Latest News

തളിപ്പറമ്പയില്‍ വെളളിയാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യാനിരുന്ന മദ്രസ്സയും പളളിയും തകര്‍ത്തു

തളിപ്പറമ്പ: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ വെളളിയാഴ്ച ഉദ്ഘാടനം ചെയ്യാനുള്ള മദ്രസയും തൊട്ടടുത്ത് മുസ്ലിം പള്ളിയും അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച രാത്രി പത്ത് മണിയെടെയാണ് സംഭവം. പള്ളിയിലുണ്ടായിരുന്ന ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗലാപുരം സിറ്റി ഹോസ്പിറ്റലിലും ഏഴുപേരെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടുപേരെ പ്രാഥമിക ചികിത്സയ്ക്ക് വിഥേയരാക്കി. പള്ളിമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് കാറും ആറ് മോട്ടോര്‍ബൈക്കും ഒരു സ്‌ക്കൂട്ടറും തകര്‍ത്തു. ഇ.കെ. വിഭാഗം സുന്നി പ്രവര്‍ത്തകരാണ് അക്രമം അഴിച്ചു വിട്ടതെന്ന് എ.പി. വിഭാഗം ആരോപിച്ചു.

ഓണപറമ്പില്‍ പുതുതായി നിര്‍മ്മിച്ച സലാമത്തുല്‍ ഈമാന്‍ മദ്രസ കെട്ടിടമാണ് തകര്‍ക്കപ്പെട്ടത്. കെട്ടിടത്തിന്റെ ഉദ്ഘാടനം വെളളിയാഴ്ച ഉച്ചതിരിഞ്ഞ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍
നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചതാണ്. പള്ളിക്ക് മുന്നില്‍ ഇതിനായി കൂറ്റന്‍ പന്തലും ഒരുക്കിയിരുന്നു.

രാത്രി പത്ത് മണിയെടെ ഒരാള്‍ വന്നു. എ.പി. വിഭാഗത്തിലെ സൈഫുദ്ദീനോട് കാന്തപുരത്തെ കൊണ്ട് മദ്രസ ഉദ്ഘാടനം ചെയ്യിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനിച്ച പ്രകാരം തന്നെ പരിപാടി നടത്തുമെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇരുപതോളം പേര്‍ മാരകായുധങ്ങളുമായി പള്ളിയിലേക്ക് ഇരച്ചു കയറുകയായിരുന്നുവെന്ന് എപി വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞു.

പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് പ്രവര്‍ത്തകര്‍ മുറ്റത്തും ഉദ്ഘാടന പന്തലിലും കൂടിനില്‍ക്കുമ്പോഴാണ് അക്രമിസംഘം ഇരച്ചെത്തിയത്. ആദ്യം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പന്തല്‍ തകര്‍ത്തു. പള്ളിമുറ്റത്ത് ഉണ്ടായിരുന്നവരെ മുഴുവന്‍ തല്ലിചതച്ചു. പള്ളിയുടെ 21 ജനല്‍പാളികളും മദ്രസയുടെ 24 ജനല്‍പാളികളും പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. മദ്രയയിലെ പെണ്‍ക്കുട്ടികളുടെ കക്കൂസും മൂത്രപ്പുരയും ഓഫീസും അടിച്ചുപൊളിച്ചവര്‍ മദ്രസയുടെ തറയില്‍ സ്ഥാപിച്ച ടൈലുകള്‍പോലും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. പള്ളിയിലേക്ക് ഇരച്ചെത്തിയവര്‍ പ്രാര്‍ത്ഥന നടത്തുന്ന സ്ഥലമടക്കം തകര്‍ത്തിരുന്നു.

