Latest News

മന്ത്രിമാരായ അനില്‍ കുമാറും അടൂര്‍ പ്രകാശും സരിതയെ വിളിച്ചതിന്റെ തെളിവ് പുറത്തായി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുയി സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ക്കുള്ള ബന്ധം പുറത്തായി. ഇവര്‍ പലതവണ സ്വന്തം ഫോണില്‍ നിന്നും പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ നിന്നും സരിതയുമായി ബന്ധപ്പെട്ടതായാണ് ടെലിഫോണ്‍ രേഖയിലുള്ളത്.

റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഒരുമാസത്തിനിടെ ഏഴു തവണയും മന്ത്രി എ.പി അനില്‍ കുമാര്‍ മൂന്ന് മാസത്തിനിടെ 24 തവണയും ഫോണില്‍ സരിതയെ ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച ഫോണ്‍ കാള്‍ വിവരത്തില്‍ വ്യക്തമായിട്ടുള്ളത്. മന്ത്രി അനില്‍കുമാര്‍ സ്വന്തം ഫോണില്‍ നിന്ന് നാല് തവണയും അഡീ. പ്രൈവറ്റ് സെക്രട്ടറി നസറുള്ളയുടെ ഫോണില്‍ നിന്ന് ഇരുപതു തവണയും സരിതയുമായി ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഇതില്‍ പത്ത് തവണയും സരിതയെ അങ്ങോട്ടാണ് വിളിച്ചിട്ടുള്ളത്. മന്ത്രി അടൂര്‍ പ്രകാശ് രണ്ട് തവണയാണ് സരിതയെ അങ്ങോട്ട് വിളിച്ചിട്ടുള്ളത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഫോണ്‍ വിവരത്തില്‍ നിന്നാണ് ഇത്രയും വിവരങ്ങള്‍ ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഞെട്ടിപ്പിക്കുന്ന ഈ വിവരം സോളാര്‍ തട്ടിപ്പ് കേസില്‍ വഴിത്തിരിവാകുമെന്നാണ് സൂചന. ഈ രണ്ട് മന്ത്രിമാരുടെ കൂടെ എപ്പോഴുമുണ്ടാകുന്ന ഗണ്‍മാന്‍, പി.എ എന്നിവരുടെ മൊബൈല്‍ ഫോണ്‍ വിവരം കൂടി പരിശോധിക്കുകയാണെങ്കില്‍ കൂടുതല്‍ വിവരം പുറത്തു വരുമെന്നാണ് അറിയുന്നത്.

എന്തിന് വേണ്ടിയാണ് സരിതയെ ബന്ധപ്പെട്ടതെന്ന കാര്യവും മന്ത്രിമാര്‍ വിശദീകരിക്കേണ്ടി വരും. ഇത്രതവണ ബന്ധപ്പെടാന്‍ മാത്രം എന്ത് കാര്യമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘവും പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധമായ ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അറിയുന്നത്. രണ്ട് മന്ത്രിമാര്‍ക്ക് പുറമേ മുന്‍മന്ത്രിയും സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

സരിത വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പി.എ ജോപ്പന്‍ അടക്കമുള്ളവര്‍ അറസ്റ്റിലാവുകയും മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടി പ്രതിപക്ഷ പ്രക്ഷോഭം ആളിക്കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് രണ്ട് മന്ത്രിമാര്‍ കൂടി വിവാദത്തിലാകുന്നത് സര്‍ക്കാരിന് തിരിച്ചടിയാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ സരിതയെ വിളിച്ചിരുന്നുവെന്ന വിവാദം ഉയര്‍ന്ന ഘട്ടത്തിലാണ് രണ്ട് മന്ത്രിമാരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന രേഖകള്‍ പുറത്തുവന്നിട്ടുള്ളത്. തിരുവഞ്ചൂരിനെ സംബന്ധിച്ച്, വന്നത് ഇന്‍കമിങ് കോളുകളായതിനാല്‍ പ്രതിരോധിക്കാനും പ്രയാസമുണ്ടായിരുന്നില്ല. പൊതുപ്രവര്‍ത്തകരെ പലരും ഫോണ്‍വിളിക്കുമെന്നുള്ള തിരുവഞ്ചൂരിന്റെ മറുപടിയും ശ്രദ്ധേയമാണ്.

എന്നാല്‍ സരിതയെ വിളിച്ച രണ്ട് മന്ത്രിമാര്‍ എന്തിനാണ് അവരുമായി നിരന്തരം ബന്ധപ്പെട്ടതെന്നതാണ് ഉയരുന്ന ചോദ്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.