Latest News

സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രമെന്ന് ‘ചന്ദ്രിക’

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് മുസ്ലിംലീഗ് നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് ‘ചന്ദ്രിക’ ദിനപത്രം. മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ‘മിന്നും താരം’ എന്ന പേരില്‍ ഞായാറാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കുഞ്ഞാലിക്കുട്ടിയായിരുന്നു കഴിഞ്ഞ ആഴ്ച കേരള രാഷ്ട്രീയത്തിലെ താരം. സെക്രട്ടേറിയറ്റ് ഉപരോധം എന്ന പേരില്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം അവരുടെ സമരശേഷി മുഴുവനുമാവാഹിച്ച് വന്‍ സന്നാഹങ്ങളോടെ നടത്തിയ ജനകീയ പ്രക്ഷോഭത്തിന്‍്റെ കൊടിപ്പടം താഴ്ന്നത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രജ്ഞതയുടെ മുമ്പിലാണ് -മുഖപ്രസംഗത്തില്‍ പറയുന്നു.

ഐക്യ ജനാധിപത്യ മുന്നണിക്ക് പോറലേല്‍ക്കാതെ കൊണ്ടുനടക്കേണ്ട ഉത്തരവാദിത്വം വലിയൊരളവോളം വന്നുവീഴുന്നത് മുസ്ലിംലീഗിന്‍്റെ ചുമലിലാണ്. തെളിച്ച് പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയുടെ ചുമലില്‍. ആ ദൗത്യം തനിക്ക് സമര്‍ത്ഥമായി നിറവേറ്റാനാവുമെന്നാണ് കുഞ്ഞാലിക്കുട്ടി തെളിയിച്ചതെന്നും മുഖപ്രസംഗം അവകാശപ്പെടുന്നു.

എന്നാല്‍, ചന്ദ്രികയുടെ മുഖപ്രസംഗത്തെക്കുറിച്ച് പ്രതികരിക്കാന്‍ കുഞ്ഞാലിക്കുട്ടി തയാറായില്ല.

  ചന്ദ്രികയിലെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം    

മിന്നും താരം
ഓരോ നെന്മണിയിലും അത് ആരാണ് ഭക്ഷിക്കേണ്ടതെന്ന് എഴുതി വെച്ചിട്ടുണ്ടെന്നാണ് സങ്കല്‍പം. ഒരാള്‍ ഏതെല്ലാം വഴികളിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് പരംപൊരുളായ ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാവും. ഇതിനു തലയിലെഴുത്തെന്ന് പറയും. അത് തൂത്താലോ മായ്ച്ചാലോ പോവുകയുമില്ല. മലപ്പുറം ജില്ലയിലെ ഒരു ടിപ്പിക്കല്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് മറ്റേത് മാപ്പിളക്കുട്ടിയും സഞ്ചരിക്കുമായിരുന്ന വഴികളിലൂടെ മാത്രം സഞ്ചരിച്ച് ചുറ്റുമുള്ള ആളുകളുടെ സുഖ ദുഃഖങ്ങളോടൊപ്പം നടന്നും ഇരുന്നും ജീവിതം കഴിച്ചുകൂട്ടിയ ഒരാള്‍, കേരള രാഷ്ട്രീയത്തിന്റെ ഗതി രൂപപ്പെടുത്തുന്ന വിധി നിര്‍ണയങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുമ്പോള്‍ അതിന് ഇതൊന്ന് മാത്രമേയുള്ളൂ ന്യായം. പി.കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിംലീഗ് എന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ്.

വാളയാര്‍ ചുരം കടന്നാല്‍ റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററുടെ കൈയില്‍ മാത്രം കാണുന്ന കൊടി എന്ന് എതിരാളികള്‍ കളിയാക്കി പറഞ്ഞുപോന്ന ഹരിതപതാകയുടെ തണലില്‍, സ്വന്തം രാഷ്ട്രീയത്തിന് ഇടം കണ്ടെത്തിയ ആള്‍. സെഫോളജിസ്റ്റുകളുടെ കണക്കുകള്‍വെച്ച് നോക്കിയാല്‍ മലപ്പുറം ജില്ല എന്ന ചെറിയ കുളത്തിലെ വലിയ മീന്‍.