പള്ളി കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ നദവിയെ കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചു. ഈ കത്തി പള്ളിക്കകത്ത് ഉപേക്ഷിച്ചിട്ടാണ് അക്രമികള്‍ രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ ഓണപറമ്പിലെ പി.എ. സക്കരിയ(30)യെ മംഗലാപുരം സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഓണപറമ്പ-കൊട്ടില നിവാസികളായ കെ.സി. സൈഫുദ്ദീന്‍(35), അനുജന്‍ കെ.സി. ഹാരീസ്(20), പള്ളി കമ്മിറ്റി ട്രഷറര്‍ പി.എ. അബ്ദുള്‍ കാദര്‍ ഹാജി(55), കെ.സി. ഹംസ(22), കെ.പി. അമീര്‍(20), അഷ്‌റഫ് നെരുവമ്പ്രം(30) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുള്‍ബഷീര്‍ നദവി, ഹംസ മൗലവി അടിപ്പാലം എന്നിവരെ എന്നിവരെ പ്രാഥമിക ചികിത്സക്ക് വിഥേയരാക്കി.

ഇ.കെ.വിഭാഗത്തില്‍പ്പെട്ട കെ.പി. ഫായിസ് (20) എം.കെ. അബ്ദുള്‍കാദര്‍(28) എന്നിവരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. കെ.കെ.മുഹമ്മദലി, പി.പി. മൂസ, പി. ആത്തിക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് എസ്.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു.

എസ്.എസ്.എഫ് സംസ്ഥാന അസി. സെക്രട്ടറി അബ്ദുല്‍ റശീദ് മാസ്റ്റര്‍ നരിക്കോടിന്റെ കെ.എല്‍. 13 വൈ. 7889 മാരുതി ആള്‍ട്ടോ കാറും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ അഞ്ചാംപീടിക മുഹമ്മദ്കുഞ്ഞി മുസ്‌ല്യാരുടെ കെ.എല്‍ 13 യു 2241 സാന്‍ട്രോ കാറുമാണ് തകര്‍ത്തത്. കാറില്‍ സ്ത്രീകളടക്കം കുടുംബാംഗങ്ങളെ ഇരുത്തി നിസ്‌കരിക്കാന്‍ മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍ പളളിയില്‍ പോയ സമയത്താണ് കാര്‍ തകര്‍ത്തത്. അക്രമികളെ കണ്ട് ഭയന്ന് വിറച്ച സ്ത്രീകള്‍ നിലവിളിച്ചു കൊണ്ട് ഓടുകയായിരുന്നു. ഹംസ മൗലവിയുടെ കെ.എല്‍ 59 1501, അബ്ദുല്ല ബാഖവിയുടെ കെ.എല്‍ 60 സി 3037, യാസര്‍ പാലക്കോടന്റെ കെ.എല്‍. 59 ഡി 5285, കാദര്‍ ഹാജിയുടെ കെ.എല്‍ 59 സി 7452 ഹബീബുല്ല കൊട്ടിലയുടെ കെ.എല്‍ 13 കെ 9728 എന്നീ ബൈക്കുകളും അഷ്‌റഫ് നരിബ്രത്തത്തിന്റെ പുതിയ ഹോണ്ട സ്‌കൂട്ടര്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടത്.

ഉദ്ഘാടന സമ്മേളം നടക്കേണ്ട കൂററന്‍ പന്തല്‍ പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. സംഭവമറിഞ്ഞ അറിഞ്ഞ ഉടനെ തളിപ്പറമ്പ സി.ഐ എ.വി ജോണ്‍, പരിയാരം എസ്.ഐ അനില്‍ കുമാര്‍, തളിപ്പറമ്പ എസ്.ഐ എ അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

എല്‍.എല്‍.എ മാരായ ടി.വി. രാജേഷ്, ജെയിംസ് മാതൃൂ, എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസിഡണ്ട് കെ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ പട്ടും, സുന്നി വിദ്യാസ ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. അബൂബക്കര്‍ മൗലവി, എസ്.വൈ.എസ് സോണല്‍ പ്രസിഡണ്ട് കെ. മുഹമ്മദ് കുഞ്ഞി ഹാജി, ജ: സെക്രട്ടറി എം. മുഹമ്മദ് സഖാഫി, എസ്.എസ്.എഫ് സംസ്ഥാന അസി. സെക്രട്ടറി അബ്ദുല്‍റശീദ് നരിക്കോട്എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അലി മെഗ്രാല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

മുന്‍ നിശ്ചയിച്ച പ്രകാരം മദ്രസ്സയുടെ ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വ്വഹിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.