Latest News

തിലോത്തമയുടെ മരണം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കീഴടങ്ങി

കാഞ്ഞങ്ങാട്: ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുറ്റിക്കോലിലെ തിലോത്തമയു(44)ടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌ചേഞ്ചിന് മുന്‍വശത്തുളള എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ അമ്പലത്തറ പേരൂരിലെ അനില്‍ കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് അനില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യ ല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കീഴടങ്ങിയത്. അനിലിനെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു. 

2013 ജൂണ്‍ 13ന് രാത്രിയാണ് കുറ്റിക്കോല്‍ ഞെരുവിലെ കണ്ണന്‍ അന്തിത്തിരിയന്റെയും ചിറ്റയിയുടെയും മകളായ തിലോത്തമയെ ഉദുമയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തിലോത്തമയെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതു സംബന്ധിച്ച് ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ഹൊസ്ദുര്‍ഗ് സിഐ, ബാബു പെരിങ്ങോത്ത് അന്വേഷണ ചുമതല ഏറ്റെടുക്കുകയുമായിരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ അനിലാണ് തിലോത്തമയുടെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തുകയും അനിലിനെ പ്രതിചേര്‍ത്ത് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് രണ്ടുമാസത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന അനില്‍ ജില്ലാ സെഷന്‍സ് കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തളളുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് അനില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്. 

തിലോത്തമയും അനിലും നേരത്തെ അടുപ്പ ത്തിലായിരുന്നു. ഇരുവരും കുറച്ചുകാലം ഒരുമിച്ച് താമസിക്കുകയും ചെയ്തു. പിന്നീട് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് അനിലും തിലോത്തമയും മാനസികമായി അകലുകയായിരുന്നു. ജൂണ്‍ 14ന് ഉച്ചക്ക് കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌ചേഞ്ചിന് സമീപത്തുളള അനിലിന്റെ ഡ്രൈവിംഗ് സ്‌കൂളിലേക്ക് തിലോത്തമ വന്നിരുന്നു. ഡ്രൈവിംഗ് സ്‌കൂളില്‍ വെച്ച് അനിലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട തിലോത്തമയ്ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. അടിയേറ്റ് അവശയായ തിലോത്തമ പിന്നീട് ഉദുമയിലെ ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി. തുടര്‍ന്നാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. 

അതേ സമയം തിലോത്തമയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അനിലിന്റെ അടിയേറ്റതിനെ തുടര്‍ന്നാണ് തിലോത്തമ മരണപ്പെട്ടതെന്ന് പ്രചാരണമുയര്‍ന്നതോടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയാണുണ്ടായത്. പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടും മരണത്തിലെ ദുരൂഹത നീങ്ങാതിരുന്നതിനെ തുടര്‍ന്ന് തിലോത്തമയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി കോഴിക്കോട്ടെ രാസപരിശോധനാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. 

തിലോത്തമ വിഷം കഴിച്ചോ വിഷം സിറിഞ്ചുപയോഗിച്ച് ശരീരത്തില്‍ കുത്തിവെച്ചോ ആത്മഹത്യ ചെയ്തതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴും അന്വേഷണം നടത്തുന്നത്. നേരത്തെ തിലോത്തമ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ നേഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നതിനാല്‍ വിഷം സിറിഞ്ചിലൂടെ കുത്തിവെച്ചിരിക്കാനുളള സാധ്യതയാണ് പോലീസ് മുന്നില്‍ കാണുന്നത്. 

തിലോത്തമയും അനിലും കൊവ്വല്‍പ്പളളിയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട് ഉദുമയില്‍ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചതോടെയാണ് തിലോത്തമ ഉദുമയിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.