Latest News

ജപ്തി നോട്ടീസ് മറന്നു; വിജയന്‍ രണ്ടുലക്ഷം തിരിച്ചേല്‍പ്പിച്ചു


തിരുവനന്തപുരം: വീടിന് ജപ്തിനോട്ടീസ് കിട്ടിയ ഓട്ടോഡ്രൈവര്‍ വിജയകുമാറിന് ഉറക്കമില്ലാത്ത ദിവസങ്ങളാണിത്. രണ്ട് ലക്ഷം രൂപവേണം കടം തീര്‍ക്കാന്‍. എന്നിട്ടും ഓട്ടോയില്‍ യാത്രക്കാരന്‍ മറന്നുവെച്ച രണ്ടുലക്ഷം രൂപയ്ക്ക് മുന്നില്‍ ആ മനുഷ്യന്റെ കണ്ണ് മഞ്ഞളിച്ചില്ല. കളഞ്ഞു കിട്ടിയ പണം തിരികെ കൊടുത്ത് യാത്രക്കാരന്‍ പാരിതോഷികമായി നല്‍കിയ അരലക്ഷം കൈപ്പറ്റുമ്പോള്‍ ഈ ഓട്ടോക്കാരനും യാത്രക്കാരനും ചേര്‍ന്ന് സൃഷ്ടിച്ചത് മനുഷ്യനന്മയുടെ അപാര സൗന്ദര്യമാണ്.

വട്ടപ്പാറ പൂങ്കുമൂട് വിജയാഭവനില്‍ വിജയനാണ് (40) പണം തിരികെക്കൊടുത്ത് നന്മയുടെ പ്രതീകമായത്. ചൊവ്വാഴ്ച രാത്രി പത്തോടെ തമ്പാനൂരില്‍ നിന്ന് വഴുതക്കാട് ശ്രീമൂലം ക്ലബ്ബിലേക്ക് പോകാനായി പാറ്റൂര്‍ സ്വദേശിയായ സുബ്ബറെഡ്യാര്‍ എന്ന ഡോക്ടര്‍ എത്തി. ഓട്ടോയില്‍ കയറും മുന്‍പ് തന്നെ അദ്ദേഹം പറഞ്ഞു, എനിക്കു വേണ്ടി ഇരുപത് മിനിട്ടെങ്കിലും ക്ലബ്ബിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടിവരും. ചാര്‍ജ് തന്നേക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടര്‍ മടങ്ങിയത്. ഇതിനുശേഷം അദ്ദേഹത്തെ പാറ്റൂരിലെ വീട്ടിലുമെത്തിച്ചു. 250 രൂപ ഓട്ടോകൂലിയായി തന്നു.

വീട്ടിലെത്തിയശേഷം ഓട്ടോയിലെ കവര്‍ മൂടാനെത്തിയപ്പോള്‍ ഓട്ടോയുടെ പ്ലാറ്റ്‌ഫോമില്‍ ഒരു സഞ്ചി കണ്ടു. അതില്‍ പച്ചക്കറികളും 500 രൂപയുടെ നാല് കെട്ടുകളും കണ്ടു. നോക്കിയപ്പോള്‍ രണ്ട് ലക്ഷം രൂപ. ഒരു നിമിഷം മനസ്സ് പതറി. ബാങ്കില്‍ അടയ്ക്കാന്‍ ആവശ്യമായ പൈസ. എന്നാല്‍ വീട്ടിലെത്തി ഭാര്യ മിനിയുമായും സഹോദരങ്ങളുമായും ചര്‍ച്ചചെയ്തു. പണംതിരിച്ച് നല്‍കണമെന്ന് വീട്ടുകാരും പറഞ്ഞു. ഒരാള്‍ അദ്ധ്വാനിച്ച പണം എന്തിന്?. . . അങ്ങനെ വിജയന്‍ ബുധനാഴ്ച തന്നെ പാറ്റൂരിലെ വീട്ടിലെത്തി ഡോക്ടറോട് കാര്യം പറഞ്ഞു. സങ്കടത്തോടെ ഡോക്ടര്‍ വിജയനെ കെട്ടിപ്പിടിച്ചു. നിങ്ങളുടെ നന്മ നല്ലത് വരുത്തും.

ഇതിനുശേഷം ഡോക്ടറും വിജയനുമായി തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി . പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ചൊവ്വാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ വെച്ച് ഡോക്ടര്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ പണത്തില്‍ നിന്ന് 50000 രൂപ വിജയന് പാരിതോഷികമായി നല്‍കി. ജപ്തി നടപടിയില്‍ കഴിഞ്ഞുവരുന്ന വിജയന്റെ കണ്ണുകള്‍ നിറഞ്ഞു. . . ''അടുത്ത ദിവസം തന്നെ നെടുമങ്ങാട് അര്‍ബന്‍ ബാങ്കില്‍ പണമടച്ച് സാവകാശം തേടണം''- വിജയന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Autodriver, doctor

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.