Latest News

കലിതുള്ളുന്ന കടലില്‍ നിന്ന് ഫുട്‌ബോളുകളും ഫ്രിഡ്ജും

കാസര്‍കോട്: മത്തി ചാകര, ചെമ്മീന്‍ ചാകര എന്നൊക്കെ കേട്ടുമടുത്തവര്‍ക്ക് പുതിയ ചാകരക്കാലമാണിത്. മത്തിക്കും ചെമ്മീനിനും പകരും ആവോലിയും ഭീമന്‍ അയലയുമല്ല വ്യത്യസ്തമായ സാധനങ്ങളാണിവിടെ ചാകര തീര്‍ക്കുന്നത്.

കടലിലൂടെ ഒഴുകിവരുന്നത് കാല്‍പന്തുകളാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കടലോരത്ത് പന്തുകള്‍ അടിഞ്ഞുകൂടുന്നു. 300 ലധികം ഫുട്‌ബോളുകള്‍ പലര്‍ക്കായി കിട്ടി. നെല്ലിക്കുന്നിലും കുമ്പളയിലും രണ്ട് ഫ്രിഡ്ജും നിരവധി തൊപ്പികളും ലഭിച്ചു.

തിരയില്‍പെട്ടെത്തുന്ന വിറക് ശേഖരിക്കാന്‍ രാവിലെ തീരത്തേക്ക് പോയവര്‍ക്കാണ് അപ്രതീക്ഷിതമായി പാക്കറ്റ്‌പോലും പൊട്ടിക്കാത്ത 4,500 രൂപ വിലയിട്ടിരിക്കുന്ന അഡിഡാസ് കമ്പനിയുടെ ഫുട്‌ബോളുകള്‍ കിട്ടിയത്.

കാല്‍പന്ത് കയ്യിലെത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ആദ്യം പലരും പകച്ചുനിന്നു. പിന്നീട് പലരും വില്‍പ്പന നടത്തി. 1500ഓളം രൂപക്കാണ് വിറ്റത്. ഒരാള്‍ക്കു തന്നെ എട്ടും പത്തും ഫുട്‌ബോളുകള്‍ കിട്ടിയിരുന്നു. സ്ത്രീകളും പെണ്‍കുട്ടികളുമാണ് കടലിലൂടെ ഒഴുകി വരുന്ന വിറക് ശേഖരിക്കാന്‍ പോയവരിലധികവും.

നെല്ലിക്കുന്നിലും കുമ്പളയിലും ലഭിച്ച ഫ്രിഡ്ജുകള്‍ നന്നായി പൊതിഞ്ഞ്‌സൂക്ഷിച്ചവയാണ്. വാതിലില്ലാത്ത ഫ്രിഡ്ജാണ് ലഭിച്ചത്. പൊതിഞ്ഞ് സൂക്ഷിച്ചിരുന്നതിനാല്‍ കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. ഇത്തരത്തിലുള്ള മൂന്ന് ഫ്രിഡ്ജുകള്‍ 2,500 രൂപവീതം വാങ്ങി വിറ്റവരും കടപ്പുറത്തുണ്ട്. കപ്പലില്‍ നിന്നു വീണതോ പ്രകൃതി ദുരന്തത്തില്‍പെട്ട് കടലിലെത്തിയവയോ ആകാം ഈ സാധനങ്ങളെന്നാണ് കരുതുന്നത്.

ഇനി കടലമ്മയെ തേടിപോകുമ്പോള്‍ മീനിനപ്പുറം വിലപ്പെട്ട പലതും വന്നുചേരുമെന്ന പ്രതീക്ഷയും കണക്കുകൂട്ടലും കാസര്‍കോട്ടെ മത്സ്യതൊഴിലാളികള്‍ക്കുണ്ട്. പന്ത് ആഹ്ലാദത്തിന്റെ തിരമാലകള്‍ തീര്‍ക്കും, എന്നാല്‍ തിരമാലയില്‍ തന്നെ പന്തുവരുന്നത് അപൂര്‍വ്വമാണ്. വ്യത്യസ്തമായ ആ കാഴ്ചയില്‍ മതിമറന്നിരിക്കുകയാണ് കാസര്‍കോട്ടുകാര്‍.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.