Latest News

സരിതയെയും ബിജുവിനെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി


കാഞ്ഞങ്ങാട്: കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പിലെ നായിക സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും കാഞ്ഞങ്ങാട്ടെ കാറ്റാടി യന്ത്ര തട്ടിപ്പ് കേസില്‍ വ്യാഴാഴ്ച ഉച്ചക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്)കോടതിയില്‍ ഹാജരാക്കി. ഇരുവരെയും വ്യാഴാഴ്ച ഉച്ചക്ക് കോടതിയില്‍ ഹാജരാക്കണമെന്ന മജിസ്‌ട്രേട്ട് രാജീവന്‍ വാച്ചാലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഉച്ചക്ക് 3.40 മണിയോടെ കോടതിയില്‍ എത്തിച്ചത്. 

കണ്ണൂര്‍ വനിത ജയിലില്‍ നിന്നാണ് സരിതയെയും കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്നാണ് ബിജു രാധാകൃഷ്ണനെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്. കാഞ്ഞങ്ങാട്ടെ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ഇരുവരെയും നാളെ രാവിലെ 11 മണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഇരുവര്‍ക്കും പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ എം വി ഷൈലജ രാവിലെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. 

ആദ്യം സരിതയെയാണ് വാഹനത്തില്‍ നിന്നിറക്കി കോടതിയിലേക്ക് കൊണ്ടുപോയത്. അല്പം കഴിഞ്ഞ് മറ്റൊരു വാഹനത്തില്‍ നിന്ന് ബിജുരാധാകൃഷ്ണനെയും പോലീസ് ഇറക്കി കോടതിയിലെത്തിച്ചു. ബിജുരാധാകൃഷ്ണനെ മാധ്യമപ്രവര്‍ത്തകര്‍ വളയുകയും മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കാന്‍ കണ്ണൂര്‍ കോടതിയോട് അപേക്ഷിച്ചിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് ബിജുരാധാകൃഷ്ണന്‍ പോലീസുകാരോടൊപ്പം കോടതിയിലേക്ക് നീങ്ങി. ഏറെ പണിപ്പെട്ടാണ് ഇരുവരെയും കോടതി മുറിയിലേക്ക് കൊണ്ടുപോയത്. 

പതിവിന് വിപരീതമായി പോലീസ് വാഹനങ്ങള്‍ കോടതി ഓഫീസിനടുത്ത് തന്നെ പാര്‍ക്ക് ചെയ്തു. സരിതയെയും ബിജുവിനെയും കാണാന്‍ ഉച്ച മുതലേ കോടതിയിലേക്ക് ജനം ഇരച്ചുകയറിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി തമ്പാന്‍, എസ്‌ഐ ഇ വി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിത പോലീസുകാര്‍ ഉള്‍പ്പെടെ വന്‍ പോലീസ് വ്യൂഹത്തെ സുരക്ഷാ ക്രമീകരണത്തിന് സജ്ജരാക്കിയിരുന്നു. വാഹനത്തില്‍ കോടതി വളപ്പില്‍ എത്തിച്ച ഇരുവരെയും പുറത്തിറക്കിയതോടെ ജനം ആകാംക്ഷാ ഭരിതരായി. 

കേരളത്തിലെ മുഴുവന്‍ സോളാര്‍ തട്ടിപ്പ് കേസുകളും അന്വഷിക്കുന്ന തിരുവനന്തപുരം സൗത്ത് സോണ്‍ എഡിജിപിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിലെ അംഗവും കാഞ്ഞങ്ങാട്ടെ തട്ടിപ്പ് കേസ് അന്വഷണസംഘ തലവനുമായ തളിപ്പറമ്പ് ഡിവൈഎസ്പി കെ എസ് സുദര്‍ശനനും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി തമ്പാന്‍, എസ്‌ഐ ഇ വി സുധാകരന്‍ എന്നിവരും രാവിലെ പത്തര മണിയോടെ ഹൊസ്ദുര്‍ഗ് കോടതിയിലെത്തുകയും അസി.പബ്ലിക് പ്രോസിക്യൂട്ടറുമായി കേസിനെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.