Latest News

തകര്‍ന്ന റോഡുകളെല്ലാം ഒരു മാസത്തിനകം നന്നാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളെല്ലാം ഒരു മാസത്തിനകം അറ്റകുറ്റപണി
നടത്തി ഗതാഗതയോഗ്യമാക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഇതിനായി പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ 431 കോടി രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി.

ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തുല്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്നതിനുള്ള കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മഴ മൂലം തകര്‍ന്ന റോഡുകളുടെ നവീകരണം സംബന്ധിച്ച് ജില്ലകളില്‍ വകുപ്പ് മന്ത്രി നടത്തുന്ന അവലോകനം ഈ മാസം തന്നെ പൂര്‍ത്തിയാക്കും.

13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊല്ലം ബൈപാസിന് 264.67 കോടി രൂപയാണ് നിര്‍മാണ ചെലവ്. 6.8 കിലോമീറ്റര്‍ വരുന്ന ആലപ്പുഴ ബൈപാസ് നിര്‍മാണത്തിന് 253.83 കോടി രൂപയും ചെലവ് കണക്കാക്കുന്നു. ആലപ്പുഴ, കൊല്ലം നഗരങ്ങളില്‍ ദേശീയപാത ബൈപാസിന് നേരത്തെ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും പല കാരണങ്ങളാല്‍ നിര്‍മാണം നടന്നിരുന്നില്ല.

ദേശീയപാത വികസനത്തിനുള്ള മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കൈമാറിയാല്‍ നിര്‍മാണം നടത്താമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചിരുന്നത്. ഇത് സാധ്യമാകാതെ വന്നതോടെയാണ് സംസ്ഥാനസര്‍ക്കാറും എന്‍.എച്ച് അതോറിറ്റിയും തുല്ല്യപങ്കാളിത്തത്തില്‍ നിര്‍മാണം നടത്താന്‍ തീരുമാനിച്ചത്. 518.5 കോടി രൂപ നിര്‍മാണ ചെലവ് 50:50 അനുപാതത്തില്‍ സംസ്ഥാനസര്‍ക്കാറും എന്‍.എച്ച് അതോറിറ്റിയും വഹിക്കും.

ദേശീയപാത അതോറിറ്റി മുടക്കുന്ന പണത്തിന് ടോള്‍ ഉണ്ടാകും. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം അഡ്വാന്‍സായി നല്‍കണമെന്ന നിബന്ധന എന്‍.എച്ച് അതോറിറ്റി മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഇതില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കും കരാര്‍ ഒപ്പുവെക്കുന്നതിനുമായി ചീഫ്‌സെക്രട്ടറി ഡല്‍ഹിക്ക് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Road, Ummamn chandi





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.