Latest News

റാന്നിയില്‍ ലോറി നിയന്ത്രണംതെറ്റി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു

റാന്നി: പാചകവാതക സിലിന്‍ഡറുകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണംതെറ്റി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരു സ്ത്രീക്ക് സാരമായി പരിക്കേറ്റു. 

ബസ്‌സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വാഴൂര്‍ ടി.പി. പുരം വളവില്‍ കരോട്ട് സജിയുടെ ഭാര്യ ബിന്ദു സജി (34), എരുമേലി സി.എച്ച്.സി.യിലെ നഴ്‌സും ചാമംപതാലില്‍ അഡ്വ. മുരളീധരന്‍പിള്ളയുടെ ഭാര്യയുമായ രാജമ്മ (45) എന്നിവരാണ് മരിച്ചത്.

ബസ്‌സ്റ്റോപ്പിലുണ്ടായിരുന്ന രണ്ട് പുരുഷന്മാര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ചാത്തന്‍തറ കുളങ്ങര റോസമ്മയെ (65) റാന്നി മാര്‍ത്തോമ്മാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ റാന്നി - എരുമേലി റോഡില്‍ പ്ലാച്ചേരിയിലാണ് സംഭവം. കൊല്ലത്തെ ഗ്യാസ്​പ്ലാന്റില്‍നിന്ന് എരുമേലിയിലേക്ക് പാചകവാതകസിലിന്‍ഡറുകളുമായി വന്ന ലോറിയാണ് മറിഞ്ഞത്. 

പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍നിന്ന് വളവുതിരിഞ്ഞ ലോറി നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. എരുമേലി ഭാഗത്തേക്ക് പോകുന്നവര്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്തേക്കാണ് ലോറി മറിഞ്ഞത്.

ബിന്ദുവും രാജമ്മയും പൂര്‍ണമായും ലോറിക്കടിയിലായിരുന്നു. രണ്ട് മണ്ണുമാന്തികള്‍ എത്തിച്ച് ലോറി ഉയര്‍ത്തിയശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. ഇരുവരെയും താലൂക്കാസ്​പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സിലിന്‍ഡറുകള്‍ക്കിടയില്‍പ്പെട്ട റോസമ്മയെ നാട്ടുകാര്‍ ആദ്യം റാന്നി മാര്‍ത്തോമ്മാ ആസ്​പത്രിയിലെത്തിച്ചു. ഇവരുടെ തലയ്ക്കാണ് പരിക്കേറ്റത്.

കൊല്ലം പാരിപ്പള്ളി ഗ്യാസ് പ്ലാന്റില്‍നിന്ന് 306 സിലിന്‍ഡറുകളുമായി എരുമേലി ശാസ്താ ഗ്യാസ് ഏജന്‍സിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ വന്ന ലോറി വളവ് തിരിയുന്നതിനിടയില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാര്‍ സിലിന്‍ഡറുകള്‍ എടുത്തുമാറ്റി റോസമ്മയെ ആസ്​പത്രിയിലെത്തിച്ചു. 

സംഭവമറിഞ്ഞ് റാന്നി സി.ഐ. ജെ. ഉമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസും റാന്നി, എരുമേലി എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സും എത്തി. മണിമല സി.ഐ. അശോക്കുമാറിന്റെ നേതൃത്വത്തിലും പോലീസ് സ്ഥലത്തെത്തി. 

എരുമേലി സോണി ആസ്​പത്രിയിലെ ജീവനക്കാരിയാണ് ബിന്ദു. മക്കള്‍: അമല്‍, വിമല്‍ (വിദ്യാര്‍ഥികള്‍ എസ്.വി.ആര്‍.വി. എന്‍.
എസ്.എസ്. എച്ച്.എസ്.എസ്. വാഴൂര്‍).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pathanamthitta, Ranni, Accident

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.