Latest News

നൈജീരിയൻ മോഡൽ ലോട്ടറി തട്ടിപ്പിലൂടെ ഷെരീഫ് സ്വന്തമാക്കിയത് ലക്ഷങ്ങൾ

മലപ്പുറം: സ്കൂട്ട‌‌ർ വെള്ളക്കെട്ടിലേക്ക് മറിച്ച് ഭാര്യയെയും രണ്ടുമക്കളെയും കൊന്ന കേസിലെ പ്രതി മുഹമ്മദ് ഷെരീഫ് നൈജീരിയൻ മോഡൽ ലോട്ടറി തട്ടിപ്പിലൂടെ സ്വന്തമാക്കിയത് ലക്ഷങ്ങൾ. വിദേശത്തുനിന്നുള്ളവരും അന്യസംസ്ഥാനക്കാരും തട്ടിപ്പിനിരയായി.

ലക്ഷങ്ങൾ ലോട്ടറി അടിച്ചെന്ന് മൊബൈലിൽ വ്യാജസന്ദേശമയച്ചശേഷം പണം ലഭിക്കാൻ ബാങ്ക് അക്കൗണ്ടിലേക്ക് നിശ്ചിതതുക നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പുനടത്താനായി ഷെരീഫ് മുൻനിര ബാങ്കുകളിൽ 10 അക്കൗണ്ടുകൾ തുടങ്ങി. ഷെരീഫിന്റെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ 20 ലക്ഷത്തിന്റെ പണമിടപാട് നടന്നതായി കണ്ടെത്തി. ഇയാളുടെ പേരിലുള്ള ആറ് അക്കൗണ്ടുകളിൽ ലക്ഷങ്ങളുടെ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. പലതിലും ഒരുലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ഇടപാട് നടന്നിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ തട്ടിപ്പിന്റെ ആഴം മനസിലാക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

ഷെരീഫിന്റെ പേരിലുള്ള അക്കൗണ്ടുകൾക്ക് പുറമെ തട്ടിപ്പിനായി ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിലും അക്കൗണ്ടുകൾ തുടങ്ങി. ഇതിലേക്കെത്തുന്ന പണത്തിന്റെ നിശ്ചിതശതമാനം കമ്മിഷനായി നൽകുകയാണ് രീതിയെന്ന് മഞ്ചേരി സി.ഐ കൃഷ്ണദാസ് പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും പ്രതിയുടെ അക്കൗണ്ടുകളിലേക്ക് പണം വന്നതായി പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര സ്വദേശികളാണ് കൂടുതലായും തട്ടിപ്പിനിരയായത്.
മറ്റ്ബാങ്ക് അക്കൗണ്ടുകൾ കൂടി പരിശോധിക്കുന്നതോടെ തട്ടിപ്പിന്റെ വിശദാംശം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

വിവിധ സ്ഥലങ്ങളിലെ ഫോൺ ഡയറക്​ടറികൾ സംഘടിപ്പിച്ച് ഇതിലെ മൊബൈൽ നന്പറുകളിലേക്ക് ലോട്ടറിയടിച്ചെന്ന വ്യാജസന്ദേശമയച്ചായിരുന്നു തട്ടിപ്പ്. 5000 മുതൽ 10000 വരെയാണ് വാങ്ങിച്ചിരുന്നത്. വലിയ തുകകൾ തട്ടിയാൽ വഞ്ചിക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകാൻ സാദ്ധ്യതയുണ്ടെന്നതിനാലാണ് തട്ടിപ്പ് ചെറിയ തുകകളിലൊതുക്കിയത്.
അരീക്കോട് കേന്ദ്രീകരിച്ച് നൈജീരിയൻ മോഡൽ ലോട്ടറി തട്ടിപ്പ് നടക്കുന്നതായി കോഴിക്കോട് ക്രൈംബ്രാഞ്ച് സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റ അന്വേഷണം നടക്കുന്നതിനിടയിലാണ് കൊലപാതകത്തിന് ഷെരീഫ് പിടിയിലായത്. 

അരീക്കോട്ടും ഗൾഫിലുള്ള ചിലർക്ക് തട്ടിപ്പുമായി അടുത്ത ബന്ധമുണ്ട്. ജില്ലയിലെ കുഴൽപ്പണ മാഫിയയുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ട്. തട്ടിപ്പ് വഴി ലഭിക്കുന്ന പണം ഇതിനായി ചെലവഴിച്ചിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. അഴീക്കോട്, കണ്ണൂർ തുറമുഖ പൊലീസ് സ്റ്റേഷനുകളുടെ കെട്ടിട നിർമ്മാണത്തിന്റെ കരാർ പ്രതിയും മറ്റൊരു ബിസിനസ് പങ്കാളിയുമാണ് ഏറ്റെടുത്തത്. ഇതിനുള്ള പണം എങ്ങനെ ലഭിച്ചുവെന്നും പ്രതിയുടെ മറ്റു ബിസിനസുകളെക്കുറിച്ചും അന്വേഷിക്കും. 

പ്രതിയുടെ രണ്ട് സിം കാർഡുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരുന്നു. ഇതിലൂടെ പ്രതിയുടെ പരസ്ത്രീ ബന്ധവും കുഴൽപ്പണ മാഫിയയുമായുള്ള ബന്ധവും തെളിയുമെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ വയനാട്ടിലുള്ള കാമുകിക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്നും ഇതോടെ അറിയാനാകും. കസ്റ്റഡി കാലാവധി തീ‌ർന്നതിനെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ്തു.

കൊല്ലാൻ പദ്ധതിയിടും മുന്പ് ഭാര്യയുടെ പേരിൽ 10 ലക്ഷത്തിന്റെ പോളിസിയെടുത്ത ഷെരീഫ് മക്കളുടെ പേരിൽ 30 ലക്ഷത്തിന്റെ പോളിസിയെടുക്കാനും ശ്രമിച്ചു. മൂത്തകുട്ടിയുടെ പേരിൽ 20 ലക്ഷത്തിന്റെയും ഇളയകുട്ടിയുടെ പേരിൽ പത്ത് ലക്ഷത്തിന്റെയും ഇൻഷ്വറൻസ് പോളിസിയെടുക്കാൻ ശ്രമിച്ചതിന്റെ രേഖകൾ പൊലീസ് കണ്ടെടുത്തു. പോളിസി പ്രീമിയം കണക്കു കൂട്ടി ഇൻഷ്വറൻസ് കന്പനി നൽകിയ രേഖകളും പാൻകാർഡും ഷെരീഫിന്റെ കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

അരീക്കോട് കൂട്ടക്കൊലപാതക: ഷെരീഫിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.