Latest News

മലയാളികളെ ഹൃദയ സരസ്സില്‍ പ്രണയപുഷ്പം വിടര്‍ത്താന്‍ ഇനി ദക്ഷിണാമൂര്‍ത്തി സ്വാമി ഇല്ല

ചെന്നൈ: നാദബ്രഹ്മത്തിന്റെ മഹാസാഗരങ്ങള സ്വരരാഗങ്ങളിൽ ആവാഹിച്ചൊതുക്കിയ ദക്ഷിണാമൂർത്തി സ്വാമി സംഗീതചക്രവാളങ്ങളിൽ ശാശ്വതമായ ഒരു നിശ്ചലശൂന്യത ബാക്കിയാക്കി നിത്യതയിൽ വിലയിച്ചു.
ചെന്നൈയിലെ മൈലാപ്പൂരിലുള്ള വസതിയില്‍ വെള്ളിയാഴ്ച
രാത്രി എട്ടു മണിക്കാണ് കര്‍ണ്ണാടക സംഗീതത്തിലെയും ചലച്ചിത്ര സംഗീതത്തിലെയും പ്രകാശഗോപുരമായിരുന്ന
വി. ദക്ഷിണാമൂര്‍ത്തി സ്വച്ഛന്ദമായി മൃത്യുവിലേക്ക് കടന്നുപോയത്.

വയറുവേദന തോന്നിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച
രാവിലെ മുതൽ വിശ്രമത്തിലായിരുന്നു. രാത്രിയോടെ മകളുടെ വീട്ടിലേക്ക് പോകാന്‍ ഭാര്യ കല്യാണി അമ്മാൾ ചെന്ന് വിളിച്ചപ്പോള്‍ അനക്കമില്ല. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്‌ക്ക് ചെന്നൈയിൽ നടക്കും.

സംഗീതത്തിന്റെ മാസ്‌മരികതയിലൂടെ മലയാളികളെ സ്വപ്‌നം കാണാനും ഹൃദയസരസിൽ പ്രണയപുഷ്പങ്ങൾ വിടർത്താനും വിരഹത്തീയിൽ ഉരുകാനും ഈശ്വര പൂജയിൽ ലയിക്കാനുമൊക്കെ ശീലിപ്പിച്ച പുണ്യജന്മം 94 വർഷത്തെ ജീവിത തീർത്ഥയാത്ര അവസാനിപ്പിക്കുകയായിരുന്നു.

ആലപ്പുഴയിൽ ഡി. വെങ്കടേശ്വര അയ്യരുടേയും പാർവതി അമ്മാളിന്റേയും മകനായി 1919 ഡിസംബർ 21നാണ് വെങ്കിടേശ്വരൻ ദക്ഷിണാമൂർത്തിയുടെ ജനനം. കുഞ്ഞായിരിക്കുമ്പോൾ തന്നെ സംഗീതത്തോട് അഗ്നിവേശമായിരുന്നു. അത് കണ്ടറിഞ്ഞ അമ്മ തന്നെയാണ് ആദ്യ ഗുരു. മഹാനായ ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങൾ അമ്മ മകനെ പഠിപ്പിച്ചു. പത്താം ക്ളാസ് കഴിഞ്ഞ് തിരുവനന്തപുരത്ത് വെങ്കടാചലം പോറ്റിയുടെ ശിഷ്യനായി കർണ്ണാടക സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ചു. തികഞ്ഞ ഈശ്വരവിശ്വാസിയായ ദക്ഷിണാമൂർത്തിക്ക് സംഗീതം തപസും ഉപാസനയുമായിരുന്നു.

നെറ്റിയിലും ശരീരത്തിലും കളഭവും ഭസ്‌മവും കഴുത്തിൽ രുദ്രാക്ഷ മാലകളും അണിഞ്ഞ് കർണ്ണാടകസംഗീതത്തിലെ അപാര ജ്ഞാനവുമായാണ് 'സ്വാമി' സിനിമാസംഗീതത്തിലേക്ക് കടന്നു വരുന്നത്.

കുഞ്ചാക്കോയുടെ നല്ലതങ്ക എന്ന സിനിമയിലായിരുന്നു അരങ്ങേറ്റം. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫായിരുന്നു നായകൻ. സ്വാമി ചിട്ടപ്പെടുത്തിയ പാട്ട് അഗസ്റ്റിൻ ജോസഫ് പാടി അഭിനയിച്ചു. പിൽക്കാലത്ത് യേശുദാസും, അദ്ദേഹത്തിന്റെ മകൻ വിജയ് യേശുദാസും ദക്ഷിണാമൂർത്തിയുടെ സംവിധാനത്തിൽ പാടിയപ്പോൾ മൂന്ന് തലമുറയെ പാടിപ്പിച്ച അപൂർവതയുമായി. ഹൃദയ സരസിലേ പ്രണയ പുഷ്പമേ....എന്ന ഗാനം പിൽക്കാലത്ത് ദക്ഷിണാമൂർത്തിയും യേശുദാസും ചേർന്ന് പല വേദികളിലും പാടിയത് മറക്കാനാവാത്ത ഒരു ഓർമ്മയുടെ മുഴക്കമാണ്.

അൻപതിലേറെ വർഷം സിനിമാ സംഗീതത്തിൽ നിറഞ്ഞു നിന്ന ദക്ഷിണാമൂർത്തി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 125-ലധികം സിനിമകള്‍ക്കേ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളൂ. സിനിമകളുടെ എണ്ണത്തേക്കാൾ പാട്ടിന്റെ അനശ്വര സൗന്ദര്യമായിരുന്നു അദ്ദേഹത്തിന് പഥ്യം.
ഥ്യം.'സ്വപ്നങ്ങള്‍ , സ്വപ്നങ്ങളേ നിങ്ങള്‍ ... (കാവ്യമേള), പാട്ടു പാടി ഉറക്കാം ഞാൻ....(സീത), ഉത്തരാസ്വയംവരം (ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), കാട്ടിലെ പാഴ്മുളം (വിലയ്‌ക്കുവാങ്ങിയ വീണ), വാതില്‍പ്പഴുതിലൂടെ (ഇടനാഴിയില്‍ ഒരു കാലൊച്ച) എന്നിവ ദക്ഷിണാമൂര്‍ത്തിയുടെ അനശ്വര ഗാനങ്ങളാണ്.

ശ്രീകുമാരൻ തമ്പിയുടെ നിരവധി ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. വയലാർ-ദേവരാജൻ, പി. ഭാസ്‌കരൻ- ബാബുരാജ് കൂട്ടുകെട്ടുകൾ പോലെ ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടും നിരവധി നിത്യഹരിത ഗാനങ്ങൾക്ക് പിറവി നൽകി. മിഴികള്‍ സാക്ഷിയാണ് അവസാനം സംഗീതം നൽകിയ സിനിമ.ആശാദീപം എന്ന ആദ്യകാല സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.


Photo: Mathrubhumi.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, V.Dakshnamoorthy, Singer



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.