എന്നാല്‍ ഈ മനുഷ്യനായിരുന്നു കഴിഞ്ഞ ആഴ്ച കേരള രാഷ്ട്രീയത്തിലെ താരം. സെക്രട്ടറിയേറ്റ് ഉപരോധം എന്ന പേരില്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം അവരുടെ സമരശേഷി മുഴുവനുമാവാഹിച്ച് വന്‍ സന്നാഹങ്ങളോടെ നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ കൊടിപ്പടം താഴ്ന്നത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രജ്ഞതയുടെ മുമ്പിലാണ്.

എന്തുവില കൊടുത്തും ഉപരോധത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര സേനയെപ്പോലും മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ ഇറങ്ങിയപ്പോള്‍ തിരുവനന്തപുരം നഗരം കിടുകിടുത്തത് സത്യം. എന്തും സംഭവിക്കാമായിരുന്ന ഈ സ്ഥിതിവിശേഷത്തില്‍നിന്ന് ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ പ്രശ്‌ന പരിഹാരത്തിന്റെ മാര്‍ഗം കണ്ടെത്തിയത് കുഞ്ഞാലിക്കുട്ടിയുടെ നയചാതുരിയാണെന്നത് മാധ്യമങ്ങള്‍ തന്നെ വാഴ്ത്തുന്നു.

ഈ നയചാതുരി, പ്രിയപ്പെട്ടവര്‍ കുഞ്ഞാപ്പയെന്ന് വിളിക്കുന്ന പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്ക് ജന്മസിദ്ധമായി ലഭിച്ചതാണോ നിരന്തര പരിശ്രമത്തിലൂടെ നേടിയെടുത്തതാണോ എന്നൊന്നും ചികഞ്ഞ് നോക്കേണ്ടതില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം ഈ ചാതുര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ചില നേതാക്കള്‍ അങ്ങനെയാണ്. ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കും. വേറെ ചിലര്‍ ഏത് പരിഹാരത്തില്‍നിന്നും പ്രശ്‌നമുണ്ടാക്കാന്‍ മിടുക്കരായിരിക്കും. യു.ഡി.എഫില്‍തന്നെയുണ്ട് ഇത്തരം മിടുക്കന്‍മാര്‍ എന്നതൊരു പരസ്യമായ രഹസ്യമാണ്. അതിനാല്‍ കൈയിലിരുന്ന വടി പാമ്പായി മാറി തിരിഞ്ഞുകൊത്തുമോ എന്ന് പേടിക്കേണ്ട അവസ്ഥയിലാണ് പലപ്പോഴും മുഖ്യമന്ത്രിപോലും നില്‍ക്കുന്നത്.


കാര്യങ്ങള്‍ അങ്ങനെയായിരിക്കെ ഐക്യ ജനാധിപത്യ മുന്നണിക്ക് പോറലേല്‍ക്കാതെ കൊണ്ടുനടക്കേണ്ട ഉത്തരവാദിത്വം വലിയൊരളവോളം വന്നുവീഴുന്നത് മുസ്‌ലിംലീഗിന്റെ ചുമലിലാണ്. തെളിച്ച് പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയുടെ ചുമലില്‍. ആ ദൗത്യം തനിക്ക് സമര്‍ത്ഥമായി നിറവേറ്റാനാവുമെന്നാണ് കഴിഞ്ഞ ആഴ്ച അദ്ദേഹം തെളിയിച്ചത്. അല്ലെങ്കില്‍ കുറച്ചുകാലമായി ചെയ്തുപോന്ന ദൗത്യത്തിന്റെ തുടര്‍ച്ചയാണത്. അറബ് വസന്തമെന്നും വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലെന്നും മറ്റും പറഞ്ഞും ആര്‍ത്തിരമ്പിവന്ന ഇടത് പ്രക്ഷോഭം അലിഞ്ഞുപോയത് ഈ സാമര്‍ത്ഥ്യത്തിന്റെ മുമ്പില്‍.

