Latest News

അല്‍ഐനില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

അബൂദബി: അല്‍ഐനിലെ മേലെ സനയ്യയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ വന്‍ തീപിടിത്തം. നാല് കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്‍െറ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ശനിയാഴ്ച ഉച്ചക്ക് 2.40ഓടെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ മൂന്ന് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. മൂന്ന് ഇരുനില കെട്ടിടങ്ങള്‍ക്കും ഒരു ഒറ്റ നില കെട്ടിടത്തിനുമാണ് തീപിടിച്ചത്. കെട്ടിടങ്ങളുടെ താഴത്തെ നിലയിലുണ്ടായിരുന്ന കടകളും സാധനങ്ങളും കത്തിനശിച്ചവയില്‍ പെടുന്നു. 

മലയാളിയുടെ ഓയില്‍ ഷോപ്പും തീപിടിത്തത്തില്‍ പൂര്‍ണമായും നാമാവശേഷമായി. കെട്ടിടങ്ങളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. തീപിടിത്തം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സും പൊലീസും മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. 

തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. സ്പെയര്‍പാര്‍ട്സ്, ഡിസ്പോസിബിള്‍ ഉല്‍പന്നങ്ങള്‍, ഓയില്‍, ഫര്‍ണിച്ചര്‍, വാഹന റിപ്പയറിംഗ് കേന്ദ്രങ്ങള്‍, എ.സി തുടങ്ങിയവയുടെ ഷോപ്പുകള്‍ കത്തിനശിച്ചവയില്‍ പെടുന്നു. ഇതിന് പുറമെ കെട്ടിടങ്ങളുടെ രണ്ടാം നിലയില്‍ താമസിച്ചിരുന്നവരുടെ വസ്ത്രങ്ങള്‍ അടക്കം അഗ്നിക്കിരയായി. രണ്ടാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന തിരൂര്‍ സ്വദേശിയും സുഹൃത്തും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

പുറത്തുണ്ടായിരുന്നവര്‍ കെട്ടിടത്തിന്‍െറ ജനാല ചില്ലുകള്‍ എറിഞ്ഞുപൊട്ടിച്ചാണ് അല്‍ഐനില്‍ ഗ്രോസറി നടത്തുന്ന തിരൂര്‍ സ്വദേശി അക്ബറിനെയും സുഹൃത്തിനെയും വിവരം അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. കത്തി നശിച്ചവയില്‍ ആലുവ സ്വദേശി ബന്‍ഹറിന്‍െറ ഓയില്‍ ഷോപ്പും ഉള്‍പ്പെടുന്നുണ്ട്. ഇയാളുടെ ഷോപ്പ് പൂര്‍ണമായും അഗ്നിക്കിരയായി. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ നഷ്ടമാണ് ഇയാള്‍ക്ക് നേരിട്ടത്.

തീപിടിത്തത്തില്‍ ഇന്ത്യക്കാരുടെയും പാകിസ്താനികളുടെയും ഇറാനികളുടെയും ബംഗ്ളാദേശികളുടെയും ഷോപ്പുകള്‍ കത്തിനശിച്ചതായി സനയ്യയില്‍ ദാറുല്‍ ഹൈറാത്ത് ഗ്രോസറി നടത്തുന്ന കോഴിക്കോട് കാപ്പാട് സ്വദേശി സൈഫു  പറഞ്ഞു. തന്‍െറ കടയുടെ എതിര്‍വശമുള്ള കെട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായതെന്നും രാത്രിയും പുക ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.