Latest News

പ്രണയത്തിന്‍െറയും വേദനയുടെയും തീവ്രാനുഭവങ്ങളിലേക്ക് മഷിയെറിഞ്ഞ പ്രിയ കവി പടിയിറങ്ങി

കൊച്ചി: മുന്നിലിരിക്കുന്നവരുടെ സജലങ്ങളായ കണ്ണുകളില്‍ നോക്കി കവി ഒരു നിമിഷം നിശ്ശബ്ദനായി. പിന്നീട് ഒഴിവാക്കാനാവാത്ത ഒരു കര്‍ത്തവ്യം നിര്‍വഹിക്കുംപോലെ പറഞ്ഞുതുടങ്ങി: ‘നിങ്ങളെന്നോട് കാണിക്കുന്ന സ്നേഹം ഈശ്വരവിശ്വാസികളാണെങ്കില്‍ അത് ഈശ്വരനു വേണ്ടിയാണ്. നിരീശ്വരവിശ്വാസികളെങ്കില്‍ അത് മനുഷ്യരാശിക്കായി’. പ്രണയത്തിന്‍െറയും വേദനയുടെയും തീവ്രാനുഭവങ്ങളിലേക്ക് മഷിയെറിഞ്ഞ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒൗദ്യോഗിക ജീവിതത്തോട് വിട ചൊല്ലുകയായിരുന്നു.

ജില്ലാ ട്രഷറിയില്‍ ജൂനിയര്‍ സൂപ്രണ്ടിന്‍െറ വേഷം അഴിച്ചുവെച്ച് പടിയിറങ്ങുന്ന ചുള്ളിക്കാടിന്‍െറ യാത്രാമൊഴിക്ക് കാതോര്‍ക്കാന്‍ ഉച്ചക്ക് 2.30ന് തന്നെ കാക്കനാട്ടെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ തിങ്ങിനിറഞ്ഞു. നമിച്ച ശിരസ്സുകള്‍ക്ക് മുന്നിലേക്ക് കൂപ്പുകൈകളോടെ തൊണ്ടയിടറി അദ്ദേഹം തുടര്‍ന്നു: ‘മാതാപിതാക്കളെക്കാളും കുടുംബത്തെക്കാളും തന്നെ സ്നേഹിക്കുകയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്തത് ഈ ട്രഷറി വകുപ്പാണ്. മനസ്സ് വിഷമിപ്പിക്കുന്ന ഒരു നിമിഷമെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അന്നേ ഞാന്‍ രാജിവെച്ചിറങ്ങിയെനെ.

 17ാം വയസ്സില്‍ പേപ്പട്ടിയെ പോലെ ആട്ടിയോടിക്കപ്പെട്ട് ഭിക്ഷാടനം മുതല്‍ പല തൊഴിലുകളും ചെയ്ത എനിക്ക് രാജിവെക്കാന്‍ മടിയില്ലായിരുന്നു. പക്ഷേ, 26 വര്‍ഷം ട്രഷറി എനിക്ക് അഭയമായിരുന്നു. സഹപ്രവര്‍ത്തകര്‍ നല്‍കിയ സ്നേഹം. അതാണ് എന്നെ ജീവിപ്പിച്ചത്’ -ചുള്ളിക്കാട് പറഞ്ഞു. ‘ഞാന്‍ ഇവിടെ എത്തിയ ഓരോ ദിവസവും ജോലി ചെയ്തിട്ടുണ്ട്. ചെയ്യാനാകാത്തപ്പോള്‍ എന്‍െറ ജോലി ഏറ്റെടുത്ത് എന്നെ സംരക്ഷിച്ച നിരവധി പേരുണ്ട്.ജീവിതപങ്കാളി വിജയലക്ഷ്മിക്കൊപ്പമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹപ്രവര്‍ത്തകരോട് യാത്ര പറയാനത്തെിയത്. 

സി.ആര്‍. ഓമനക്കുട്ടന്‍,എം.വി. ബെന്നി, കെ.എസ്. സുധ(സുധക്കുട്ടി),ശ്രീമൂലനഗരം മോഹന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.