പറഞ്ഞുവന്നാല്‍ അങ്ങനെയൊരു കേമത്തത്തിന്റെ 'ഹാലോ' കുഞ്ഞാപ്പയുടെ വ്യക്തിത്വത്തിന്റെ ചുറ്റുമില്ല. അദ്ദേഹം വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന പ്രസംഗകനല്ല; ഭാവഹാവാദികളിലൂടെ ആളുകളെ കൈയിലെടുക്കുന്ന വിരുതനല്ല. തേജോമയനായ ആകാരസ്വരൂപനല്ല; ലീഗിന്റെ ഏത് പ്രാദേശിക പ്രവര്‍ത്തകനെയും പോലെ സാധാരണക്കാരന്‍. ഏത് സാധാരണ പ്രവര്‍ത്തകനും മനസിലാവുന്ന ഭാഷയില്‍ സംസാരിക്കുന്ന വ്യക്തി. ഉടുപ്പിലും നടപ്പിലും എടുത്തുപറയാവുന്ന യാതൊരു സവിശേഷതയും കുഞ്ഞാപ്പക്കില്ല.

അതുകൊണ്ടുതന്നെ അദ്ദേഹമത്ര ഫോര്‍മിഡബിള്‍ ആണെന്ന് പലരും കരുതാറില്ല. പക്ഷേ കുഞ്ഞാലിക്കുട്ടിയോട് ഏറ്റുമുട്ടുമ്പോഴേ അറിയൂ ആള്‍ ഹൈന്ദവ പുരാണങ്ങളിലെ ബാലിയെപോലെ ആണെന്ന്. എതിരാളിയുടെ കരുത്തില്‍ പാതി ഇങ്ങോട്ട് പോരും. അതോടെ വിജയം സുനിശ്ചിതം. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലുമുണ്ടായ വെല്ലുവിളികളിലുടനീളം പി.കെ കുഞ്ഞാലിക്കുട്ടി ജയിച്ചുകയറിയത് ഈ സാധാരണത്വം ചാര്‍ത്തി നല്‍കിയ അസാധാരണ ശക്തി ഉപയോഗിച്ചാണ്. ശത്രുക്കള്‍ അതിനെ ഏത് പേരിട്ട് വിളിച്ചാലും ശരി.

ചെറുപ്പം മുതലേ പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങളുടെ ആശീര്‍വാദത്തിന്റെ തണല്‍ അദ്ദേഹത്തിന്റെ തലക്ക് മുകളിലുണ്ട്. ജെ.ഡി.റ്റിയിലും ഫാറൂഖ് കോളജിലും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലും പഠിച്ച് എം.എസ്.എഫ് രാഷ്ട്രീയത്തിലൂടെ കയറിവന്നാണ് ലീഗില്‍ സ്ഥാനമുറപ്പിച്ചത്. ആദ്യത്തെ സ്ഥാനലബ്ധി ഫാറൂഖ് കോളജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുടേത്. പിന്നീട് എം.എസ്.എഫിന്റെ സംസ്ഥാന ഖജാന്‍ജി.

മലപ്പുറത്ത് നടന്ന അറബി ഭാഷാ സമരമാണ് സ്വന്തം ആശയങ്ങളോടുള്ള കുഞ്ഞാപ്പയുടെ വീറും വാശിയും ലോകത്തിന് ബോധ്യപ്പെടുത്തികൊടുത്തത്. പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ പദവി മുതല്‍ സംസ്ഥാന മന്ത്രിവരെയുള്ള നിരവധി സ്ഥാനങ്ങള്‍.

പാര്‍ട്ടിയുടെ അമരക്കാരനായത് അതിന്റെ തുടര്‍ച്ച. ഇനിയും പി.കെ കുഞ്ഞാലിക്കുട്ടിയെ കാത്തുനില്‍ക്കുന്ന ഉയരങ്ങള്‍ പലതുമുണ്ടെന്ന് കരുതുന്നവര്‍ ഏറെയാണ്. അതിന് ഒന്നേയുള്ളു കാരണം. തിരിച്ചടികളില്‍ തളരാത്ത ആത്മവീര്യം. അത് റബര്‍പന്ത്‌പോലെയാണ്. എറിഞ്ഞതിനേക്കാള്‍ ഊക്കില്‍ തിരിച്ചുവരും. പതനങ്ങളെ ഈ ആത്മവീര്യം ഉത്ഥാനമാക്കിമാറ്റും. അതിനാല്‍ കണ്ണുംനട്ട് കാതോര്‍ത്ത് കാത്തുനിന്നോളൂ..

സെക്രട്ടേറിയറ്റ് ഉപരോധം: സി.പി.എമ്മിനെ അനുനയിപ്പിച്ചത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.