Latest News

മോബിന്‍ ഇനി കണ്ണുകള്‍ തുറന്നുപിടിച്ച് ജീവിക്കും

തിരുവനന്തപുരം: കണ്ണില്‍ ചോരയില്ലാതെ കടന്നുകളഞ്ഞവര്‍ക്കും നിസംഗരായി നിന്നവര്‍ക്കുമൊക്കെ മുന്നില്‍ മോബിന്‍ ഇനിയും കണ്ണുകള്‍ തുറന്നുപിടിച്ച് ജീവിക്കും.

ഒന്നിന് പിന്നാലെ ഒന്നായി രണ്ടു വണ്ടികള്‍ ഇടിച്ചുതെറിപ്പിച്ച് റോഡില്‍ ചോരവാര്‍ന്ന് കിടന്ന 19-കാരന്‍ മരണത്തിലേക്ക് പോയത് തന്റെ കണ്ണുകള്‍ ഈ ലോകത്തിനു സ്‌നേഹപൂര്‍വം നല്‍കിയശേഷം.

വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ പാറക്കൂട്ടത്തില്‍വീട്ടില്‍ മോഹനന്റെയും റോസമ്മയുടെയും മകന്‍ എം.ആര്‍. മോബിനാ(19)ണ് മരണത്തിനും അനശ്വരതയുടെ കാഴ്ചയേകിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കിടെ അല്‍പനേരം തെളിഞ്ഞുനിന്ന ബോധാവസ്ഥയിലാണ്, മരിക്കുകയാണെങ്കില്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് അവന്‍ പറഞ്ഞത്. മറ്റ് അവയവങ്ങള്‍ എല്ലാം കേടായതിനാല്‍ കണ്ണ് മാത്രമേ കാത്തുവെയ്ക്കാനായുള്ളൂ. നാടിന് അവനെ വേണ്ടെങ്കിലും അവന് ഈ ലോകത്തെ വേണമായിരുന്നു.

ആനയറ വേള്‍ഡ്മാര്‍ക്കറ്റിന് സമീപം ശനിയാഴ്ച രാവിലെയാണ് മോബിന്‍ സഞ്ചരിച്ച ബൈക്കിനെ ഒരു കാര്‍ ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോയത്. റോഡില്‍ വീണുകിടന്ന മോബിന്റെ ശരീരത്തിലൂടെ പിന്നാലെവന്ന ഗുഡ്‌സ് ഓട്ടോയും കയറി ഇറങ്ങി.

രാവിലെ എട്ടരയോടെയായിരുന്നു അപകടം. രണ്ടു വണ്ടിയും നിര്‍ത്താതെപോയി. ചോരവാര്‍ന്ന് റോഡില്‍ കിടന്നിട്ടും ആള്‍ക്കാര്‍ കാഴ്ചകണ്ട് നിന്നതേയുള്ളൂ. ഏറെ വൈകിയശേഷമാണ് നാട്ടുകാരില്‍ ചിലര്‍ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

മരണവുമായി മല്ലടിച്ച മോബിനെ ഉടന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയയ്ക്കിടെ ബോധം തെളിഞ്ഞ മോബിന്‍ ഡോക്ടറോട് ആവശ്യപ്പെട്ടത് ഇത്രമാത്രം-മരിക്കുകയാണെങ്കില്‍ തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യണം. ഡോക്ടര്‍ ഇക്കാര്യം അച്ഛന്‍ മോഹനനെ അറിയിച്ചു. അപകടത്തില്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്ന മോബിന്റെ ശരീരത്തില്‍ പരുക്കേല്‍ക്കാതെ അവശേഷിച്ചിരുന്നത് കണ്ണുകള്‍ മാത്രം.

ആരോടും പരിഭവമില്ലാതെ അവന്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍, ഈ ലോകത്തെ കണ്ടു കൊതിതീരാത്ത ആ കണ്ണുകള്‍ മാത്രം അങ്ങനെ ഐ ബാങ്കിലേക്ക്.

അട്ടക്കുളങ്ങര എം.പി. കോളേജില്‍ ഐ.ടി.സി സിവില്‍ കോഴ്‌സിലെ ആദ്യവര്‍ഷ വിദ്യാര്‍ഥിയും നിര്‍ധന കുടുംബാംഗവുമായ മോബിന്‍ അവധിദിവസങ്ങളില്‍ കാറ്ററിങ് സ്ഥാപനത്തില്‍ ജോലിക്ക്‌പോയാണ് ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയിരുന്നത്. ഒരു കല്യാണചടങ്ങിന്റെ കാറ്ററിങ്ങിനായി പുറപ്പെട്ടതായിരുന്നു ശനിയാഴ്ച. പക്ഷേ ആരുടെയോ അമിതവേഗത്തന് മുന്നില്‍ ഈ 19-കാരന്റെ ജീവന്‍ പിടഞ്ഞുവീണു.

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകനായ മോബിന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മോനിഷയാണ് അനുജത്തി. കൗമാരം കടക്കുംമുന്‍പ് മരണം പതിയിരുന്നെത്തിയിട്ടും പിടികൊടുക്കാതെ അവന്റെ കണ്ണുകള്‍ മാത്രം ഇനിയും ജീവനോടെ തുടിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobin, Accident, Obituary, Thiruvananthapuram


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.