Latest News

കനത്ത മഴ: സംസ്ഥാനത്ത് പതിനഞ്ച് മരണം

തൊടുപുഴ : സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം പതിനഞ്ച് ആയി. ഇടുക്കിയില്‍ പന്ത്രണ്ട് പേരും എറണാകുളത്ത് രണ്ട് പേരും മരിച്ചു. കായംകുളത്ത് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ഇടുക്കി ദുരന്തത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. പത്ത് പേരെ കാണാതായിട്ടുണ്ടെന്നും എട്ട് പേര്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ആറക്കോണത്തു നിന്നും ദുരന്തനിവാരണ സേനയും പുറപ്പെട്ടു.ചീയപ്പാറയില്‍ മൂന്ന് തവണ ഉരുള്‍ പൊട്ടി. അഞ്ച് പേര്‍ മരിച്ചു. ഇരുപത് പേരെ കാണാതായിട്ടുണ്ട്.

ഇടുക്കിയില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. തടിയമ്പാട് ഉറുമ്പ്തടത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന, ജോസ്‌നി , കുഞ്ചിത്തണ്ണി വരിക്കേരി പാപ്പച്ചന്റെ ഭാര്യ തങ്കമ്മ, മാമലക്കാട് പീതാംബരന്റെ ഭാര്യ ശാരദ, തങ്കമ്മ എന്നിവരാണ് മരിച്ച സ്ത്രീകള്‍.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കൊല്ലം- തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ ഗതാഗതം തടസ്സപ്പെട്ടു.

തൊമ്മന്‍കുത്ത്, മനയത്തടം, മുരിക്കാശ്ശേരി, ചെറുതോണി, മുള്ളരിങ്ങാട്, പെരിങ്ങാശ്ശേരി, മൂലക്കാട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. കല്ലാര്‍ക്കുടി അണക്കെട്ടിനോട് ചേര്‍ന്ന് മണ്ണിടിച്ചിലില്‍ സെക്യൂരിറ്റി പോസ്റ്റ് തകര്‍ന്നു, ജീവനക്കാരന്‍ രക്ഷപെട്ടു.കല്ലാര്‍കുട്ടി, ലേവര്‍പെരിയാര്‍, മലങ്കര, പെന്‍മുടി, ചെങ്കുളം അണക്കെട്ടുകള്‍ തുറന്നു.

നേര്യമംഗലം- ഇടുക്കി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.എറണാകുളത്ത് കാലടി, കാഞ്ഞൂര്‍, കവളങ്ങാട് എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പാവൂരില്‍ കോടനാട് ഒഴിക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.

എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. രക്ഷാ പ്രവര്‍ത്തനം വിലയിരുത്താന്‍ അടിയന്തര മന്ത്രിസഭായോഗം 12 മണിക്ക് ചേരും. ഇടുക്കിയില്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂം തുറന്നു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി 10000 രൂപ ധനസഹായവും നല്‍കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Edukki, Thodupuzha, Rain, Eranakulam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.