Latest News

സാബിത്ത് വധക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

കാസര്‍കോട്: സാബിത്ത് വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ബി.ജെ.പി. ജില്ലാ നേതൃത്വം ഇടപെട്ടുവെന്നതിന്റെ തെളിവാണ് കേസിലെ പ്രധാന പ്രതികള്‍ പോലീസിന് നല്‍കിയ മൊഴികള്‍ വ്യക്തമാക്കുന്നതെന്ന് മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ആരോപിച്ചു.

മോട്ടോര്‍ സൈക്കിളിന് സൈഡ് നല്‍കില്ലെന്നതിന്റെ പേരില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ ജനങ്ങള്‍ വിഡ്ഡികളല്ലെന്നും നിസാര പ്രശ്‌നങ്ങളുടെ പേരിലുണ്ടാകുന്ന അടിപിടിക്കുപോലും 153 എ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്ന പോലീസ് വര്‍ഗ്ഗീയ വിരോധത്തിന്റെ പേരില്‍ മാത്രം സാബിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 153 എ വകുപ്പ് ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ട്. ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് 153 വകുപ്പ് ഒഴിവാക്കിയതെന്ന് പോലീസ് വ്യക്തമാക്കണം.
മധൂര്‍ പഞ്ചായത്തിലെ മീപ്പുഗുരി, കൂടല്‍, കാളിയങ്കോട്, കേളുഗുഡ്ഡെ, പാറക്കട്ട പ്രദേശങ്ങളില്‍ മതന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഗൂഢാലോചന നടത്തി കലാപങ്ങള്‍ സൃഷ്ടിക്കുന്ന ബി.ജെ.പി. പഞ്ചായത്തിനെ മറ്റൊരു ഗുജറാത്താക്കാന്‍ ശ്രമിക്കുകയാണ്.

2008 മുതല്‍ ബി.ജെ.പി.യുടെ നേതൃത്വത്തിന്റെ ഒത്താശയോടെ നടന്ന അക്രമ സംഭവങ്ങളുടെയും കൊലപാതകങ്ങളുടെയും പൂര്‍ണ വിവരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സംഘ് പരിവാര്‍ സംഘടനാ അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബി.ജെ.പി. ഗുണ്ടകള്‍ നടത്തിയ അക്രമ സംഭവങ്ങളുടെ കേസുകള്‍ ഓരോന്നായി അട്ടിമറിക്കപ്പെടുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും അവരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിന് തടസ്സം നില്‍ക്കുകയും കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്ത ബി.ജെ.പി. നേതാക്കളുടെയും പോലീസിന്റെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.