Latest News

ദുരിതത്തിന് പിന്നാലെ രോഗവും കാണണം, ആമിനയുടെ കണ്ണീര്

 അഡൂര്‍: കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന അഡൂര്‍ സജ്ഞക്കടവിലെ ആമിനയുടെ ദുരിതജീവിതം മഹാദു:ഖമായി മാറുന്നു. അവരുടെ കദനകഥ ആരെയും കരയിപ്പിക്കും.
ദാരിദ്ര്യം മാത്രം തൊട്ടുനോക്കിയ ആ നാല്പത്തിരണ്ടുകാരിക്ക് ഏഴുപെണ്‍മക്കളാണ്. ഒരു മകളെ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചു. ഇപ്പോള്‍ രണ്ടുപേര്‍ വിവാഹപ്രായമെത്തി നില്‍ക്കുന്നു.

കുഗ്രാമമായ സജ്ഞക്കടവിലെ കൊച്ചുകൂരയില്‍ പ്രാരാബ്ദങ്ങള്‍ക്കിടയിലും തന്റേടത്തോടെ മക്കളെപോറ്റാന്‍ വേണ്ടി ആവുന്നതെല്ലാം ചെയ്ത് അവര്‍ കരുത്തിന്റെയും സമര്‍പ്പണത്തിന്റെയും അടയാളമായി മാറി. വിവാഹ പ്രായമെത്തിയ മക്കളെ കെട്ടിച്ചയക്കാനും മറ്റുള്ളവരെ നന്നായി പഠിപ്പിക്കാനും വേണ്ടി പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമായി അവര്‍ പൊരുതി നിന്നു. അതിനിടയിലാണ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് രോഗം ആമിനയുടെ ജീവിതത്തിലേക്ക് വന്നുകയറിയത്.
മൂത്ത കുട്ടിയെ കെട്ടിച്ചയച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ശരീരത്തില്‍ രോഗലക്ഷണം പ്രകടമായത്. കാസര്‍കോട്ടും മംഗലാപുരത്തുമായി ചികിത്സനടത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഗര്‍ഭപാത്രത്തില്‍ ക്യാന്‍സറാണെന്ന് വിധിയെഴുതി. ഒരു നേരത്തെ ആഹാരത്തിനുപോലും വല്ലാതെ ബുദ്ധിമുട്ടുന്ന ആ കുടുംബത്തിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും നാട്ടുകാരുടെയും മഹാമനസ്‌ക്കരായ ആളുകളുടെയും സഹായത്തോടെ മംഗലാപുരത്തുനിന്ന് ഓപ്പറേഷനിലൂടെ ഗര്‍ഭകോശം നീക്കി. രണ്ടു ലക്ഷത്തോളമാണ് ചിലവായത്. ഇപ്പോഴും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും ഇനി എത്രകാലം എന്നെ സഹായിക്കാന്‍ കഴിയുമെന്നത് അവര്‍ക്കു മുന്നില്‍ ആശങ്കയുടെ ചോദ്യചിഹ്‌നമാവുകയാണ്.
കുട്ടികളെല്ലാം പഠനത്തില്‍ ഏറെ മിടുക്കരാണെന്ന് സജ്ഞക്കടവ് ഖത്തീബ് മൂസ സഖാഫി പറഞ്ഞു. പഠിക്കാന്‍ ഒരുപാട് ആഗ്രഹിക്കുമ്പോഴും പഠന ചിലവ് അവരുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നു. അധ്യാപകരുടെയും സുമനസ്‌ക്കരുടെയും കനിവിലാണ് അവര്‍ പഠിക്കുന്നത്.
മൂത്തമകളെ കെട്ടിച്ചയച്ചത് ഒരു മാസം മുമ്പാണ്. മകള്‍ക്കും മരുമകനും വേണ്ടപോലെ വിരുന്നൂട്ടാന്‍ പോലും ആമിനയ്ക്കായില്ല. അതിനിടയിലേക്കാണ് രോഗം ഓടിവന്നെത്തിയത്. 2,4,6,14,17,18 വയസു പ്രായമുള്ള ഏഴു പെണ്‍മക്കള്‍, പൊളിഞ്ഞുവീഴാറായ വീട്...സങ്കടങ്ങളുടെ കടല്‍ കണ്‍മുന്നില്‍ ആര്‍ത്തിരമ്പുന്നതിനിടയിലാണ് രോഗത്തിന്റെ വേദന.
ഭര്‍ത്താവ് അബ്ബാസിന് കാര്യമായ ജോലിയൊന്നുമില്ല, എങ്കിലും പൊന്നുമക്കളെ ഒരു ദുരിതവുമറിയാതെ പോറ്റിയ ആമിനക്ക് ഇത് സങ്കടങ്ങളുടെ മാത്രം രാപ്പകലുകളാണ്. ചികിത്സക്ക് പണമില്ല, പട്ടിണിയും വീടിനുള്ളില്‍ തന്നെയുണ്ട്. മക്കളുടെ ഭാവിയും ഇവര്‍ക്കു മുന്നില്‍ വലിയ ചോദ്യമാണ്.
നന്മവറ്റിപോവാത്ത ജനങ്ങളിലാണ് അവരുടെ പ്രതീക്ഷ. ഈ ദുരിതം കാണാന്‍ നല്ല മനസ്സോടെ ആരെങ്കിലും വരുമെന്നത് പ്രതീക്ഷയും പ്രാര്‍ത്ഥനയുമാണ്.
ആമിനയെ സഹായിക്കേണ്ട നമ്പര്‍ ഇതാണ് 9462889 681, 9495645872. ആമിനയ്ക്ക് ഇനിയും ജീവിക്കണമെന്നത് അവരുടെ മാത്രം ആഗ്രഹമല്ല, മക്കളുടെ ആവശ്യം കൂടിയാണ്. പറക്കമുറ്റാത്ത അവര്‍ക്ക് ഉമ്മയെ വേണം. ഈ കുടുംബത്തെ രക്ഷിക്കാന്‍ കനിവിന്റെ ഒരു നോട്ടം മതി. ആ നന്മ മനസ്സുണ്ടെങ്കില്‍ ആ പാവങ്ങളുടെ എല്ലാ സങ്കടവും മാഞ്ഞുപോവും..

എബി കുട്ടിയാനം

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.