ദുബൈ: നാട്ടുകാരും കൂട്ടുകാരുമെല്ലാം ക്ഷണിച്ചിട്ടും നിര്‍ബന്ധിച്ചിട്ടും സലീം അഹമ്മദ് ഗള്‍ഫിലേക്ക് ജീവിതം പറിച്ചുനട്ടില്ല. കാരണം ഒന്നേയുള്ളൂ, ഗള്‍ഫില്‍ പോയാല്‍ തന്‍െറ സിനിമാ മോഹങ്ങള്‍ നടക്കില്ല. എന്നാല്‍ ‘ആദാമിന്‍െറ മകന്‍ അബു’വെന്ന നന്മ നിറഞ്ഞ സിനിമയിലൂടെ സെല്ലുലോയ്ഡിലേക്ക് സ്വപ്നതുല്യമായ രംഗപ്രവേശം നടത്തിയ ഈ മട്ടന്നൂരുകാരന്‍െറ അടുത്ത സിനിമ പ്രവാസികളെക്കുറിച്ചാണ്.
(കടപ്പാട്: ഗള്‍ഫ് മാധ്യമം)
ആര്‍ക്കൊക്കെയോ വേണ്ടി മെഴുകുതിരിപോലെ എരിഞ്ഞുതീരുന്ന ഗള്‍ഫുകാരന്‍െറ വേദനകളും വിഹ്വലതകളും മാത്രമല്ല 40 വര്‍ഷത്തെ മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന്‍െറ കഥയാണ് താന്‍ പറയാനുദ്ദേശിക്കുന്നതെന്ന് സലീം അഹമ്മദ് പറഞ്ഞു.
നാലു കാലഘട്ടങ്ങളെ അഭ്രപാളിയിലെത്തിക്കുന്ന ബിഗ് ബജറ്റ് ചിത്രം അടുത്തവര്‍ഷമാദ്യം പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ് ഒരു കുടുക്കാണ്. അതില്‍ ഒരിക്കല്‍ കുരുങ്ങിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ചുപോകാനാവില്ല. ബാധ്യതകള്‍ ഒന്നൊന്നായി കുത്തിയൊഴുകിവന്ന് ഗള്‍ഫുകാരനെ മണലാരണ്യത്തില്‍ തളച്ചിടും- കഥയെഴുത്തുതുടങ്ങിയ സലീം പറയുന്നു.
സലീമിന്‍െറ രണ്ടാമത്തെ ചിത്രമായ ‘കുഞ്ഞനന്തന്‍െറ കട’ ആഗസ്റ്റ് 30ന് തിയേറ്ററുകളിലെത്തുകയാണ്.നാട്ടിന്‍പുറത്തെ സാധാരണ കച്ചവടക്കാരനായി മമ്മൂട്ടി നായകവേഷത്തിലെത്തുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍മാണവുമെല്ലാം സലീം അഹമ്മദ് തന്നെയാണ്.
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി തത്സമയ ശബ്ദ ലേഖനത്തിലൂടെ മലയാളത്തില്‍ പുതിയ പരീക്ഷണം നടത്തുകയാണ് ‘കുഞ്ഞനന്തന്‍െറ കട’യില്‍. ഒരു ഷോട്ടില്‍ 24 മൈക്ക്വരെ ഉപയോഗിച്ചാണ് സിനിമയിലേക്ക് ശബ്ദം ഒപ്പിയെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പാലക്കാട്ടെ ആര്‍ക്കും കടന്നുചെല്ലാനാവാത്ത വിദൂര പ്രദേശത്തുവെച്ചാണ് ഷൂട്ട് ചെയ്തത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റില്ലാത്ത സിനിമയെന്നും ‘കുഞ്ഞനന്തന്‍െറ കട’യെ വിശേഷിപ്പിക്കാം. സലീംകുമാര്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ് തുടങ്ങിയവര്‍ വേഷംകെട്ടുന്ന സിനിമയുടെ നായിക ദുബൈയിലെ ഹിറ്റ് എഫ്.എമ്മില്‍ റേഡിയോ ജോക്കിയായ നൈല ഉഷയാണ്.
ആദ്യ സിനിമ നല്‍കിയ പ്രസിദ്ധിയുടെ ചിറകിലാണെങ്കിലും ഏറെ ആത്മവിശ്വാസത്തോടെ തന്നെയാണ് പുതിയ സിനിമ പുറത്തിറക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
‘ആദാമിന്‍െറ മകന്‍ അബു’വിനെ അറബിയിലാക്കുന്നതിന്‍െറ തിരക്കിലാണ് സലീം അഹമ്മദ്. അതിനായാണ് ഇപ്പോള്‍ ഗള്‍ഫിലെത്തിയത്. ഇതാദ്യമായാണ് ഒരു മലയാളം സിനിമ അറബിയിലിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. ബക്രീദിനായിരിക്കും ആഫ്രിക്കയിലുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുക.
അത്തര്‍ കച്ചവടക്കാരനായ പാവം വൃദ്ധന്‍െറ ഹജ്ജ് തീര്‍ഥാടനമോഹം ഏറെ വൈകാരികതയോടെ പകര്‍ത്തിയ സിനിമ ഏതു നാട്ടുകാര്‍ക്കും ഉള്‍കൊള്ളാവുന്നതാണെന്ന് സലീം അഹമ്മദ് അനുഭവത്തിന്‍െറ അടിസ്ഥാനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.കസാക്കിസ്ഥാനിലെ കസാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദാമിന്‍െറ മകന്‍ കണ്ട ഒരു സ്ത്രീ സലീം അഹമ്മദ് താമസിക്കുന്ന ഹോട്ടലിലെത്തി അന്നാട്ടുകാരുടെ ഏറ്റവും വലിയ സ്നേഹസമ്മാനമായ ഒരുകുപ്പി തേനാണ് നല്‍കിയത്.
കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിനും ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചതിനും ശേഷം 80 ലേറെ അന്താരാഷ്ട്ര ചലചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ‘ആദാമിന്‍െറ മകന്‍ അബു’ നവാഗത സംവിധായകന്‍െറ സിനിമയെന്ന നിലയില്‍ എല്ലായിടത്തും ശ്രദ്ധിക്കപ്പെട്ടു. നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
തമിഴില്‍ ഡബ്ബ് ചെയ്ത സിനിമ ഉടനെ തിയേറ്ററിലെത്തും. ഹിന്ദിയില്‍ സിനിമ റിമേക്ക് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് സലീം അഹമ്മദ് പറഞ്ഞു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saleem Ahammed, Adaminte Makan Abu, Saleem Kumar, Oscar, Film Fest, Arabic, Kunhananthante Kada
No comments:
Post a Comment