യയവും നിയന്ത്രിച്ചാല്‍ തന്നെ അവശരുടെ ദൈന്യതകള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ലാളിത്യത്തില്‍ ജീവിതത്തിന്റെ മഹത്വം ദര്‍ശിക്കുകയും അത് സ്വന്തം ജീവിതത്തിലൂടെയും അധ്യാപനത്തിലൂടെയും അനശ്വരമായ മാതൃകയാക്കി ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്ത വിശുദ്ധ പ്രവാചകന്‍ (സ) ന്റെ അനുകമ്പാ സന്ദേശം ഇന്ന് ഏറ്റവും അന്വര്‍ത്ഥമായിത്തീര്‍ന്നിരിക്കുന്നതായും സമദാനി പറഞ്ഞു.ഇത്രയും പറയുമ്പോള്‍ ഈ മരുനഗരത്തെക്കുറിച്ചും ഈ മണ്ണിന്റെ ഔദാര്യവും സാഹോദര്യവും കേരളത്തിന്റെയും മലയാളി സമൂഹത്തിന്റെയും വികാസപരിണാമങ്ങളില്‍ വഹിച്ച അതിശയകരമായ പങ്ക് വിസ്മരിക്കാനാവില്ല.

ആധുനിക കേരളത്തിന്റെ നിര്‍മാണത്തില്‍ പ്രവാസികളുടെ പങ്കും അനിഷേധ്യമാണ്. ഒരു ഭാഗത്ത് പ്രവാസികളുടെ കഠിനാധ്വാനവും മറുവശത്ത് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെയും ജനങ്ങളുടെയും ആതിഥ്യവുമാണ് ഈ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായകമായത്. ഇന്ത്യന്‍ ജനതയുടെ ഐക്യത്തിന്റെയും ഉന്നതമായ സാംസ്‌കാരിക ബോധത്തിന്റെയും പ്രതിനിധികളായിട്ടാണ് ഭാരതീയരായ പ്രവാസികള്‍ ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനായത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനവും മഹിമയും വര്‍ധിച്ചു വരികയാണ്. വിവിധ മേഖലകളില്‍ പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലേക്ക് വരും കാലത്ത് ലോകത്തിന്റെ കൂടുതല്‍ ശ്രദ്ധ പതിയും. വിശ്വോത്തരമായ ഇന്ത്യയുടെ ഔന്ന്യത്വത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധികളാണ് പ്രവാസികള്‍. അറബ് ലോകവുമായുള്ള ഇന്ത്യക്കാരുടെ ബന്ധം പഴക്കം ചെന്നതും അങ്ങേയറ്റം സൗഹൃദപൂര്‍ണവുമാണ്. ചരിത്രത്തില്‍ ഒരു കാലത്തും അതിന് പോറലേറ്റിട്ടില്ല. അത്ര സുദൃഢമായ ബന്ധം ലോക ഘടനയില്‍ അപൂര്‍വമാണ്.

പരസ്പര ബഹുമാനത്തിന്റെ ഈ മഹദ ്ബന്ധം പരിപോഷിപ്പിക്കുന്നതിലും പ്രവാസികള്‍ ചരിത്രപരമായ പങ്ക് വഹിക്കുന്നുണ്ട്. ദേശാന്തരങ്ങള്‍ മറന്നുള്ള പരസ്പര കൈമാറ്റത്തിന്റെയും സ്‌നേഹത്തിന്റെയും മാനവിക സന്ദേശമാണ് പുണ്യറസൂല്‍ (സ) ലോകത്തെ പഠിപ്പിച്ചത്. ആ മഹദ് സന്ദേശത്തിന്റെ വാഹകരാവാന്‍ നമ്മള്‍ സന്നദ്ധരാവണമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.


ദുബൈ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി മെംബറും ഹെഡ് ഓഫ് ഫൈനാന്‍സുമായ അബ്ദുല്‍ റഹീം ഹുസൈന്‍ അല്‍ അഹ്‌ലി ഉദ്ഘാടനം ചെയ്തു. ദുബൈ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രതിനിധി ദാറുല്‍ ഹുദയിലെ ഹാഫിള് ഖലീല്‍ റഹ്മാന്‍ ഖിറാഅത്ത് നടത്തി. 

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ടി അഹമ്മദലി, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, യു.എ.ഇ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ഡോ. ഇസ്മാഈല്‍ സേട്ട് സംബന്ധിച്ചു. ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.