Latest News

കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോ: ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ പ്രവര്‍ത്തനം ജനോപകാരപ്രദമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്. 

പുതിയ ഡിപ്പോ അനുവദിച്ചിട്ടും പുതിയ ബസ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പഴകി ഉപേക്ഷിക്കാറായ ബസ്സുകളാണ് സബ് ഡിപ്പോയ്ക്ക് അനുവദിച്ചത്. കിഴക്കന്‍ മലയോര പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ പഴഞ്ചനായതിനാല്‍ ഭൂരിഭാഗവും കട്ടപ്പുറത്താണ്.

മലയോര- തീരദേശ ജനത കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്. കാഞ്ഞങ്ങാട് സബ്ഡിപ്പോയുടെ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ളവര്‍ ഏറെ സന്തോഷിച്ചിരുന്നു. യാത്രാക്ലേശം രൂക്ഷമായ ഇത്തരം പ്രദേശത്തുകൂടെ ബസ് സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ കാസര്‍കോട് ഡിപ്പോയില്‍നിന്ന് നടത്തിയിരുന്ന സര്‍വീസുകള്‍ കാഞ്ഞങ്ങാടേക്ക് മാറ്റിയതല്ലാതെ ഒറ്റ സര്‍വീസ് പോലും പുതുതായി തുടങ്ങിയില്ല. ബസ്സുകള്‍ കട്ടപ്പുറത്താകുന്നതിനാലും ഇവയുടെ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ സൗകര്യമില്ലാത്തതും നിലവിലുള്ള ഷെഡ്യൂളുകള്‍ അപ്രഖ്യാപിതമായി നിര്‍ത്തുന്നതിന് ഇടയാക്കുന്നുണ്ട്.
കണ്ണൂര്‍- കാസര്‍കോട് റൂട്ടിലോടുന്ന മിക്ക ബസ്സും കാഞ്ഞങ്ങാട് സര്‍വീസ് അവസാനിപ്പിക്കുകയാണ്. ഇത് കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമാക്കിയിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും കാഞ്ഞങ്ങാട് സബ്ഡിപ്പോയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
സബ് ഡിപ്പോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമന്നാവയെപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ രണ്ടിന് കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയിലേക്ക് യുവജന മാര്‍ച്ച് നടത്തും. രാവിലെ പത്തിന് ജില്ലാ ആശുപത്രി പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ചില്‍ മുഴുവന്‍ യുവജനങ്ങളും അണിനിരക്കണമെന്ന് ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.