Latest News

തങ്കമണി കൊലക്കേസ്; പ്രതിയെ വെറുതെ വിട്ടു

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കരിന്തളം മയ്യങ്ങാനത്തെ തങ്കമണി (45) കൊലക്കേസ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. കാഞ്ഞങ്ങാട്ടെ ഫര്‍ണീച്ചര്‍ സ്ഥാപനമായ വുഡ്‌ലെക്‌സ് സ്ഥാപനമുടമയും പാപിനിശേരി സ്വദേശിയുമായ അബ്ദുള്ളാഹി താസി എന്ന പി ടി പി താസി (34)യെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് സാനു പണിക്കര്‍ വിട്ടയച്ചത്.[www.malabarflash.com]

2010 ആഗസ്റ്റ് 17നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന നേതാവായിരുന്ന കിനാനൂര്‍ കരിന്തളം മയ്യങ്ങാനത്തെ കെ വി ഭാസ്‌ക്കരന്റെ ഭാര്യയാണ് കൊല്ലപ്പെട്ട തങ്കമണി. താസിയുടെ കടയില്‍ നിന്നും ഫര്‍ണീച്ചര്‍ വാങ്ങിയതിലൂടെയാണ് ഇരുവരും തമ്മില്‍ അടുപ്പമുണ്ടായത്. 

ഇതിനിടയില്‍ പല തവണകളിലായി തങ്കമണി താഹില്‍ നിന്നും 2.16 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ താസി തയ്യാറായില്ല. തുടര്‍ന്ന് റെക്കോര്‍ഡ് ചെയ്ത് വെച്ച മൊബൈല്‍ സംഭാഷണം ഉള്‍പ്പെടെ പുറത്ത് വിട്ട് കുടുംബ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് താസി തങ്കമണിയെ വകവരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തത്.
എല്‍ഐസി ഏജന്റായിരുന്ന തങ്കമണിയെ പ്രതി അബ്ദുള്ളാഹി താസി ആഗസ്റ്റ് 17ന് ഉച്ചക്ക് ഒന്നരമണിയോടെ മയ്യങ്ങാനത്തെ വീട്ടില്‍ അരുംകൊല ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം മുഴുക്കെ നാല്‍പ്പത്തിയഞ്ചോളം തവണ കുത്തിയും വെട്ടിയും മുറിവേല്‍പ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതല ഉണ്ടായിരുന്ന അന്ന് വെള്ളരിക്കുണ്ട് സിഐ ആയിരുന്ന സി കെ സുനില്‍ കുമാറാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രതിയെ തിരിച്ചറിയുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി മയ്യങ്ങാനത്തെത്തിയ കെഎല്‍യു 7732 നമ്പര്‍ റിറ്റ്‌സ് കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൊലക്ക് മുമ്പ് പ്രതി ചോയ്യംങ്കോട്ടെ കുഞ്ഞികൃഷ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ദില്ലി ദര്‍ബാര്‍ ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണം പാര്‍സല്‍ വാങ്ങിയതായും പോലീസ് കണ്ടെത്തി. 

കൊല്ലപ്പെട്ട തങ്കമണിയുടെ ശവശരീരത്തില്‍ നിന്നും കവര്‍ന്ന പതിമൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പാപ്പിനിശേരിയിലും വളപ്പട്ടണത്തുമുള്ള മുത്തൂറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പ്രതി അബ്ദുള്ളാഹി താസി പണയപ്പെടുത്തിയതും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
എന്നാല്‍ ഇത്രയും ക്രൂരമായ കൊലപാതകം ഒരാള്‍ മാത്രം ചെയ്തുവെന്ന കാര്യം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ ആകെ നാല്‍പത് സാക്ഷികളെ വിസ്തരിച്ചു. 2016 ഫെബ്രുവരി 19നാണ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതിഭാഗത്തിന് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്‍ ഹാജരായി.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.