Latest News

‘അസ്സലാമു അലൈക യാ ശഹ്‌റു റമസാന്‍’... വിടപറഞ്ഞത് വിശുദ്ധ മാസത്തിലെ അവസാന വെള്ളി


കാസര്‍കോട്: വിശുദ്ധ റമസാനിലെ അവസാന വെള്ളിയുടെ പുണ്യം തേടി വിശ്വാസികള്‍. നരകമോചനം തേടുന്ന പത്തില്‍ പാപക്കറകള്‍ തീര്‍ക്കാന്‍ മനമുരുകി നാഥനിലേക്ക് കൈ ഉയര്‍ത്തി മസ്ജിദുകളില്‍ വിശ്വാസികള്‍ നിറഞ്ഞൊഴുകി. ലൈലത്തുല്‍ ഖദ്‌റിന് സാധ്യതയുള്ള ദിനങ്ങള്‍ മുന്നിലുള്ളതിനാല്‍ ഓരോ മണിക്കൂറും വിശ്വാസികള്‍ക്ക് വിലപ്പെട്ടതാണ്. നേരത്തെ പള്ളികളിലെത്തി ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയും അവര്‍ സ്രഷ്ടാവിന്റെ പ്രീതിക്ക് വേണ്ടി എല്ലാം സമര്‍പ്പിച്ചു. റമസാന്‍ വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി തുടര്‍ന്നും ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ വിശ്വാസികളെ ഉണര്‍ത്തി. റമസാന്‍ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റും പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനാ സംഗമങ്ങളും നടക്കുന്നുണ്ട്.

ഏറെ പുണ്യമുള്ള കര്‍മമായതിനാല്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിച്ചും വിശ്വാസി പുണ്യമാസത്തിന്റെ നന്മയില്‍ പങ്കാളിയാകുകയാണ്. മിക്ക പള്ളികളിലും ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പള്ളികള്‍ നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് വിശ്വാസികളുടെ നിര നീണ്ടിരുന്നു. കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് മസ്ജിദില്‍ ജാഫര്‍ഖാന്‍ കോളനി റോഡിലും തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലും നിന്നാണ് വിശ്വാസികള്‍ ജുമുഅ നിസ്‌കാരം നിര്‍വഹിച്ചത്. നഗരത്തിലെ മറ്റു പള്ളികളിലും ഇതു തന്നെയായിരുന്നു സ്ഥിതി.

വിശുദ്ധ റമസാനിലെ അവസാനത്തെ പത്തില്‍ മണ്‍മറഞ്ഞുപോയവരുടെ ഖബര്‍സ്ഥാനുകളില്‍ പരലോക നന്മക്കായുള്ള പ്രാര്‍ഥനകളും സജീവമായിരുന്നു. ജോലിത്തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് അവസാന വെള്ളിയാഴ്ച സ്വന്തം നാടുകളിലെ പള്ളികളില്‍ പ്രാര്‍ഥനക്ക് സമയം കണ്ടെത്തിയവരായിരുന്നു ഏറെയും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.