Latest News

ബീഹാറില്‍ തീവണ്ടി ഇടിച്ചു കയറി: മരണം മുപ്പത്തിയേഴ് ആയി

ഖഗാരിയ(ബിഹാര്‍): ബിഹാറിലെ ഖഗാരിയ ജില്ലയില്‍ റെയില്‍പാളം മുറിച്ചു കടക്കുകയായിരുന്ന
തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ എക്‌സ്പ്രസ് തീവണ്ടിക്കടിയില്‍ പെട്ട് 37 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ പട്‌നയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ധമാരഘട്ട് സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 9.10 നായിരുന്നു അപകടം. സഹര്‍ഷയില്‍ നിന്ന് പട്‌നയിലേക്കു പോകുകയായിരുന്ന രാജ്യറാണി എക്‌സ്പ്രസാണ് തീര്‍ത്ഥാടകര്‍ക്കു മേല്‍ വന്നുകയറിയത്.

അപകടം നടക്കുമ്പോള്‍ മണിക്കൂറില്‍ 80 കിലോമീറ്ററിലായിരുന്നു വണ്ടിയോടിയിരുന്നത്. സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 30 പേര്‍ സ്ത്രീകളും നാലു പേര്‍ കുട്ടികളുമാണ്. 27 പേര്‍ മരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് പര്‍വേസ് ആലം സ്ഥിരീകരിച്ചു. ഇതില്‍ 22 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തീര്‍ത്ഥാടന കേന്ദ്രമായ കത്യാനിസ്താനിലെ ശിവക്ഷേത്രത്തില്‍ പൂജ നടത്താനെത്തിയ തീര്‍ത്ഥാടകരാണ് മരിച്ചവര്‍. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ശ്രാവണ മാസത്തിലെ (ജൂലൈ-ഓഗസ്റ്റ്) അവസാനത്തെ തിങ്കളാഴ്ചയായതിനാല്‍ പതിവില്‍ കൂടുതല്‍ വിശ്വാസികളാണ് പൂജക്കെത്തിയിരുന്നത്.

സമാസ്തിപൂര്‍-സഹര്‍ഷ പാസഞ്ചര്‍ തീവണ്ടിയില്‍ നിന്ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലിറങ്ങിയ തീര്‍ത്ഥാടകര്‍, പാളം മുറിച്ചുകടന്ന് പുറത്തുകടക്കാന്‍ ശ്രമിക്കവെയായിരുന്നു അപകടം. മൂന്ന് ട്രാക്കുകളുള്ള സ്റ്റേഷനില്‍ ഒന്നാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്‌ഫോമുകളില്‍ തീവണ്ടികള്‍ നിര്‍ത്തിയിട്ടിരുന്നു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലൂടെ നിശ്ചിത സമയത്തിനും ഒരു മണിക്കൂര്‍ വൈകിയായിരുന്നു രാജ്യറാണിയെത്തിയത്.

അപകട ശേഷം സ്റ്റേഷനില്‍ നിന്ന് ഏതാനും മീറ്ററകലെ നിര്‍ത്തിയ തീവണ്ടിയുടെ ആറ് ബോഗികള്‍ക്ക് ജനം തീയിട്ടു. മാരകായുധങ്ങള്‍ കൊണ്ട് ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. അപകടമുണ്ടായ ഉടനെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ജീവന്‍ ഭയന്ന് ഓടിയൊളിച്ചു.

ജനരോഷത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹം കിടന്നിരുന്ന പാളത്തിലേക്ക് എത്താനായില്ല. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ട്രയിന്‍ സ്റ്റേഷനിലെത്തിയത്. ഇതുവഴിയുള്ള തീവണ്ടി സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.

മരിച്ചവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള പൊലീസ് എ.ഡി.ജി എസ്.കെ ഭരദ്വാജ് പറഞ്ഞു. ധരംഘട്ടില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ സ്റ്റേഷനിലൂടെ കടന്നു പോകാന്‍ രാജ്യറാണിക്ക് സിഗ്നല്‍ നല്‍കിയിരുന്നതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ കുമാര്‍ പറഞ്ഞു. വണ്ടി നിര്‍ത്താനായി ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കുകള്‍ ഉപയോഗിച്ചെങ്കിലും ഫലവത്തായില്ല. സംഭവത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്-അദ്ദേഹം വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബത്തിന് ഒന്നരലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ നല്‍കും. പ്രദേശത്തേക്ക് റെയില്‍വഴിയല്ലാതെയുള്ള ഗതാഗത ബന്ധങ്ങള്‍ ദുഷ്‌കരമായതിനാല്‍ അടിയന്തര സഹായത്തിന് കാലതാമസം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നഷ്ടപരിഹാരത്തിന് റെയില്‍വേയോട് അഭ്യര്‍ത്ഥിക്കുമെന്നും നിതീഷ് വ്യക്തമാക്കി.
ദുരന്തത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടുക്കം പ്രകടിപ്പിച്ചു. ജനങ്ങളോട് ശാന്തരായിരിക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bhihar, Train Accident,Obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.