Latest News

യു.എന്‍. മേഖലാ ആസ്ഥാനത്ത് കോഴിക്കോടന്‍ രുചിക്കൂട്ടൊരുക്കിയ നൗഫല്‍

കാസര്‍കോട്: വെള്ളിത്തിരയില്‍ കൈയടി നേടിയ കോഴിക്കോട്ടെ ഉസ്താദ് ഹോട്ടലിന്റെ കഥയോടാണ് നൗഫല്‍ പുനത്തിലിന്റെ ജീവിതം ഒട്ടിനില്‍ക്കുന്നത്. മരുമോനിക്കായി അപ്പത്തരങ്ങള്‍ ചുട്ട അമ്മായിമാരുടെ പാചകപ്പെരുമയും ഭക്ഷണം വയറിലല്ല മനസ്സിലാണു നിറയുന്നതെന്ന കൈപ്പുണ്യത്തിന്റെ കോഴിക്കോടന്‍ സൂത്രവാക്യവും കൈമുതലാക്കിയാണ് നൗഫല്‍ കടല്‍ കടക്കുന്നത്.

യു.എന്‍. മേഖലാ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ ചെന്നാലും കേരളത്തിന്റെ രുചിക്കൂട്ടുകളുമായി ഒരു മലയാളി കാത്തിരിപ്പുണ്ടവിടെ. കോഴിക്കോട് പന്തീരാങ്കാവ് ജിഷ ഹൗസിലെ പി സി ബാവ-സൈനബ ദമ്പതികളുടെ മകന്‍ നൗഫല്‍ പുനത്തില്‍ എന്ന 29കാരനാണ് മലയാളിയുടെ പാരമ്പര്യ ഭക്ഷണങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തുന്നത്.

ഐക്യരാഷ്ട്രസഭയുടെ മേഖലാ ആസ്ഥാനമായതിനാല്‍ ലോകനേതാക്കളെല്ലാം ഇവിടത്തെ രുചിവൈവിധ്യം നുകരാനെത്താറുണ്ട്. 2012 ഡിസംബറിലാണ് ഗാസ്‌ട്രോ ബയോ എന്ന പേരില്‍ ഇവിടെ ഹോട്ടല്‍ ആരംഭിച്ചത്. 2011ല്‍ സുഹൃത്തിനോടൊപ്പം സജ്‌ന റസ്‌റ്റോറന്റ് തുടങ്ങി. പിന്നീടാണ് സ്വന്തമായി ഹോട്ടല്‍ തുടങ്ങിയത്. കാസര്‍കോടന്‍, കോഴിക്കോടന്‍ ശൈലിയിലുള്ള ഭക്ഷണങ്ങള്‍ക്കു പുറമെ ലോകത്തെ എല്ലാ രുചിക്കൂട്ടുകളും നൗഫലിന്റെ തീന്‍മേശയില്‍ ലഭിക്കും.

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ യു.എന്‍. ആസ്ഥാനത്തെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ കൈപ്പുണ്യം അറിഞ്ഞിട്ടുണ്ട്. ജനീവയില്‍ 2010ല്‍ നടന്ന ലോക എന്‍ഡോസള്‍ഫാന്‍വിരുദ്ധ കണ്‍വന്‍ഷനില്‍ സംബന്ധിക്കാനെത്തിയ ഡോ. മുഹമ്മദ് അഷീല്‍, ഡോ. ജയകുമാര്‍ എന്നീ മലയാളികള്‍ക്ക് ആതിഥ്യം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നൗഫല്‍ പങ്കുവച്ചു. ഇവിടത്തെ പൊറോട്ടയും ചപ്പാത്തിയും വറത്തരച്ച കോഴിക്കറിയും ബിരിയാണിയും കഴിക്കാന്‍ വിദേശികള്‍ എത്തുന്നതായി നൗഫല്‍ പറയുന്നു.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് ബി.എ. പാസായശേഷം 2007ല്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ എം.ബി.എ. പഠനത്തിനാണ് നൗഫല്‍ ജനീവയിലെ മോണ്‍ട്രക്‌സില്‍ എത്തിയത്. അവിടെ നിന്നു തന്നെ ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങിലും ബിരുദം കരസ്ഥമാക്കി. ജനീവയില്‍ തന്നെ ഹോട്ടല്‍ തുടങ്ങി തന്റെ പാരമ്പര്യത്തിന്റെ കൈപ്പുണ്യം നൗഫല്‍ തെളിയിച്ചു.

പരമ്പരാഗതമായി ഹോട്ടല്‍ വ്യാപാരം നടത്തുന്ന കുടുംബമാണ് നൗഫലിന്റേത്. പിതാമഹന്‍ പരേതനായ മൊയ്തീന്‍കുട്ടി അരനൂറ്റാണ്ട് മുമ്പ് കോഴിക്കോട് പന്തീരാങ്കാവില്‍ ഹോട്ടല്‍ സ്ഥാപിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ മക്കളായ അഹമദ് കോയ പൊയിനാച്ചി, കാസര്‍കോട് ടൗണ്‍ എന്നിവിടങ്ങളിലും മറ്റൊരു മകന്‍ ബാവ കാസര്‍കോട് കറന്തക്കാട്ടും മകന്‍ ലത്തീഫ് കോഴിക്കോട് പന്തീരാങ്കാവിലും ഹോട്ടല്‍ നടത്തുന്നു. നൗഫല്‍ ഇപ്പോള്‍ കാസര്‍കോടും ഹോട്ടല്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യ ജസ്‌ന. മകന്‍: ആതിസ് സൈം.
അബ്ദുര്‍റഹ്മാന്‍ ആലൂര്‍
(കടപ്പാട്: തേജസ്)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.